ബംഗളൂരു: ഇന്ത്യന്‍ ഫുട്‌ബോളിനിത് നല്ല കാലം. അണ്ടര്‍ 17 ലോകകപ്പില്‍ അമര്‍ജിത് സിംഗ് കിയാം നയിക്കുന്ന കുട്ടിപ്പട തകര്‍പ്പന്‍ പ്രകടനം നടത്തുമ്പോള്‍ സുനില്‍ ഛേത്രിയുടെ സീനിയര്‍ ടീം ഐതിഹാസിക വിജയവുമായി ഏഷ്യാ കപ്പ് ഫുട്‌ബോളിന് യോഗ്യത നേടി. ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് മക്കാവുവിനെ തരിപ്പണമാക്കിയാണ് 2011 ന് ശേഷം ഇന്ത്യ വന്‍കരാ ചാമ്പ്യന്‍ഷിപ്പിന് യോഗ്യത ഉറപ്പാക്കിയത്. 2019 ലാണ് ഏഷ്യാകപ്പ്.
1964 ലെ ഏഷ്യാ കപ്പില്‍ രണ്ടാം സ്ഥാനം നേടിയ ശേഷം നിറം മങ്ങിയ ഇന്ത്യ 2011 ലെ ദോഹ ഏഷ്യാകപ്പില്‍ മികവ് പ്രകടിപ്പിച്ചിരുന്നില്ല. റോളിന്‍ ബോര്‍ജസാണ് ഇന്ത്യയുടെ ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ അധികം താമസിയാതെ മക്കാവു ഗോള്‍ മടക്കി. രണ്ടാം പകുതിയില്‍ നായകന്‍ സുനില്‍ ഛേത്രിയുടെ ഗോളില്‍ ഇന്ത്യ ലീഡ് തിരിച്ചുപിടിച്ചു. പത്ത് മിനുട്ടിന് ശേഷം സെല്‍ഫ് ഗോളില്‍ ഇന്ത്യ ലീഡ് ഭദ്രമാക്കി. അധികസമയത്ത് ജെജെ വകയായിരുന്നു നാലാം ഗോള്‍. ഇന്ത്യന്‍ ഫുട്‌ബോളിലെ ചരിത്ര മുഹൂര്‍ത്തമാണിതെന്ന് കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈനും നായകന്‍ ചേത്രിയും പറഞ്ഞു. ഇന്ത്യക്കായി മലയാളി താരം അനസ് എടത്തൊടിക മികച്ച പ്രകടനം കാഴ്ച്ചവെച്ചു.