X

നിപ ബാധിച്ച് കൂട്ടമരണം നടന്ന കുടുംബത്തിന് ജപ്തി ഭീഷണി; വാഗ്ദാനം സര്‍ക്കാര്‍ പാലിച്ചില്ല

പേരാമ്പ്ര: നിപ ബാധിച്ച് കൂട്ട മരണം അരങ്ങേറിയ കുടുംബത്തെ സര്‍ക്കാര്‍ വഞ്ചിച്ചതിനെ തുടര്‍ന്ന് ബാങ്കിന്റെ ജപ്തി ഭീഷണി. പേരാമ്പ്ര നിയോജക മണ്ഡലത്തിലെ സൂപ്പിക്കട വളച്ചുകെട്ടി മൂസ മുസ്‌ലിയാരുടെ കുടുംബമാണ് ജപ്തി ഭീഷണി നേരിടുന്നത്. നിപ ബാധിച്ച് മരിച്ച മകന്‍ സാലിഹ് ബംഗളൂരുവില്‍ സിവില്‍ എഞ്ചിനീയറിങ് പഠനത്തിനായി കേരള ഗ്രാമീണ്‍ ബാങ്കിന്റെ പന്തീരിക്കര ബ്രാഞ്ചില്‍നിന്ന് നാല് ലക്ഷം രൂപ വിദ്യാഭ്യാസ വായ്പ എടുത്തിരുന്നു. ഇത് പലിശ കയറി 12 ലക്ഷത്തില്‍ എത്തിയെന്നാണ് ബാങ്ക് അധികൃതരുടെ വാദം. ഇതോടെ ബാങ്ക് ജപ്തി നടപടികളിലേക്ക് കടക്കുകയായിരുന്നു. സാലിഹിന്റെ ബാങ്ക് വായ്പ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും ആശ്രിതര്‍ക്ക് ജോലി നല്‍കുമെന്നുമെല്ലാം സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഇതെല്ലാം ജലരേഖയായി. നിപ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പേരാമ്പ്ര സപ്പിക്കടയിലെ മൂസ മുസ്‌ലിയാരുടെ മകനാണ് സാലിഹ്. സാലിഹിനെ കൂടാതെ മൂസ മുസ്‌ലിയാരും മറ്റൊരു മകന്‍ സാബിത്തും സഹോദരന്റെ ഭാര്യ മറിയവും നിപ ബാധിച്ച് മരിച്ചിരുന്നു.

മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ ദയനീയത അന്നത്തെ എം.എല്‍.എ പാറക്കല്‍ അബദുല്ല സര്‍ക്കാറിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു. ഇതേ തുടര്‍ന്നാണ് ഇവരുടെ ബാധ്യതകള്‍ ഏറ്റെടുക്കുമെന്ന് മന്ത്രിമാര്‍ വാക്കു നല്‍കിയത്. ഈ വാക്കാണ് ഇപ്പോള്‍ പാലിക്കപ്പെടാതെ പോയത്. അടിയന്തര പ്രാധാന്യത്തോടെ പ്രശ്‌നം ഏറ്റെടുത്ത് എത്രയും പെട്ടെന്ന് ഇക്കാര്യത്തിന് പരിഹാരം കാണണമെന്ന് മൂസ മുസ്‌ലിയാരുടെ വീട് സന്ദര്‍ശിച്ച പാറക്കല്‍ അബ്ദുല്ല ആവശ്യപ്പെട്ടു. മുസ്‌ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എസ്.പി കുഞ്ഞമ്മദ്, ചങ്ങരോത്ത് പഞ്ചായത്ത് മുസ്‌ലിംലീഗ് പ്രസിഡന്റ് ആനേരി നസീര്‍, ജനറല്‍ സെക്രട്ടറി അസീസ് നരിക്കലക്കണ്ടി, യൂത്ത് ലീഗ് നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ശിഹാബ് കന്നാട്ടി, ലത്തീഫ് മൂലക്കല്‍, ആപ്പറ്റ മൂസ, പി.കെ യൂസഫ് എന്നിവരും കൂടെയുണ്ടായിരുന്നു.

webdesk11: