X

ഫുട്പാത്തുകള്‍ കാല്‍നടക്കാര്‍ക്കുള്ളത്; വാഹനമോടിച്ചാല്‍ നടപടി

ട്രാഫിക് നിയമങ്ങള്‍ കര്‍ശനമാക്കാന്‍ കേരളാ പൊലീസ്. ഗതാഗത കുരുക്കിനിടെ ഫുട്പാത്തിലൂടെ ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നതിനെതിരെ നടപടിയെടുക്കാന്‍ ഒരുങ്ങുകയാണ് പൊലീസ്.

തിരക്കേറിയ സമയങ്ങളില്‍ നഗരങ്ങളിലടക്കം ഫുട്പാത്തിലൂടെ സഞ്ചരിക്കുന്ന ഇരുചക്രവാഹനങ്ങളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചാണ് പൊലീസ് മുന്നറിയിപ്പ് നല്‍കിയത്.

തിരക്കേറിയ സമയങ്ങളില്‍ ട്രാഫിക് നിയമങ്ങള്‍ പാലിക്കാതെ കാല്‍നടക്കാരെ ബുദ്ധിമുട്ടിച്ചുകൊണ്ട് ഇരു ചക്രവാഹനങ്ങള്‍ ഫുട്പാത്തിലൂടെ ഓടിക്കുന്നത് സാധാരണയാണ്. ഗതാഗത കുരുക്കനുഭവപ്പെടുന്ന റോഡുകള്‍, പാലങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഇരുചക്രവാഹനങ്ങള്‍ ഫുട്പാത്തുകള്‍ കൈയ്യേറുന്നത് സ്ഥിരം കാഴ്ചയാണ്.

പൊതുജനങ്ങള്‍ക്ക് ഇത്തരത്തിലുള്ള പരാതികള്‍ അറിയിക്കാമെന്നും കേരളാ പൊലീസ് പുറത്തുവിട്ട വീഡിയോയിലൂടെ അറിയിച്ചിട്ടുണ്ട്. നിയമങ്ങള്‍ ലംഘിക്കുന്ന വാഹനങ്ങളുടെ ഫോട്ടോകളോ വീഡിയോകളോ പരാതിക്കൊപ്പം ചേര്‍ക്കണമെന്നും പൊലീസ് നിര്‍ദേശിച്ചു. തീയതി, ജില്ല, സമയം, സ്ഥലം, എന്നിങ്ങനെയുള്ള അടിസ്ഥാന വിവരങ്ങളും ഉള്‍പ്പെടുത്തണം.

നടപ്പാതകള്‍ കാല്‍നടക്കാര്‍ക്ക് മാത്രമുള്ളതാണെന്നും വാഹനങ്ങള്‍ ഫുട്പാത്തുകള്‍ ഉപയോഗിക്കുന്നത് കാല്‍നടക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാവുമെന്നും പൊലീസ് വ്യക്തമാക്കി. കൂടാതെ ഇരുചക്രവാഹനങ്ങള്‍ ഫുട്പാത്തിലൂടെ പോകുമ്പോള്‍ അപകടമുണ്ടായാല്‍ അത് രണ്ട് കൂട്ടരേയും ബാധിക്കുമെന്നും പൊലീസ് പറഞ്ഞു.

വാഹനങ്ങള്‍ ഫുട്പാത്ത് ഉപയോഗിക്കുന്നത് കാരണം വഴിയിലെ ഇന്റര്‍ലോക്ക് ടൈലുകള്‍ തകരുന്നതിനും കാരണമാവുന്നുണ്ട്. അശ്രദ്ധമായ വാഹനമോടിക്കല്‍ ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണി ആവുമെന്നും ഇരുകൂട്ടരെയും ദോഷകരമായി ബാധിക്കുമെന്നും പൊലീസ് അറിയിച്ചു.  പൊതുഗതാഗത നിയമങ്ങള്‍ പാലിച്ചുകൊണ്ട് വാഹനയാത്രകള്‍ ഉത്തരവാദിത്തത്തോടെയും സുരക്ഷ ഉറപ്പാക്കിക്കൊണ്ടുമാവണമെന്നും പൊലീസ് അറിയിച്ചു.

webdesk13: