കാസര്‍കോട് കരിന്തളം കോളജില്‍ വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയ എസ്എഫ്‌ഐ നേതാവ് കെ.വിദ്യ ജോലിയില്‍ തുടരാന്‍ കഴിഞ്ഞമാസവും വ്യാജരേഖ നല്‍കി. അഭിമുഖത്തില്‍ 5ാം സ്ഥാനത്തായതിനാല്‍ നിയമനം ലഭിച്ചില്ല.
വിദ്യയുടെ പിഎച്ച്.ഡി പ്രവേശനത്തില്‍ കാലടി സര്‍വകാശാല അന്വേഷണം പ്രഖ്യാപിച്ചു. സമഗ്ര അന്വേഷത്തിനാണ് വൈസ് ചാന്‍സലറുടെ ഉത്തരവ്. വ്യാജരേഖ വിവാദത്തില്‍ വിദ്യക്കെതിരെ അട്ടപ്പാടി സര്‍ക്കാര്‍ കോളജ് പ്രിന്‍സിപ്പല്‍ പൊലീസില്‍ പരാതി നല്‍കി. ഈമാസം 2ന് അഭിമുഖത്തിനെത്തിയ വിദ്യ ഹാജരാക്കിയ രേഖ വ്യാജമെന്ന് പ്രിന്‍സിപ്പല്‍ ലാലിമോള്‍ വര്‍ഗീസ് അഗളി പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. ഇതോടെ എറണാകുളം സെന്‍ട്രല്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിലെ രേഖകളും എഫ്‌ഐആറും അഗളി പൊലീസിന് കൈമാറി.
അട്ടപ്പാടി ഗവണ്‍മെന്റ് കോളജ് അഗളി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആയതിനാല്‍ ആണ് നടപടി. അന്വേഷണം എവിടെ നടത്തണം എന്നതില്‍ തീരുമാനമെടുക്കാന്‍ പൊലീസ് വൈകിയത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. കെ.വിദ്യ എറണാകുളം മഹാരാജാസ് കോളജില്‍ ആസ്പയര്‍ ഫെലോഷിപ്പിന്റെ ഭാഗമായി ചെയ്ത പ്രോജക്ട് സര്‍ട്ടിഫിക്കറ്റിലെ ഒപ്പും സീലും അടക്കമുള്ളവ ഉപയോഗിച്ച് വ്യാജ രേഖ നിര്‍മിച്ചു എന്നാണ് പ്രാഥമിക നിഗമനം. ഫെലോഷിപ്പ് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും അട്ടപ്പാടി കോളജില്‍നിന്ന് മഹാരാജാസിലേക്ക് അയച്ച വ്യാജരേഖയുടെ പകര്‍പ്പും സെന്‍ട്രല്‍ പോലീസ് ശേഖരിച്ചിരുന്നു. ഈ രേഖകള്‍ അടക്കമാണ് ഫയല്‍ അഗളി പൊലീസിന് കൈമാറുന്നത്.