കോഴിക്കോട്: കേരള വനംവകുപ്പിന്റെ സ്ഥിതി വിവര കണക്കുകളെക്കുറിച്ചുള്ള ആധികാരിക രേഖയായ ഫോറസ്റ്റ് സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോര്‍ട്ട് രണ്ട് വര്‍ഷമായി പ്രസിദ്ധീകരിച്ചില്ല. വനംവകുപ്പിന്റെ കണക്കുകളില്‍ പൊരുത്തക്കേടുണ്ടെന്നു സി.എ.ജി റിപ്പോര്‍ട്ടില്‍ അടക്കം ചൂണ്ടിക്കാണിച്ച സാഹചര്യത്തില്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാത്തതില്‍ ദുരൂഹതയുണ്ടെന്ന് ആക്ഷേപമുയരുന്നുണ്ട്.
2020, 21 വര്‍ഷങ്ങളിലെ റിപ്പോര്‍ട്ട് ആണ് പുറത്തു വിടാത്തത്.വന്യജീവി ആക്രമണങ്ങളില്‍ നിരവധി പേര്‍ മരിക്കുകയും പരിക്കേല്‍ക്കുകയും ചെയ്ത സാഹചര്യത്തില്‍ കണക്കുകള്‍ പുറത്തു വിടണമെന്ന് ആവശ്യമുയരുന്നുണ്ട്. വന്യജീവികളുണ്ടാക്കുന്ന കാര്‍ഷിക നാശനഷ്ടങ്ങളുടെ കണക്കുകള്‍ ശേഖരിക്കുന്നതില്‍ വനംവകുപ്പ് കൃത്യമായ ജാഗ്രത പുലര്‍ത്തുന്നില്ലെന്ന് കര്‍ഷക സംഘടനകള്‍ ആക്ഷേപമുയര്‍ത്തുന്നുണ്ട്. കൃത്യമായ ഡാറ്റകള്‍ ഇല്ലാതെയാണ് സുപ്രധാന വിഷയങ്ങളില്‍ വനംവകുപ്പ് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന് വിവരങ്ങള്‍ കൈമാറുന്നതെന്നും കര്‍ഷകര്‍ കുറ്റപ്പെടുത്തുന്നു. ഈ ജോലികള്‍ ചെയ്യേണ്ട കേരള വനഗവേഷണ കേന്ദ്രം ഈ വിഷയങ്ങളിലെന്നും വേണ്ടത്ര ഇടപെടല്‍ നടത്തുന്നില്ലെന്നും പരാതികള്‍ ഉയരുന്നു.
കാട്ടാന, കാട്ടുപന്നി തുടങ്ങിയ വന്യജീവികളുടെ ആക്രമണങ്ങളില്‍ വലിയ നഷ്ടമാണ് അടുത്ത കാലത്തായി കേരളത്തിലെ കര്‍ഷകര്‍ക്കുണ്ടായത്. ജീവന്‍ നാശത്തിനു പുറമെ കൃഷിനാശവും ഉണ്ടായിട്ടുണ്ട്. കാട്ടുപന്നി ശല്യം കാണം നിരവധി കര്‍ഷകര്‍ കൃഷി തന്നെ ഉപേക്ഷിക്കുകയുണ്ടായി.
ഈ സാഹചര്യത്തില്‍ കൃത്യമായ കണക്കുകള്‍ പുറത്തു വിടേണ്ടത് അത്യാന്താപേക്ഷിതമാണെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. കര്‍ഷകര്‍ ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ ന്യായമുണ്ടെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഉള്‍പ്പെടെയുള്ള സമിതികള്‍ക്ക് തോന്നണമെങ്കില്‍ വനംവകുപ്പ് കൃത്യമായി റിപ്പോര്‍ട്ട് നല്‍കേണ്ടതുണ്ട്.