X

നിഖില്‍ തോമസിന്റെ കലിംഗ യൂണിവേഴ്സിറ്റിയുടെ സര്‍ട്ടിഫിക്കറ്റ് വ്യാജം; കലിംഗ വിസി പൊലീസിന് മൊഴി നല്‍കി

എസ്.എഫ്.ഐ നേതാവ് തോമസിന്റെ കലിംഗ യൂണിവേഴ്‌സിറ്റിയുടെ സര്‍ട്ടിഫിക്കറ്റ് വ്യാജം. കലിംഗ യൂണിവേഴ്‌സിറ്റി വിസി ഇത് സംബന്ധിച്ച് പൊലീസിന് മൊഴി നല്‍കി. കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊലീസ് വിവരങ്ങള്‍ തേടിയിട്ടുണ്ട്. കായംകുളം ഡി.വൈ.എസ്.പി അജയ് നാഥിന്റെ നേതൃത്വത്തിന്റെ സംഘമാണ് വിവരങ്ങള്‍ തേടിയത്. ഡി.വൈ.എസ്.പി കേരള സര്‍വകലാശാലയില്‍ നേരിട്ടെത്തിയാണ് വിവരങ്ങള്‍ നേടിയത്.

കായംകുളം എം.എസ്.എം കോളേജില്‍ എം.കോമിന് പ്രവേശനം നേടാനായി നിഖില്‍ തോമസ് ഹാജരാക്കിയ ഛത്തീസ്ഗണ്ഡിലെ കലിംഗ് സര്‍വകലാശാല രേഖകള്‍ വ്യാജമാണെന്ന് കേരള സര്‍വകലാശാല വൈസ് ചാന്‍സിലറും കലിംഗ സര്‍വകലാശാല രജിസ്ട്രാറും സ്ഥിരീകരിച്ചിരുന്നു. ബി.കോം പാസാകാതെയാണ് നിഖില്‍ എം.എസ്.എം കോളേജില്‍ ഉപരിപഠനത്തിന് ചേര്‍ന്നത്.

നിഖില്‍ തോമസ് ഇപ്പോഴും ഒളിവില്‍ തുടരുകയാണ്. നിഖില്‍ തോമസിനെ കണ്ടെത്താനുള്ള അന്വേഷണത്തിനായി എട്ടംഗ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. പൊലീസ് അന്വേഷണം പ്രകാരം അവസാനമായി നിഖില്‍ തോമസിന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കാണിച്ചത് തിങ്കള്‍ ഉച്ചയ്ക്ക് തിരുവനന്തപുരത്താണ്. കോളേജ് നിയോഗിച്ച ആറംഗ അന്വേഷണ സമിതി റിപ്പോര്‍ട്ട് ഇന്ന് സര്‍വ്വകലാശാല വിസിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും കൈമാറും.

അതേസമയം, വ്യാജ രേഖ വിവാദത്തില്‍ നിഖില്‍ തോമസിനെ പുറത്താക്കിയെങ്കിലും തുടര്‍ നടപടിക്കൊരുങ്ങുകയാണ് എസ്.എഫ്.ഐ. നിഖിലിനെ വ്യാജരേഖയുണ്ടാക്കാന്‍ സഹായിച്ചവര്‍ക്ക് എതിരെയും നടപടിയെടുക്കാനാണ് നേതൃത്വത്തിന്റെ നീക്കം. കര്‍ശന നടപടിക്ക് സി.പി.എം നേതൃത്വം നിര്‍ദേശം നല്‍കിയിരുന്നു. സംഘടനയെ തെറ്റിദ്ധരിപ്പിച്ചതിനാണ് നിഖിലിനെതിരെ നടപടിയെന്നായിരുന്നു എസ്.എഫ്.ഐ വിശദീകരണം.

 

webdesk13: