ഈരാറ്റുപേട്ട: ന്യൂജന്‍ യുവാക്കള്‍ക്കിടയില്‍ എക്‌സ്, എക്സ്റ്റസി, എം.ഡി.എം.എ., മോളി എന്നീ വിളിപ്പേരുകളില്‍ അറിയപ്പെടുന്ന അതി തീവ്രലഹരിമരുന്നുമായി ഫുട്‌ബോള്‍താരം പിടിയില്‍. തൊടുപുഴ കുമാരമംഗലം പാറയില്‍ മുഹമ്മദ് ഷെരിഫിനെ (20)യാണ് ഈരാറ്റുപേട്ട എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വൈശാഖ് വി.പിള്ളയുടെ നേതൃത്വത്തില്‍ പിടികൂടിയത്.
തൊടുപുഴ കേന്ദ്രികരിച്ച് എക്‌സൈസും പോലീസും മയക്കുമരുന്ന് വേട്ട ശക്തമാക്കിയിരുന്നു. ഇതോടെ എറണാകുളം, കോട്ടയം ജില്ലയുടെ അതിര്‍ത്തിയായ മേലുകാവില്‍ വാടകയ്ക്ക് വീടുകള്‍ അന്വേഷിച്ച് യുവാക്കളെത്തുന്നതായുള്ള വിവരം അറിഞ്ഞിരുന്നു.
മേലുകാവില്‍ നടത്തിയ എക്‌സൈസ് റെയ്ഡില്‍ ബൈക്കില്‍ ഈരാറ്റുപേട്ടയിലെ നിശാപാര്‍ട്ടിക്കായി കൊണ്ടുവന്ന എട്ട് മില്ലീഗ്രാം എം.ഡി.എം.എ. മയക്കുമരുന്നുമായി മുഹമ്മദ് ഷെരിഫിനെ പിടികൂടി.
എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലെ ഫുട്‌ബോള്‍ സെവന്‍സ് ടൂര്‍ണമെന്റുകളിലെ അറിയപ്പെടുന്ന കളിക്കാരനാണ് ഷെരീഫ്. ആഡംബര ജീവിതം മോഹിച്ചാണ് മയക്കുമരുന്ന് കച്ചവടത്തിനിറങ്ങിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.