ന്യൂയോര്‍ക്ക്: ബിസിനസ് വഴി വിദേശ ഭരണകൂടങ്ങളില്‍നിന്ന് കോടികള്‍ കൈപ്പറ്റിയ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ നിയമനടപടിക്ക് കളമൊരുങ്ങുന്നു. യു.എസ് കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ പാരിതോഷികങ്ങള്‍ സ്വീകരിക്കാന്‍ പാടില്ലെന്നത് ഭരണഘടനാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഡെമോക്രാറ്റുകളും സ്‌റ്റേറ്റ് അറ്റോര്‍ണി ജനറല്‍മാരും കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ്. ചില സ്വകാര്യ ബിസിനസ് ഗ്രൂപ്പുകളും ട്രംപിനെതിരെ രംഗത്തുണ്ട്. യു.എസ് കോണ്‍ഗ്രസിലെ 200ഓളം ഡെമോക്രാറ്റിക് അംഗങ്ങള്‍ ട്രംപിനെതിരായ നീക്കത്തിന് പിന്തുണ പ്രഖ്യാപിച്ചു.
ഒരു യു.എസ് പ്രസിഡന്റിനെതിരെ ആദ്യമായാണ് ഇത്രയേറെ കോണ്‍ഗ്രസ് അംഗങ്ങള്‍ നിയമനീക്കം നടത്തുന്നത്. ട്രംപിനെതിരെ കോടതിയെ സമീപിക്കുമെന്ന് മെരിലാന്‍ഡ്, കൊളംബിയ അറ്റോര്‍ണി ജനറല്‍മാര്‍ അറിയിച്ചു. ആരോപണം വൈറ്റ്ഹൗസ് നിഷേധിച്ചിട്ടുണ്ട്. അറ്റോര്‍ണി ജനറലുടെ നീക്കം രാഷ്ട്രീയ പക്ഷപാതിത്വമാണെന്ന് വൈറ്റ്ഹൗസ് വക്താവ് സീന്‍ സ്‌പൈസര്‍ പറഞ്ഞു. പ്രസിഡന്റായ ശേഷം വിദേശ ഭരണകൂടങ്ങളുമായി നടത്തിയ സാമ്പത്തിക ഇടപാടുകള്‍ക്ക് ട്രംപ് കോണ്‍ഗ്രസിന്റെ അനുമതി വാങ്ങിയിട്ടില്ലെന്ന് 30 സെനറ്റര്‍മാരും 166 കോണ്‍ഗ്രസ് അംഗങ്ങളും വ്യക്തമാക്കി. കുറഞ്ഞത് 25 രാജ്യങ്ങളില്‍ ട്രംപിന് ബിസിനസ് താല്‍പര്യങ്ങളുണ്ട്.
പ്രസിഡന്റ് പദവി ഉപയോഗിച്ച് ലാഭമുണ്ടാക്കുകയാണ് അദ്ദേഹമെന്ന് കോണ്‍ഗ്രസ് അംഗം ജോണ്‍ കോണ്‍വേസ് പറഞ്ഞു. ലോകവ്യാപകമായി ട്രംപിന് 500ലേറെ ബിസിനസ് സ്ഥാപനങ്ങളുണ്ട്. പ്രസിഡന്റായ ശേഷം മക്കളുടെ പേരിലുള്ള ഒരു ട്രസ്റ്റിന് ഇവയുടെ നിയന്ത്രണം വിട്ടുകൊടുത്തിരിക്കുകയാണ്.
- 8 years ago
chandrika
Categories:
Video Stories