അഷ്‌റഫ് തൈവളപ്പ്
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോറ്റെങ്കിലും അഭിമാനകരമായ സീസണ്‍ ആയിരുന്നു കേരള ബ്ലാസ്‌റ്റേഴ്‌സിന്. 2016ന് ശേഷം ടീം ആദ്യമായി ഫൈനല്‍ കളിച്ചു. മുന്‍ സീസണുകളില്‍ ടീമിന്റെ പ്രകടനം ദയനീയമായിരുന്നു. ഒട്ടും സജ്ജമല്ലാത്ത ഒരു ടീമിനെയാണ് ആരാധകര്‍ കളത്തില്‍ കണ്ടത്. ഈ നിലയില്‍ നിന്ന് എട്ടാം സീസണിലെത്തിയപ്പോള്‍ ടീമിനുണ്ടായത് വലിയ മാറ്റങ്ങള്‍. സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസിന്റെയും കോച്ച് ഇവാന്‍ വുകോമനോവിച്ചിന്റെയും തന്ത്രപരമായ നീക്കങ്ങള്‍ വലിയ മാറ്റങ്ങള്‍ വരുത്തി. തുടക്കത്തില്‍ ടീം പ്ലേഓഫിലെത്തുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ആദ്യജയത്തിനായി നാലു മത്സരങ്ങള്‍ കാത്തിരിക്കേണ്ടി വന്ന ടീം പൊരുതിക്കയറി പ്ലേഓഫിലും ഫൈനലിലുമെത്തി.
അവസാന മിനിറ്റില്‍ ഗോള്‍ വഴങ്ങിയതും, ഗോള്‍വഴങ്ങിയ ശേഷം ആത്മവിശ്വാസം നഷ്ടപ്പെട്ടതുമാണ് മൂന്നാം തവണയും ടീമിന് കിരീടം നഷ്ടമാക്കിയത്. സഹല്‍ അബ്ദുസമദിന്റെ അഭാവം കളത്തില്‍ പ്രകടമായി. ആദ്യ പകുതിയില്‍ കേരളത്തിന്റേത് മികച്ച പ്രകടനമായിരുന്നു, പാസിങിലും പന്തടക്കത്തിലും മികച്ചുനിന്നു. പക്ഷേ രണ്ടാം പകുതിയില്‍ ടീമിന്റെ ആക്രമണ തന്ത്രങ്ങള്‍ മാറി, ചില നിമിഷങ്ങളില്‍ നിരാശപ്പെടുത്തി. ഗോവയിലെ കടുത്ത ചൂടും താരങ്ങളെ തളര്‍ത്തി. പകര താരങ്ങളെ ഉപയോഗിച്ചുള്ള ഇവാന്റെ തന്ത്രവും പാളി. മത്സരം എങ്ങനെയെങ്കിലും ഷൂട്ടൗട്ടിലേക്ക് നീട്ടിയെടുക്കണമെന്ന രീതിയിലാണ് ഹൈദരാബാദ് കളിച്ചത്. അതില്‍ അവര്‍ വിജയിച്ചു. അധികസമയം കഴിഞ്ഞപ്പോള്‍ താരങ്ങളും പരിശീലകനും ഏറെ ആത്മവിശ്വാസത്തിലായിരുന്നു. ജയിച്ചുവെന്ന രീതിയിലുള്ള അവരുടെ മനോഭാവം തന്നെ അവരുടെ ഒരുക്കവും തന്ത്രവും വെളിപ്പെടുത്തി. മറുഭാഗത്ത് ബ്ലാസ്‌റ്റേഴ്‌സ് പരാജിതരെപ്പോലെയാണ് ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ആദ്യകിക്ക് നഷ്ടപ്പെടുത്തിയപ്പോള്‍ അത് കൂടുതല്‍ പ്രകടമായി. പരിക്ക് കാരണം ജോര്‍ജ് ഡയസിനെയും അല്‍വാരോ വാസ്‌കസിനെയും പിന്‍വലിച്ചതും ബ്ലാസ്‌റ്റേഴ്‌സിന് ക്ഷീണമായി.
ആദ്യഷൂട്ട് നഷ്ടപ്പെടുത്തിയ ലെസ്‌കോവിച്ച് പരിശീലനത്തില്‍ മികവുകാട്ടിയിരുന്ന ആളാണെന്ന് വുകോമനോവിച്ച് പറയുന്നു. പക്ഷേ കട്ടിമണിയെ പരാജയപ്പെടുത്താന്‍ അതുമതിയായില്ല. വിദേശ താരങ്ങളുടെ അഭാവത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് തന്നെ തുടര്‍ന്നുള്ള കിക്കുകള്‍ എടുക്കേണ്ടി വന്നു. നിഷു കുമാറും, ജീക്ക്‌സണ്‍ സിങും നിരാശപ്പെടുത്തി. ആയുഷ് അധികാരി മാത്രം ലക്ഷ്യം കണ്ടു. ലൂണ ആയിരുന്നു അഞ്ചാമനായി കിക്കെടുക്കേണ്ടിയിരുന്നത്. അതിനുമുമ്പേ ഹൈദരാബാദ് ജയിച്ചു. ഹൈദാരാബാദ് നിരയില്‍ ആദ്യ മൂന്ന് കിക്കുകളുമെടുത്തത് വിദേശ താരങ്ങളായിരുന്നു. സിവേറിയോക്ക് മാത്രമാണ് പിഴച്ചത്.
ഈ സീസണില്‍ ഞങ്ങള്‍ക്കഭിമാനിക്കാന്‍ ധാരാളമുണ്ട്. ഞങ്ങള്‍ക്ക് ലഭിച്ച പിന്തുണയില്‍ നിന്നും പുഞ്ചിരിയില്‍ നിന്നും മറ്റാരും പ്രതീക്ഷിക്കാത്തതു ഞങ്ങള്‍ നേടി. അതില്‍ സന്തോഷമുണ്ട്-പരാജയത്തിന് ശേഷം കോച്ചിന്റെ വാക്കുകള്‍. തോറ്റെങ്കിലും ആരാധകര്‍ ടീമിനെ പഴിക്കുന്നില്ല. അവര്‍ ആഗ്രഹിച്ച ഒരു ടീമിനെയാണ് സീസണിലുടനീളം കണ്ടത്. ലൂന-വാസ്‌കസ്-ഡയസ് സഖ്യം മികച്ചുനിന്നു. പ്രതിരോധത്തില്‍ ലെസ്‌കോവിച്ച് തിളങ്ങി. സഹല്‍ അബ്ദുള്‍ സമദ്, കെ.പി രാഹുല്‍, ആയുഷ് അധികാരി, പ്യൂട്ടിയ, ഹോര്‍മിപാം തുടങ്ങിയ യുവ ഇന്ത്യന്‍ താരങളുടെ മിന്നുന്ന പ്രകടനത്തിനും സീസണ്‍ സാക്ഷ്യം വഹിച്ചു. താണ്ടാന്‍ ദൂരമിനിയുമേറെയുണ്ട്, ഈ ടീമിനെ നിലനിര്‍ത്തി പോരാട്ടം തുടരുകയാണ് വേണ്ടത്.