എല്‍ സുഗതന്‍
കൊല്ലം ജില്ലയിലെ ശൂരനാട് തെക്ക് പഞ്ചായത്തില്‍ തൃക്കുന്നപ്പുഴ കോളജ് വിദ്യാര്‍ഥിനിയായ അഭിരാമിയുടെ ആത്മഹത്യ മലയാളക്കരയുടെ നൊമ്പരമായി. എസ്.എസ്.എല്‍.സിക്കും പ്ലസ്ടുവിനും ഫുള്‍ എ പ്ലസോടെ വിജയം നേടിയ അഭിരാമി ചെങ്ങന്നൂര്‍ ശ്രീ അയ്യപ്പാകോളജിലെ മിടുക്കിയായ വിദ്യാര്‍ഥിനിയായിരുന്നു. അഭിരാമിയുടെ പിതാവ് അജി കേരള ബാങ്കില്‍ നിന്നും വീട്‌വെച്ചതിനും മാതാപിതാക്കളുടെ ചികിത്സാചെലവിന്റെ ബാധ്യത തീര്‍ക്കാനുമായി മൂന്നു വര്‍ഷം മുന്‍പ് പത്തു ലക്ഷം രൂപ ലോണെടുത്ത വകയില്‍ കുടിശ്ശിക ഉണ്ടാവുകയും അതിനെ തുടര്‍ന്ന് ബാങ്ക് അധികൃതര്‍ വീട്ടിലെത്തി ജപ്തി നോട്ടീസ് പതിക്കുകയും ചെയ്തു. കോവിഡിന് മുന്‍പ് ഒന്നര ലക്ഷം രൂപ അടച്ചിരുന്നതായി വീട്ടുകാര്‍ പറയുന്നു. ജപ്തിയുമായി ബന്ധപ്പെട്ട് ബാങ്കുകാര്‍ വീട്ടില്‍ വന്നപ്പോള്‍ രണ്ട് ദിവസത്തെ സാവകാശം ചോദിച്ചതായും കുടിശ്ശിക തവണകളായി അടച്ചുകൊള്ളാമെന്നും ഗൃഹനാഥന്‍ പറഞ്ഞു. പത്തു വര്‍ഷത്തെ കാലാവധിയുള്ള വായ്പ ഇപ്പോള്‍ നാലു വര്‍ഷം പൂര്‍ത്തിയായതേ ഉള്ളുവെന്നാണ് വീട്ടുകാര്‍ പറയുന്നത്. കോവിഡ് കാലത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച മോറട്ടോറിയം സമയത്തുള്ള തവണ കുടിശ്ശിക ഒറ്റ ഗഡുവായി തന്നെ അടക്കണമെന്ന് ബാങ്ക് അധികൃതര്‍ വാശി പിടിച്ചെന്നും കേള്‍ക്കുന്നു. കോവിഡിന് ശേഷം ജോലി നഷ്ടപ്പെട്ട അജിക്ക് രക്ഷിതാക്കളുടെ ചികിത്സയുംകൂടി നോക്കേണ്ടിവന്നപ്പോള്‍ സാമ്പത്തിക പ്രതിസന്ധി അതി രൂക്ഷമായി. കൂടാതെ അടുത്ത കാലത്ത് അഭിരാമിയുടെ അമ്മ ബൈക്കില്‍ നിന്നു വീണ് തലക്ക് ഗുരുതര പരിക്കേല്‍ക്കുകയും ദീര്‍ഘാനാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുമായിരുന്നു. ഈ വിവരമെല്ലാം ബാങ്ക് അധികൃതരെ അറിയിച്ചിട്ടും അവരത് ചെവിക്കൊണ്ടില്ല. കോവിഡിന്‌ശേഷം പല കുടുംബങ്ങളും ഈയൊരവസ്ഥയില്‍ ജീവിതം കഴിച്ചുകൂട്ടുന്നവരാണ്. ആ സാമൂഹ്യ യാഥാര്‍ഥ്യം ഉള്‍കൊള്ളാന്‍ അധികൃതര്‍ ഇനിയെങ്കിലും തയാറാകണം. വിവാഹം കഴിഞ്ഞ് ദീര്‍ഘകാലത്തെ കാത്തിരിപ്പിനു ശേഷമാണ് അഭിരാമി ഉണ്ടാകുന്നത്. ഈ മകള്‍ക്ക് വേണ്ടിയാണ് ആ പിതാവ് മരുഭൂമിയിലും നാട്ടിലും ഒരേ പോലെ കഷ്ടപ്പെട്ട് കൂലിവേല ചെയ്തത്.
