ഡല്‍ഹി: നിര്‍ബന്ധിത മതപരിവര്‍ത്തന ആരോപണങ്ങളില്‍ കടുത്ത നിരീക്ഷണങ്ങളുമായി സുപ്രിംകോടതി. അത്തരം നടപടികള്‍ അവസാനിപ്പിച്ചിട്ടില്ലെങ്കില്‍ രാജ്യസുരക്ഷയ്ക്കു ഭീഷണിയായി മാറുമെന്നും വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ദുര്‍മന്ത്രവാദവും അന്ധവിശ്വാസവും നിര്‍ബന്ധിത മതപരിവര്‍ത്തനവും തടയാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാര്‍ ഉപാധ്യായ സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു സുപ്രിംകോടതി. ജസ്റ്റിസുമാരായ എം.ആര്‍ ഷാ, ഹിമ കോശി അംഗങ്ങളായ ബെഞ്ചാണ് ഹരജിയില്‍ വാദംകേട്ടത്.
മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട് ആരോപിക്കപ്പെടുന്ന വിഷയങ്ങള്‍ ശരിയാണെങ്കില്‍ അതു രാജ്യസുരക്ഷയെ ബാന്ധിക്കുന്നതാണെന്ന് നിരീക്ഷിച്ച കോടതി ഈ മാസം 22നുമുന്‍പ് വിഷയത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. നവംബര്‍ 28ന് ഹരജിയില്‍ വീണ്ടും വാദം കേള്‍ക്കും.”വളരെ ഗുരുതരമായ വിഷയമാണിത്. നിര്‍ബന്ധിത മതപരിവര്‍ത്തനം അവസാനിപ്പിക്കാന്‍ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ആത്മാര്‍ത്ഥമായ ശ്രമങ്ങളുണ്ടാകേണ്ടതുണ്ട്. ഇല്ലെങ്കില്‍ അപകടകരമായ സ്ഥിതിവിശേഷമായിരിക്കും വരിക.”കോടതി ചൂണ്ടിക്കാട്ടി.
നിര്‍ബന്ധിത മതപരിവര്‍ത്തനം രാജ്യവ്യാപകമായ പ്രശ്‌നമാണെന്നാണ് അശ്വിനി കുമാറിന്റെ ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നത്. ഇതിന്റെ പിടിയില്‍നിന്ന് ഒഴിവായ ഒരു ജില്ല പോലും രാജ്യത്തില്ല. ഭീഷണിപ്പെടുത്തിയും പണവും സഹായങ്ങളും നല്‍കി കബളിപ്പിച്ചും ദുര്‍മന്ത്രവാദവും അന്ധവിശ്വാസവും അത്ഭുതങ്ങള്‍ വരെ കാണിച്ചും ഇത്തരത്തില്‍ മതപരിവര്‍ത്തനം നടത്തുന്ന വാര്‍ത്തകള്‍ ഓരോ ആഴ്ചയും പുറത്തുവരുന്നുണ്ട്. ഇതു പൗരന്മാര്‍ക്ക് ഏല്‍പിക്കുന്ന പരിക്ക് വളരെ വലുതാണെന്നും ഹരജിയില്‍ ആരോപിക്കുന്നു.