X

വിസ്മൃതിയിലേറി നാടന്‍പൂക്കള്‍

നൗഷാദ് അണിയാരം
പാനൂര്‍ (കണ്ണൂര്‍)

ഗതകാല സ്മൃതിയുണര്‍ത്തും ഓണക്കാലത്ത് പഴമയേറും കാഴ്ചകള്‍ അകലുന്നു. പൂക്കളമൊരുക്കാന്‍ മറുനാടന്‍ പൂക്കള്‍ സ്വാധീനമുറപ്പിക്കുന്ന കാലത്തു വിസ്മൃതിയിലേക്ക് നീങ്ങുകയാണ് നാടന്‍പൂക്കള്‍. ഓണം വന്നാല്‍ കൊട്ടയുമായി തൊടിയിലും വയലുകളിലും പൂപറിക്കാന്‍ ഇറങ്ങിയ ബാല്യമുണ്ടായിരുന്നു ഇന്നലെവരെ. പറമ്പുകളിലും പാടങ്ങളിലും സുലഭമായിരുന്നു കണ്ണാന്തള്ളിയും തുമ്പയും അരിപ്പൂവും കാക്കപൂവും വരെയുള്ള നാട്ടുപൂക്കള്‍. കാലഗതിക്കനുസരിച്ച് കൈവിട്ടുപോയതാണ് തൊടിയിലെ പൂക്കളിറുത്ത് പൂക്കളമൊരുക്കിയ ഇന്നലെകളും.

ഓര്‍മയില്‍ തെളിഞ്ഞുനില്‍ക്കും കണ്ണാന്തള്ളിയും നെല്ലിന്‍തോളില്‍ കൈവെച്ച് നിരന്ന നെല്ലിപ്പൂക്കളും ഇത്തിരിപ്പൊന്നായി മുക്കുറ്റി ചാര്‍ത്തിയ മുക്കുറ്റിപ്പൂക്കളും കൊച്ചരിപ്പല്ല് വിടര്‍ത്തി ചിരിച്ച് നില്‍ക്കും അരിപ്പൂക്കളും കാക്കപ്പൂക്കളും കാണാമറയത്താണിന്ന്. കരിവീരകങ്ങളും കുങ്കുമപൂക്കളും കൃഷ്ണ കീരീടവും കൊളാമ്പിപൂക്കളും പേക്കോടയും തുമ്പപ്പൂക്കളും ഗ്രാമീണതയുടെ തുടിപ്പായിരുന്നു.സാധാരണക്കാരന്റെ മണ്ണില്‍ വിരിഞ്ഞ പൂക്കളുടെ നിറഭംഗിയിലായിരുന്നു ഓരോ ഓണവും. പേരറിയാത്ത വയല്‍പ്പൂക്കളും വേലിപ്പരത്തികളും കാട്ടുപൂക്കളും നിറഞ്ഞ് നിന്ന ജൈവവൈവിധ്യമേകും പുറംവേലികളും അപ്രത്യക്ഷമായിരിക്കുന്നു.വിലയേറിയ ഓര്‍ക്കിഡുകളിലും നഴ്‌സറിപ്പൂന്തോട്ടങ്ങളിലും ഒതുങ്ങുകയാണ് ഗൃഹാങ്കണത്തിലെ അലങ്കാരം.

ഫ്‌ളാറ്റുകളില്‍ താമസം തുടങ്ങിയതോടെ പുതുബാല്യത്തിന് പൂക്കളും പുഴകളുമായി ചങ്ങാത്തം കുറയുകയാണ്. കാര്‍ഷിക സംസ്‌കൃതിയില്‍ നിന്നും അകന്ന കാലത്ത് വീണ്ടെടുപ്പിനുള്ള ചിന്തകള്‍ക്കിടയിലും നാടുനീങ്ങിയ നാട്ടുപൂക്കളും ശീലങ്ങളും തിരിച്ചെടുക്കാനാകില്ലെന്ന ബോധ്യത്തോടെയാണ് മലയാളി ഓണം ആഘോഷിക്കാനൊരുങ്ങുന്നത്. ഓണമെത്തുമ്പോള്‍ മറുനാടുകളില്‍ നിന്ന് വരുന്ന പൂക്കള്‍ വലിയ വില കൊടുത്തുവാങ്ങി പുതിയതലമുറ പൂക്കളമൊരുക്കുമ്പോള്‍ അന്യമാകുന്നത് നാട്ടുവഴികളില്‍ നാടന്‍പൂക്കളുടെ വൈവിധ്യം കൊണ്ട് നിറഞ്ഞുനിന്ന ഗൃഹാതുരത്വത്തിന്റെ നല്ല ഓര്‍മകളാണ്.

Test User: