ലക്‌നോ: ഉത്തര്‍പ്രദേശില്‍ ബസുകള്‍ക്കു പിന്നാലെ ഭരണസിരാകേന്ദ്രത്തിന്റെ മുഖ്യകാര്യാലയത്തിനും കാവി പൂശി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
ലക്‌നോവിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി ഭവന്റെ ചുമരു തൊട്ട് പുറത്തെ ചുമരിനും ടെറസ്സിനുമാണ് വെള്ളയും കാവിയും ഇടകലര്‍ന്ന നിറം നല്‍കിയത്. ബസുകള്‍ക്കും കുട്ടികളുടെ ബാഗുകള്‍ക്കും കാവി നിറം നല്‍കിയ വിവാദം കെട്ടടങ്ങും മുമ്പെയാണ് സര്‍ക്കാര്‍ മന്ദിരത്തിന് കാവി പൂശിയത്. കെട്ടിടത്തിന്റെ അഞ്ചാം നിലയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്.
ഓഫീസിനുള്ളില്‍ മുഖ്യമന്ത്രിയുടെ ഇരിപ്പിടത്തിന് ഇട്ട ടൗവ്വലിന്റെയും മേശവിരിയുടെയും നിറം വരെ കാവിയാണ്. അധികാരത്തിലേറി ദിവസങ്ങള്‍ക്കകം തന്നെ കാര്‍ സീറ്റിന്റെയും കസേര വിരികളുടെയും നിറം കാവിയാക്കി മാറ്റിയിരുന്നു. കൂടാതെ ആഗസ്ത് 29ന് കായിക താരങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ അവാര്‍ഡ് സര്‍ട്ടിഫിക്കറ്റിന്റെ നിറവും കാവിയായിരുന്നു.
മുന്‍ സര്‍ക്കാറുകള്‍ ബുക്ക്‌ലെറ്റുകള്‍ക്കും മറ്റും പാര്‍ട്ടി നിറങ്ങള്‍ നല്‍കിയിരുന്നെങ്കിലും ശാസ്ത്രി ഭവനെ ഇതില്‍ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍ യോഗി ആദിത്യനാഥ് ആസ്ഥാന മന്ദിരത്തെ കൂടി കാവിവല്‍ക്കരിക്കാനാണ് ശ്രമിക്കുന്നതെന്ന് വ്യാപകമായി ആരോപണമുയര്‍ന്നിട്ടുണ്ട്.