കോഴിക്കോട്: ഏഴരപ്പതിറ്റാണ്ടിന്റെ അഭിമാനം എന്ന പ്രമേയത്തില്‍ നടന്ന മുസ്‌ലിംലീഗ് അംഗത്വ കാമ്പയിന്റെ ഭാഗമായ പഞ്ചായത്ത് കമ്മിറ്റികളുടെ രൂപീകരണം ഇന്ന് മുതല്‍. വാര്‍ഡ്/ ശാഖാ കമ്മിറ്റികള്‍ രൂപീകരിക്കാനുള്ള കാലാവധി ഇന്നലെ അവസാനിച്ചതോടെയാണ് പഞ്ചായത്ത്/ മുനിസിപ്പല്‍/ മേഖല കമ്മിറ്റി രൂപീകരണത്തിലേക്ക് കടക്കുന്നത്. സംസ്ഥാനത്തെ ആദ്യത്തെ പഞ്ചായത്ത് കമ്മിറ്റി ഇന്ന് കോഴിക്കോട് ജില്ലയിലെ നാദാപുരം നിയോജക മണ്ഡലത്തിലെ മരുതോങ്കര പഞ്ചായത്തില്‍ രാവിലെ 10 മണിക്ക് രൂപീകരിക്കും. പഞ്ചായത്ത് മുസ്‌ലിംലീഗ് കൗണ്‍സില്‍ മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി എം എ സലാം ഉദ്ഘാടനം ചെയ്യും. അടുക്കത്ത് വെനീസിയ ഓഡിറ്റോറിയത്തിലാണ് യോഗം.
മുസ്‌ലിംലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറി സി.കെ സുബൈര്‍, ജില്ലാ ജനറല്‍ സെക്രട്ടറി എം.എ റസാഖ് മാസ്റ്റര്‍, വനിതാലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി കുല്‍സു തുടങ്ങിയവര്‍ സംബന്ധിക്കും. എല്ലാ വാര്‍ഡ്/ ശാഖകളിലും സമവായത്തിലൂടെയാണ് പഞ്ചായത്തില്‍ കമ്മിറ്റി രൂപീകരണം പൂര്‍ത്തിയായത്. പഞ്ചായത്തിലേക്ക് നിയോഗിക്കപ്പെട്ട നിരീക്ഷകന്‍ സി.കെ നാസര്‍, മണ്ഡലം നിരീക്ഷകന്‍ പി അമ്മദ് മാസ്റ്റര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പഞ്ചായത്തിലെ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയത്. മണ്ഡലം പ്രസിഡണ്ട് സൂപ്പി നരിക്കാട്ടേരി, ജനറല്‍ സെക്രട്ടറി എന്‍.കെ മൂസ്സ മാസ്റ്റര്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് കാമ്പയിന്‍ പൂര്‍ത്തീകരിച്ചത്. വാര്‍ഡ്/ ശാഖാ കമ്മിറ്റി രൂപീകരണം പൂര്‍ത്തിയാക്കിയ ഘടകങ്ങള്‍ ഉടനെ തന്നെ വിവരങ്ങള്‍ ആപ്ലിക്കേഷനില്‍ അപ്‌ലോഡ് ചെയ്യണം.
ജനുവരി 15 വരെയാണ് പഞ്ചായത്ത്/ മുനിസിപ്പല്‍/ മേഖല കമ്മിറ്റികള്‍ രൂപീകരിക്കാനുള്ള സമയ പരിധി. കാലാവധിക്ക് മുമ്പ് തന്നെ കമ്മിറ്റി രൂപീകരണം പൂര്‍ത്തിയാക്കി വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി എം എ സലാം അഭ്യര്‍ത്ഥിച്ചു.