കേരളത്തില്‍ ഇത്തരത്തിലുള്ള നയപരമായ വിഷയത്തില്‍ തീരുമാനമെടുക്കണമെങ്കില്‍ എന്തെങ്കിലുമൊരു അനിഷ്ട സംഭവം നടക്കണമെന്ന കീഴ്‌വഴക്കം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ബാങ്ക് വായ്പയോ മറ്റ് കടബാധ്യതകളോ ഇല്ലാത്തതായി സംസ്ഥാനത്ത് ഒരു കുടുംബം പോലുമില്ല. അതില്ലാതെ ജീവിക്കാന്‍ പറ്റാത്ത സാഹചര്യം ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ട്. ഒരു ഭാഗത്ത് മലയാളിയുടെ മത്സര മനോഭാവവും മറുഭാഗത്ത് ദുരഭിമാനവും കൊടികുത്തിവാഴുകയാണ്. അപക്വമായ മനസിന്റെ ഉടമകള്‍ ഇത്തരം അബദ്ധങ്ങളില്‍ ചെന്ന് പലപ്പോഴും ചാടാറുണ്ട്. എന്നാല്‍ ഇവിടെ ഇതൊന്നുമല്ല ഈ കടുംകൈക്ക് കുട്ടിയെ പ്രേരിപ്പിച്ചതെന്ന് മനസിലാക്കാം. ഒരുപക്ഷേ തന്റെ വീട്ടിലെ നിരന്തരമായ സാമ്പത്തിക പ്രയാസങ്ങളും ആശുപത്രി കേസുകളും ആ കുടുംബത്തെ ശരിക്കും അലട്ടിയിട്ടുണ്ടാകാം. ഇതൊക്കെ നേരില്‍ കാണുന്ന, അല്ലലറിയിക്കാതെ വളര്‍ത്തിയ കുട്ടിയെ സംബന്ധിച്ച് ഇതൊന്നും താങ്ങാനുള്ള കരുത്ത് ഉണ്ടാകണമെന്നില്ല. ഇനി ഉണ്ടായാല്‍ തന്നെ എങ്ങനെ പരിഹരിക്കാന്‍ സാധിക്കും എന്നതിനെ കുറിച്ചുള്ള സാമാന്യബോധവും ഉണ്ടാകണമെന്നില്ല. ബാങ്കുകാര്‍ അവരുടെ കടമ ചെയ്യുമ്പോള്‍ തന്നെ അതിനെ മറികടക്കാനുള്ള പോംവഴികളെ സംബന്ധിച്ചുള്ള അജ്ഞതയും അഭിമാന ക്ഷതവും ഇവിടെ വില്ലനായിട്ടുണ്ടാകാം.
മറ്റൊന്ന് പുതിയ തലമുറയിലെ കുട്ടികള്‍ യാതൊരു ബുദ്ധിമുട്ടും പ്രയാസങ്ങളും അറിയാതെയാണ് വളര്‍ന്നുവരുന്നത്. ഇതിന് കാരണമായി മിക്ക രക്ഷിതാക്കളും പങ്കുവെയ്ക്കുന്നത് ഞങ്ങളുടെ വിദ്യാഭ്യാസ കാലഘട്ടത്തില്‍ അനുഭവിച്ച ഒരു ബുദ്ധിമുട്ടും എന്റെ കുട്ടികള്‍ അറിയാന്‍ പാടില്ല എന്ന അനുചിതവും അപക്വവുമായ അറിവുമാണ്. ആ ധാരണയും കാഴ്ചപ്പാടുമാണ് പല രക്ഷിതാക്കളും ഈ കാലഘട്ടത്തില്‍ മാറ്റിവെയ്‌ക്കേണ്ടതും. വിദേശ രാജ്യങ്ങളില്‍ ജോലി നോക്കുന്ന പല രക്ഷിതാക്കളും അവിടെ താന്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളൊന്നും സ്വന്തം മാതാപിതാക്കളോടോ മക്കളോടോ ഭാര്യയോട് പോലും പറയാറില്ല. മാതാപിതാക്കളുടെ ജോലി സ്ഥലത്തെ പ്രയാസങ്ങളും വിഷമങ്ങളും മക്കളുമായി പങ്കുവെയ്ക്കണം. കുട്ടികളോടുള്ള രക്ഷിതാക്കളുടെ സമീപനം മാറണം. കുടുംബത്തിന്റെ ആകെ വരുമാനവും ചെലവും ആ വീട്ടിലെ എല്ലാവരും അറിഞ്ഞിരിക്കണം. മറ്റ് ബുദ്ധിമുട്ടുകളും പ്രയാസങ്ങളും അവരുമായി പങ്കുവെക്കണം. പ്രതിസന്ധി വന്നാല്‍ അതെങ്ങനെ പരിഹരിക്കാം എന്നത് പോലും കുട്ടികളുമായി ചര്‍ച്ചയാകാം. കുട്ടികളെ ചെറുപ്പം മുതല്‍ വരവ്, ചിലവിന്റെ കൂട്ടലിലും കിഴിക്കലിലും നമ്മോടൊപ്പം കൂട്ടണം. അതിലൂടെ അവരെ ആത്മവിശ്വാസമുള്ളവരായും ധൈര്യശാലികളായും വളരാന്‍ വഴി ഒരുക്കി കൊടുക്കണം. ജീവിതം കൈപ്പും മധുരവും നിറഞ്ഞതാണെന്നും അത് രണ്ടും ഒരേപോലെ കാണാന്‍ കഴിയണമെന്നും കുട്ടികളെ ചെറുപ്രായത്തില്‍തന്നെ ബോധ്യപ്പെടുത്തണം. സാമ്പത്തിക അച്ചടക്കത്തിലും സാമ്പത്തിക ഭദ്രതയിലും കുട്ടികള്‍ അറിവും മികവുമുള്ളവരാകണം. എങ്കില്‍ മാത്രമേ ആരോഗ്യവും വിദ്യാഭ്യാസവും പോലെ സാമ്പത്തിക സ്വാശ്രയത്തമുള്ള തലമുറയെ വാര്‍ത്തെടുക്കാന്‍ കഴിയൂ.