X

അസമിൽ രണ്ട് മുസ്‍ലിം സഹോദരങ്ങളെ ഫോറസ്റ്റ് ഗാർഡ് വെടിവെച്ചു കൊന്നു

അസമില്‍ രണ്ട് മുസ്ലിം മത്സ്യത്തൊഴിലാളികളായ സഹോദരങ്ങളെ വെടിവെച്ച് കൊന്നു. വന്യ ജീവി സങ്കേതത്തില്‍ നിയമവിരുദ്ധമായി പ്രവേശിച്ചുവെന്നാരോപിച്ചാണ് അസമിലെ നാഗാവില്‍ മുസ്ലിം സഹോദരങ്ങളെ വനം വകുപ്പ് ഉദ്യോഗസ്ഥന്‍ വെടി വെച്ച് കൊന്നത്. നാഗോണ്‍ ജില്ലയിലെ ദിംഗ്ബാരി ചപരി ഗ്രാമത്തിലെ താമസക്കാരായ സമറുദ്ദീന്‍ (35), അബ്ദുള്‍ ജലീല്‍ (40) എന്നിവരാണ് കൊല്ലപ്പെട്ടത്.

പാരമ്പരാഗതമായി മീന്‍ പിടിച്ച് ഉപജീവനം നടത്തുന്ന ഇവര്‍ മറ്റു ഗ്രാമവാസികള്‍ക്കൊപ്പം അര്‍ധരാത്രിയോടെയാണ് സംരക്ഷിത മേഖലക്കടുത്ത രൗമാറി ബീല്‍ തണ്ണീര്‍ത്തടത്തില്‍ മീന്‍ പിടിക്കാനെത്തിയത്. ഇത് കണ്ടെത്തിയ പട്രോളിങ് സംഘം ഇവരെ വെടി വെച്ച് കൊല്ലുകയായിരുന്നു.

അജ്ഞാതരായ രണ്ട് പേര്‍ നിയമവിരുദ്ധ മത്സ്യബന്ധന പ്രവര്‍ത്തനത്തിനായി അര്‍ദ്ധരാത്രിയോടെ പ്രദേശത്ത് പ്രവേശിച്ചതായി കണ്ടതിനെ തുടര്‍ന്നാണ് വെടി വെച്ചതെന്നും സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണ് വെടിയുതിര്‍ത്തതെന്നും പൊലീസ് പറഞ്ഞു.

അതേസമയം, തദ്ദേശവാസികളുടെയും ആദിവാസി സമൂഹങ്ങളുടെയും കൂട്ടായ്മയായ കമ്മ്യൂണിറ്റി നെറ്റ്വര്‍ക്ക് എഗൈന്‍സ്റ്റ് പ്രൊട്ടക്റ്റഡ് ഏരിയാസ് (സി.എന്‍.എപി.എ) വ്യാജ ഏറ്റുമുട്ടലിനെ ശക്തമായി അപലപിച്ച് പ്രസ്താവനയിറക്കി. ‘ഇത്തരത്തിലുള്ള കൊലപാതകങ്ങള്‍ രാജ്യവ്യാപകമായി വനസമൂഹങ്ങള്‍ സഹിക്കുന്ന തുടര്‍ച്ചയായ പീഡനങ്ങളുടെയും നിര്‍ബന്ധിത കുടിയിറക്കലിന്റെയും ഉദാഹരണമാണ്. ദിംഗ്ബാരി ചപരി ഗ്രാമത്തിലുള്ളവര്‍ ഉള്‍പ്പെടെയുള്ള ഈ സമൂഹങ്ങള്‍ വന്യജീവികളുമായി സഹവര്‍ത്തിത്വം പുലര്‍ത്തിയാണ് ജീവിക്കുന്നത്.

അവരുടെ ഉപജീവനത്തിനും ആചാരങ്ങള്‍ക്കും വേണ്ടി വനത്തെ ആശ്രയിക്കുന്നു. സംരക്ഷണത്തിന്റെ പേരില്‍ അവരെ ക്രിമിനല്‍വല്‍ക്കരിക്കുകയും കുടിയൊഴിപ്പിക്കുകയും അവരുടെ ജീവിതത്തെ തടസ്സപ്പെടുത്തുകയും അവരുടെ അവകാശങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യുന്നു,’ സി.എന്‍.എപി.എ പറഞ്ഞു. ഇത്തരം നടപടികള്‍ വലിയ തരത്തിലുള്ള മനുഷ്യാവകാശലംഘനം കൂടിയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

webdesk13: