കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സുപ്രീം കോടതി ഉത്തരവിട്ട നഷ്ടപരിഹാരത്തുക, വ്യാജ കോവിഡ് മരണ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് തട്ടിയെടുക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് ജസ്റ്റിസ് എം.ആര്‍ ഷാ.
ഇത്തരം തട്ടിപ്പ് നടത്താന്‍ സമൂഹത്തിന്റെ നീതിബോധം ഇത്രത്തോളം അധഃപതിച്ചോയെന്നും കോടതി ആരാഞ്ഞു. ഇത്തരം തട്ടിപ്പിന് ഉദ്യോഗസ്ഥര്‍ കൂടി പങ്കാളികള്‍ ആയിട്ടുണ്ടെങ്കില്‍ അത് സ്ഥിതി കൂടുതല്‍ വഷളാക്കിയിരിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു. നഷ്ടപരിഹാര പദ്ധതിയിലെ തട്ടിപ്പിനെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിടുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിനെ കൊണ്ട് അന്വേഷണം നടത്താനാണ് ഉദ്ദേശിക്കുന്നത് എന്നും ജസ്റ്റിസുമാരായ എം.ആര്‍ ഷാ, ബി.വി. നാഗരത്ന എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ അഭിപ്രായം കൂടി അറിഞ്ഞ ശേഷം വിശദമായ ഉത്തരവ് ഇറക്കുമെന്നും കോടതി വ്യക്തമാക്കി. കേന്ദ്രം ഇന്ന് സത്യവാങ്മൂലം ഫയല്‍ ചെയ്യും.
നഷ്ടപരിഹാരത്തുക തട്ടിയതിനെ കുറിച്ച് സംസ്ഥാന ലീഗല്‍ സര്‍വീസസ് അതോറിറ്റികളെ കൊണ്ട് അന്വേഷണം നടത്തിക്കണമെന്ന് കേരളത്തിനും ആന്ധ്രയ്ക്കും വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ആര്‍. ബസന്ത് ആവശ്യപ്പെട്ടു. ഇക്കാര്യം ഉത്തരവ് ഇറക്കുമ്പോള്‍ പരിഗണിക്കാമെന്ന് ബെഞ്ച് അറിയിച്ചു.