എമ്പുരാന് സിനിമക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ക്കും ബഹിഷ്‌കരണത്തിനുമിടെ താന്‍ ചിത്രം കാണുമെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ‘എമ്പുരാന്‍ കാണില്ല, കാണരുത്, ബഹിഷ്‌കരിക്കണം, എടുത്ത ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യണം.. അങ്ങനെ സംഘ്പരിവാര്‍ അഹ്വാനമാണ് എങ്ങും. ഇന്നലെ സിനിമ കാണുമെന്ന് പറഞ്ഞ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ഇന്ന് സിനിമ കാണില്ലെന്ന് പറയുന്നു. ചിലര്‍ക്ക് ഉച്ച ആയാലും നേരം വെളുക്കില്ല. അങ്ങനെയെങ്കില്‍ എമ്പുരാന്‍ കാണും’, വി.ഡി. സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
നേരത്തെ എമ്പുരാന് പിന്തുണയറിയിച്ച് വി ഡി സതീശന്‍ രംഗത്തുവന്നിരുന്നു. സംഘ്പരിവാറിന് ചരിത്രത്തെ കുറിച്ച് കാര്യമായ അറിവില്ല. മാത്രമല്ല ചരിത്രത്തെ വളച്ചൊടിച്ചാണ് ശീലം. ആവിഷ്‌കാര സ്വാതന്ത്ര്യം എന്നാല്‍ തങ്ങള്‍ക്ക് അനുകൂലമായി സൃഷ്ടിക്കപ്പെടുന്ന നിര്‍മ്മിതികള്‍ക്കുള്ള സ്വാതന്ത്ര്യമാണെന്നാണ് സംഘ്പരിവാര്‍ കരുതുന്നത്. വികലമായ അത്തരം സൃഷ്ടികളെ ആഘോഷിക്കുക എന്നതാണ് അവരുടെ അജണ്ടയെന്നും വി ഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം എമ്പുരാന്‍ സിനിമ കാണില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. നേരത്തെ എമ്പുരാന്‍ കാണുമെന്ന് പറഞ്ഞിരുന്ന രാജീവ് ചന്ദ്രശേഖര്‍, ഞായറാഴ്ച രാവിലെയാണ് നിലപാട് മാറ്റി സമൂഹമാധ്യമങ്ങളില്‍ കുറിപ്പ് പ്രസിദ്ധീകരിച്ചത്. സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യുമെന്നും ഇത്തരത്തിലുള്ള സിനിമാ നിര്‍മാണത്തില്‍ താന്‍ നിരാശനാണെന്നും അദ്ദേഹം പറയുന്നു.