വന്യമൃഗങ്ങള്‍ കാടിറങ്ങുന്നതിനും മലയോരങ്ങളില്‍ നാശം വിതയ്ക്കുന്നതിനും പ്രധാന കാരണങ്ങളില്‍ ചിലത് കാടിനുള്ളിലെ വരള്‍ച്ചയും ഭക്ഷണക്ഷാമവും. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയിലെ രൂക്ഷമായ വരള്‍ച്ചയാണ് ഇത്തവണ അനുഭവപ്പെടുന്നത്. കാടിനുള്ളിലെ ജലസ്രോതസ്സുകളില്‍ പലതും വറ്റിയിട്ടുണ്ട്. വന്യ ജീവി സങ്കേതങ്ങള്‍ക്കുള്ളില്‍ ജല ലഭ്യത ഉറപ്പു വരുത്താനായി പരിശ്രമങ്ങള്‍ വേണ്ട വിധത്തില്‍ നടക്കുന്നുമില്ല.
സ്വാഭാവിക വനത്തിന്റെ തോത് ആശങ്കാജനകമായി കുറയുന്നത് ആനയുള്‍പ്പെടെയുള്ള ജീവികള്‍ കാടിറങ്ങുന്നതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. മഞ്ഞക്കൊന്ന, അരിപ്പൂ, അക്കേഷ്യ തുടങ്ങിയ സസ്യങ്ങള്‍ വ്യാപിക്കുകയും ആനകള്‍ക്ക് ഭക്ഷണത്തിനായി ആശ്രയിക്കുന്ന മുള ഉള്‍പ്പെടെയുള്ളവ കുറയുകയും ചെയ്തു. അതേസമയം വന്യമൃഗങ്ങള്‍ കാടിറങ്ങുന്നതിന് പിന്നില്‍ അനേകം കാരണങ്ങളുണ്ടെന്നും അതിലൊന്ന് മാത്രമാണ് വരള്‍ച്ചയെന്നും ഇതിനെ കുറിച്ച് പഠിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. ലവണാംശമുള്ള ഭക്ഷണം കഴിച്ചു തുടങ്ങുന്ന ആനകള്‍ ഇത് ശീലമാക്കുന്നതും കാടിന് വെളിയിലേക്കിറങ്ങുന്നതും കാണുന്നുണ്ട്. പുതിയ ഭക്ഷണങ്ങള്‍ തേടിയും ഇവ കാടിറങ്ങുന്നു. ചക്കയുള്‍പ്പെടെയുള്ള പഴങ്ങള്‍ തേടിയും ആനകള്‍ കാടിറങ്ങാറുണ്ട്.
അതേസമയം കേരളത്തിലെ കാടുകളില്‍ ആന, കടുവ, മാന്‍ എന്നീ മൃഗങ്ങളുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയതായി വനംകുപ്പിന്റെ കണക്കുകള്‍ പറയുന്നുണ്ട്. എണ്ണം പെരുകുന്നതിനാലാണ് ഇവ പുറത്തിറങ്ങി നാശം വിതക്കുന്നതെന്ന് കാടിനോട് ചേര്‍ന്ന് താമസിക്കുന്നവരും ചൂണ്ടിക്കാണിക്കുന്നു. നൂറു കണക്കിനാളുകളാണ് വന്യ മൃഗങ്ങളുടെ ആക്രമണത്തിനാല്‍ കൊല്ലപ്പെട്ടത്. കണ്ണൂര്‍ ജില്ലയിലെ ആറളം വന്യജീവ സങ്കേതത്തോട് ചേര്‍ന്ന് മാത്രം പതിനാറോളം പേരെ കാട്ടാന കൊല്ലുകയുണ്ടായി. സംസ്ഥാനത്ത് കടുവയുടെ ആക്രമണത്തിലും നിരവധി പേര്‍ കൊല്ലപ്പെട്ടു. എണ്ണം കൂടുമ്പോള്‍ കടുവകളില്‍ കരുത്തു കുറഞ്ഞവ കാടിനുള്ളില്‍ നിന്ന് പുറത്തിറങ്ങുന്നതിന് നിര്‍ബന്ധിതമാകുന്നു. ഇവ നാടിറങ്ങി വളര്‍ത്തു മൃഗങ്ങളെ പിടിച്ചു തിന്നുകയും മനുഷ്യനെ അക്രമിക്കുകയും ചെയ്യുന്നു.
വന്യജീവികള്‍ കാടിറങ്ങുന്നത് തടയാനായി സ്ഥാപിച്ച വൈദ്യുതി വേലികളുടെ സ്ഥിതി പലയിടങ്ങളിലും പരിതാപകരമാണ്. വൈദ്യുതി വേലികള്‍ കൃത്യമായി പരിപാലിക്കപ്പെടുന്നില്ല. മരക്കൊമ്പുകള്‍ വീണ് മറ്റും ഇവ സ്ഥാപിച്ച് അധിക കാലം കഴിയാതെ നശിച്ചു പോവുകയാണ്. ഇപ്പോള്‍ തന്നെ വലിയ ജോലി ഭാരമുള്ള തങ്ങള്‍ക്ക് വേലി സംരക്ഷണമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൂര്‍ണ്ണമായി ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. വനത്തോട് ചേര്‍ന്നുള്ള പ്രദേശത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തുന്നടങ്ങളില്‍ വേലി കൂറെ കൂടി സംരക്ഷിക്കപ്പെടുന്നുണ്ട്.
റിസര്‍വ് വനത്തിന് അടുത്തായി ജനങ്ങള്‍ കൂടുതലായി താമസിക്കുന്നയിടങ്ങളില്‍ മതിലുകള്‍ സ്ഥാപിക്കണമെന്ന ആവശ്യത്തോട് സര്‍ക്കാര്‍ അനുകൂലമായി പ്രതികരിക്കുന്നില്ല. റിസര്‍വ് വനത്തോട് ചേര്‍ന്ന പ്രദേശങ്ങളില്‍ മാത്രമല്ല അഞ്ച് പത്തും കിലോമീറ്റര്‍ അകലെ വരെ വന്യജീവികള്‍ എത്തി നാശം വിതക്കുന്നത് കേരളത്തില്‍ വ്യാപകമായിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ സര്‍ക്കാര്‍ കൃത്യമായി നടപ്പിലാക്കണമെന്നാണ് കര്‍ഷക സംഘടനകളും വന്യമൃഗങ്ങളുടെ ഭീഷണി ശക്തമായ മലയോരനിവാസികളും ഒരു പോലെ ആവശ്യപ്പെടുന്നത്.