തഞ്ചാവൂര്‍: തഞ്ചാവൂരിലുണ്ടായ വാഹനാപകടത്തില്‍ പ്രശസ്ത ഫുട്‌ബോള്‍ താരം കാലിയ കുലോത്തുങ്കന്‍(41) മരിച്ചു.
കൊല്‍ക്കത്തയിലെ പ്രമുഖ ക്ലബ്ബുകളായ ഈസ്റ്റ് ബംഗാള്‍, മോഹന്‍ ബഗാന്‍, മുഹമ്മദന്‍സ് എന്നിവര്‍ക്കു വേണ്ടി ബൂട്ടുക്കെട്ടിയ അപൂര്‍വം കളിക്കാരില്‍ ഒരാളാണ് കാലിയ കുലോത്തുങ്കന്‍. തമിഴ്‌നാട് സന്തോഷ് ട്രോഫി ടീമിന്റെ നായകനായിരുന്നു. 2009ലെ ചെന്നൈ സന്തോഷ് ട്രോഫിയിലാണ് അദ്ദേഹം തമിഴ്‌നാടിന്റെ നായകസ്ഥാനം അലങ്കരിച്ചത്.
2003ല്‍ ഈസ്റ്റ് ബംഗാള്‍ ആസിയാന്‍ ക്ലബ് ഫുട്‌ബോള്‍ ജേതാക്കളാകുമ്പോള്‍ ഐ.എം വിജയന്‍, ബൈചുങ് ബുട്ടിയ, ഒക്കൊരു രാമന്‍, സുരേഷ് എന്നിവര്‍ക്കൊപ്പം ടീമിലെ നിര്‍ണായക സാന്നിധ്യമായിരുന്നു കാലിയ.
1973ല്‍ ആദ്യമായി സന്തോഷ് ട്രോഫി നേടിയ കേരള ടീമിലെ അംഗമായിരുന്ന ഫാക്ട് ആലുവയുടെ തമിഴ്‌നാട് സ്വദേശി പെരുമാളിന്റെ മകനാണ്.
ഉയരക്കുറവിനെ വേഗത കൊണ്ട് മറികടന്ന കാലിയ 2003-2004 സീസണില്‍ നാഷണല്‍ ലീഗ് വിജയിച്ച ഈസ്റ്റ് ബംഗാള്‍ ടീമിലും അംഗമായിരുന്നു. 2007ല്‍ ഐലീഗ് ഒന്നാം ഡിവിഷനിലേക്ക് മുംബൈ എഫ്.സി യോഗ്യത നേടുന്നതിലും കാലിയ കുലോത്തുങ്കന്‍ നിര്‍ണായക പങ്കുവെച്ചു. 2010-11 സീസണില്‍ വിവ കേരളക്കായും അദ്ദേഹം കളിച്ചിട്ടുണ്ട്.