X

വനംവകുപ്പിലും അടിമപ്പണി; അന്വേഷിക്കാന്‍ മന്ത്രിയുടെ നിര്‍ദേശം

 

തിരുവനന്തപുരം: പൊലീസിനെ ദാസ്യപ്പണിക്ക് പിന്നാലെ വനംവകുപ്പിലും അടിമപ്പണിയെന്ന് പരാതി. ഇടുക്കി, കുമളി, പെരിയാര്‍ കടുവാ സങ്കേതത്തിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ വനംവകുപ്പ് ആസ്ഥാനത്ത് നിന്നും നിര്‍ദേശം. വര്‍ഷങ്ങളായി വനംവകുപ്പില്‍ നടന്നു വരുന്ന ദാസ്യപ്പണിയെ കുറിച്ച് ആദ്യമായാണ് പരാതി പുറത്തുവരുന്നത്.
ഓഫീസില്‍ നിയമിച്ച ദിവസവേതന ജീവനക്കാരിയെ വീട്ടുജോലിക്ക് ഉപയോഗിച്ചുവെന്നാണ് പരാതി. ദലിത് സ്ത്രീക്കുവേണ്ടി സമര്‍പ്പിച്ച പരാതിയില്‍ വിജിലന്‍സ് തെളിവെടുപ്പ് ആരം‘ിച്ചു. പെരിയാര്‍ കടുവാ സങ്കേതം ഈസ്റ്റ് ഡിവിഷന്‍ ഡപ്യൂട്ടി ഡയറക്ടര്‍ ശില്‍പാ വി കുമാര്‍ എന്ന ഐ.എഫ്.എസ് ഉദ്യോഗസ്ഥയ്‌ക്കെതിരെയാണ് പരാതി. ദിവസവേതനക്കാരെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ മുതലുള്ളവര്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കുകയാണ്. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സുകളില്‍ പാചകം നടത്തുന്നതും ബീറ്റുകളിലെ രാത്രികാല ഡ്യൂട്ടി നോക്കുന്നതും ദിവസവേതനക്കാരായ വാച്ചര്‍മാരാണ്. സെക്ഷനുകളില്‍ പലപ്പോഴും മൂന്നു ബീറ്റ് ഓഫീസര്‍മാരെങ്കിലും ഉണ്ടാകണമെന്നാണ് നിയമമെങ്കിലും ഇവര്‍ വാച്ചര്‍മാരെ ഏല്‍പ്പിച്ച് മുങ്ങുകയാണ് പതിവ്.
ജോലി പോകുമെന്ന പേടി കാരണം ഇവര്‍ പലപ്പോഴും പുറത്തു പറയാറില്ല. ഫീല്‍ഡ് ഡ്യൂട്ടിയുള്ള ഡെപ്യൂട്ടി റേഞ്ചര്‍മാര്‍ മുതല്‍ അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍മാര്‍ വരെയുള്ള ഉദ്യോഗസ്ഥരുടെ വസതികളിലെ ജോലികളും സര്‍ക്കാര്‍ ചെലവില്‍ ഇവരെകൊണ്ട് ചെയ്യിക്കുകയാണ്. ചെയ്യാന്‍ മടി കാണിക്കുന്നവരെ ജോലിയില്‍ നിന്നും ഒഴിവാക്കാറുമുണ്ടെന്ന് പരാതിയുണ്ട്. പെരിയാര്‍ കടുവാ സങ്കേതം ഈസ്റ്റ് ഡിവിഷനിലെ ഇക്കോ റേഞ്ചിനുകീഴില്‍ ഡിവിഷന്‍ ഓഫീസായ രാജീവ് ഗാന്ധി സെന്ററിലെ ദിവസ വേതന ജീവനക്കാരിയാണ് പരാതിക്കാരി. പരാതിക്കാരിയായ പഞ്ചവര്‍ണം എന്ന ദലിത് യുവതിക്കുവേണ്ടി പൊതുപ്രവര്‍ത്തകന്‍ സജിമോന്‍സലീമാണ് വനം വകുപ്പ് മന്ത്രി കെ രാജുവിനും, പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് പി.കെ കേശവനും പരാതി സമര്‍പ്പിച്ചത്. മന്ത്രിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കണ്‍സര്‍വേറ്റര്‍ അന്വേഷണം നടത്താന്‍ വകുപ്പ് വിജിലന്‍സിന് നിര്‍ദേശം നല്‍കിയത്.
ശില്‍പാ വി കുമാര്‍ വീട്ട് ജോലികള്‍ ചെയ്യിക്കുന്നതായും, വസ്ത്രങ്ങള്‍ കഴുകിക്കുന്നതായും, പലചരക്ക് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വാങ്ങാന്‍ വിടുന്നതായുമാണ് പഞ്ചവര്‍ണത്തിന്റെ പരാതി. പെരിയാര്‍ കടുവാ സങ്കേതത്തിന്റെ ഡപ്യൂട്ടി ഡയറക്ടറായി ചുമതലയേറ്റ അന്ന് മുതല്‍ തന്നെ വീട്ട് ജോലിചെയ്യിക്കുന്നതായും പരാതിയില്‍ പറയുന്നു. തന്റെയും വനംവകുപ്പില്‍ തന്നെ വാച്ചറായി ജോലി ചെയ്യുന്ന മകന്റെയും ജോലി നഷ്ടപ്പെടുമെന്ന് ‘യത്താലാണ് ഇതുവരെ പരാതി ഉന്നയിക്കാഞ്ഞതെന്നും ദലിത് സ്ത്രീയുടെ പരാതിയിലുണ്ട്.

chandrika: