ന്യൂഡല്‍ഹി: രാജസ്ഥാനും മരുഭൂമിയുമൊക്കെ കണ്ടാസ്വദിക്കാന്‍ ഇന്ത്യയില്‍ എത്തിയതാണ് വിദേശികളായ ടൂറിസ്റ്റുകള്‍. പെട്ടുപോയെന്ന് പറഞ്ഞാല്‍ മതിയല്ലോ. ഇന്ത്യ കണ്ട് കറങ്ങുന്നതിനിടെയിലാണ് ഇവിടെ കറന്‍സി പിന്‍വലിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങുന്നത്. രാജസ്ഥാനിലെ പുഷ്‌ക്കറില്‍ ഡല്‍ഹിക്ക് കയറാന്‍ വണ്ടിക്കൂലിയില്ലാതെ നില്‍ക്കുമ്പോഴാണ് പണമുണ്ടാക്കാന്‍ ഒരു ആശയം മനസ്സിലുദിക്കുന്നത്. പിന്നെയൊന്നും നോക്കിയില്ല. ഐഡിയ പുറത്തെടുത്ത് വണ്ടിക്കൂലിയുണ്ടാക്കി അവര്‍. ജെര്‍മനി, ഓസട്രേലിയ, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നെത്തിയ ടൂറിസ്റ്റുകളാണ് തെരുവ് പരിപാടികള്‍ സംഘടിപ്പിച്ച് വണ്ടിക്കൂലി തരപ്പെടുത്തിയത്.
കഴിഞ്ഞ ശനിയാഴ്ച്ചയായിരുന്നു സംഭവം. രാജസ്ഥാനിലെ പുഷ്‌ക്കറിലെ ബ്രഹ്മ അമ്പലത്തിനു മുന്നിലാണ് തെരുവ് പരിപാടികള്‍ അവതരിപ്പിച്ച് ഇവര്‍ വേറിട്ട കാഴ്ച്ചയായത്. പന്ത്രണ്ടുപേരടങ്ങുന്ന സംഘം തെരുവില്‍ അഭ്യാസങ്ങള്‍ നയിച്ച് കയ്യടിവാങ്ങി. കൂട്ടത്തില്‍ പണവും. കയ്യില്‍ ‘നിങ്ങള്‍ക്ക് സഹായിക്കാന്‍ കഴിയും’ എന്നെഴുതിയ പ്ലക്കാര്‍ഡുമായായിരുന്നു തെരുവ് പെര്‍ഫോമന്‍സ്. സംഘത്തിലെ ആണുങ്ങള്‍ സംഗീത ഉപകരണങ്ങള്‍കൊണ്ട് മേമ്പൊടി ചേര്‍ത്തപ്പോള്‍ സ്ത്രീകള്‍ വളയംകൊണ്ടുള്ള കായികാഭ്യാസങ്ങള്‍ കൊണ്ട് കാണികളെ കയ്യിലെടുത്തു.2600 രൂപ അവിടുന്ന് പിരിഞ്ഞു കിട്ടുകയും ചെയ്തു.
കയ്യിലുള്ള പണം എടിഎമ്മും ബാങ്കും വഴി പിന്‍വലിക്കാന്‍ കഴിഞ്ഞില്ല. ഇവിടുത്തെ പ്രാദേശികര്‍ തങ്ങള്‍ക്ക് സഹായം നല്‍കിയെന്ന് ജര്‍മ്മന്‍കാരനായ അഡ്ല്രിക് പറഞ്ഞു. കഴിഞ്ഞ എട്ടിനാണ് പുഷ്‌ക്കറിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ ഞങ്ങളെത്തുന്നത്. അന്ന് രാത്രിയാണ് ഇവിടെ കറന്‍സി നിരോധിച്ചുകൊണ്ടുള്ള പ്രഖ്യാപനം എത്തുന്നത്. പിന്നീട് ഭക്ഷണത്തിനും മറ്റു ആവശ്യങ്ങള്‍ക്കും ബുദ്ധിമുട്ടേണ്ടി വന്നുവെന്നും അവര്‍ പറയുന്നു. ഡല്‍ഹിയിലെത്താന്‍ മറ്റു വഴികളൊന്നും കയ്യിലുണ്ടായിരുന്നില്ല. തുടര്‍ന്നാണ് തെരുവ് പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചതെന്നും അവര്‍ പറഞ്ഞു.