സ്റ്റേഷനില്‍ നിര്‍ത്താന്‍ മറന്നതിനെ തുടര്‍ന്ന് ആലപ്പുഴയില്‍ ട്രെയിന്‍ പിന്നിലേക്കെടുത്ത് ലോക്കോ പൈലറ്റ്. ആലപ്പുഴയിലെ ചെറിയനാട് എന്ന സ്റ്റേഷനില്‍ നിര്‍ത്താതെ പോയ വേണാട് എക്‌സ്പ്രസാണ് പിന്നിലേക്ക്് എടുത്തത്. ഏതാണ്ട് 700 മീറ്ററോളം ദൂരം പിന്നിലേക്കോടി ട്രെയിന്‍ സ്‌റ്റേഷനില്‍ കാത്തുനിന്ന ആളുകളെ കയറ്റി യാത്ര തുടര്‍ന്നു. ഇന്ത്യ ടുഡേ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ഇന്ന്, തിങ്കളാഴ്ച രാവിലെ 7:45 ഓടെയായിരുന്നു സംഭവം. മാവേലിക്കര ചെങ്ങന്നൂര്‍ സ്‌റ്റേഷനുകള്‍ക്കിടയിലുള്ള ചെറിയ സ്‌റ്റേഷനാണ് ചെറിയനാട്. സ്‌റ്റേഷനില്‍ സിഗ്നല്‍ ഇല്ലായിരുന്നു എന്നാണ് വിവരം. ഇതു കൊണ്ടായിരിക്കാം ലോക്കോ പൈലറ്റിന് തെറ്റ് സംഭവിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.