X

സ്വര്‍ണക്കടത്തിന് ടെലഗ്രാമില്‍ ഗ്രൂപ്പ്, പേര് ‘സി.പി.എം കമ്മിറ്റി’; സരിത്തിന്റെ മൊഴി പുറത്ത്

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ തടവില്‍ കഴിയുന്ന യുഎഇ കോണ്‍സുലേറ്റ് മുന്‍ പിആര്‍ഒ സരിതിന്റെ മൊഴി പുറത്ത്. സ്വര്‍ണക്കടത്തിനായി സോഷ്യല്‍മിഡീയ ഉപയോഗപ്പെടുത്തിയെന്നും ‘സി.പി.എം കമ്മിറ്റി’ എന്ന പേരില്‍ ടെലഗ്രാം ഗ്രൂപ്പുണ്ടാക്കിയിരുന്നുവെന്നുമാണ് സരിത്ത് എന്‍ഫോഴ്സ്മെന്റിന് മൊഴി നല്‍കിയത്.

കള്ളക്കടത്തിന് വേണ്ടി ടെലിഗ്രാം വഴി സന്ദീപ് നായരാണ് ഗ്രൂപ്പുണ്ടാക്കിയത്. തന്നെയും സ്വപ്നയെയും ഗ്രൂപ്പില്‍ ചേര്‍ത്തു. ഫൈസല്‍ ഫരീദുമായി നേരിട്ട് ബന്ധം റമീസിനായിരുന്നു. തനിക്ക് ഫൈസല്‍ ഫരീദിനെ നേരിട്ട് അറിയില്ലെന്നും സരിത്തിന്റെ മൊഴിയില്‍ പറയുന്നു.

അതേസമയം കേസില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്യാനുള്ള സാധ്യത മുന്നില്‍കണ്ട് മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറി എം ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി. ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഇന്ന് ഉച്ചയ്ക്ക് കോടതി പരിഗണിക്കും. അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിക്കുമെന്നും ഒളിവില്‍ പോകില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ആരോഗ്യ സ്ഥിതി കൂടി കണക്കിലെടുത്ത് മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നാണ് അപേക്ഷ.

വടക്കാഞ്ചേരി ഫ്‌ളാറ്റ് നിര്‍മാണ പദ്ധതി തന്റെ ആശയമായിരുന്നുവെന്ന ശിവശങ്കറിന്റെ മൊഴിയും പുറത്തുവന്നിരുന്നു. യുഎഇ കോണ്‍സുലേറ്റുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് മിനിസ്റ്റ് ഉണ്ടായിരുന്നില്ലെന്നും ശിവശങ്കര്‍ എന്‍ഫോഴ്‌സ്‌മെന്റിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

chandrika: