X

തോറ്റിട്ടും തല ഉയര്‍ത്തി ചെപ്‌കോയന്‍സ്

 

ബാഴ്‌സലോണ: സീസണു മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ബ്രസീലിയന്‍ ടീം ചെപ്‌കോയന്‍സിനെതിരെ ബാഴ്‌സലോണക്ക് 5-0ന്റെ വിജയം. മികച്ച ജയവുമായി കളം വിട്ടത് ബാഴ്‌സയായിരുന്നെങ്കിലും കാണികളുടെ മനം കവര്‍ന്നത് ചെപ്‌കോയന്‍സായിരുന്നു.
വിമാന ദുരന്തത്തില്‍ ടീമംഗങ്ങളും ഒഫീഷ്യല്‍സുമടക്കം 71 പേരെ നഷ്ടമായ ചെപ്‌കോയന്‍സിന്റെ തിരിച്ചു വരവിനെ ഹര്‍ഷാരവത്തോടെയാണ് കാണികള്‍ വരവേറ്റത്. വിമാന ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ട ചെപ്‌കോയന്‍സ് താരം അലന്‍ റൂഷല്‍ ആദ്യ ഇലവനില്‍ ഇറങ്ങി. 35 മിനിറ്റ് കളിച്ച താരം തിരിച്ചു കയറുമ്പോള്‍ നൗകാമ്പിലെ സ്‌റ്റേഡിയത്തില്‍ തിങ്ങി നിറഞ്ഞ കാണികള്‍ മുഴുവനും എഴുന്നേറ്റു നിന്ന് അദ്ദേഹത്തിനോട് ആദരം പ്രകടിപ്പിച്ചു.
നെയ്മറിനു പകരക്കാരനായി എത്തിയ ജെറാഡ് ഡീലോഫ്യൂവിലൂടെയാണ് ബാഴ്‌സ സ്‌കോറിങിന് തുടക്കമിട്ടത്. മുന്‍ എവര്‍ട്ടന്‍ വിംഗറായ ഡിലോഫ്യു ആറാം മിനിറ്റില്‍ തന്നെ ആതിഥേയരെ മുന്നിലെത്തിച്ചു. താര നിബിഡമായ ബാഴ്‌സക്കെതിരെ പിടിച്ചു നില്‍ക്കാനുള്ള കരുത്തൊന്നും ചെപ്‌കോയന്‍സിന്റെ താരതമ്യേന ദുര്‍ബലമായ ടീമിനുണ്ടായിരുന്നില്ല. ആദ്യ ഗോള്‍ നേടി അഞ്ചു മിനിറ്റിനു ശേഷം സര്‍ജിയോ ബുസ്‌കറ്റ്‌സിലൂടെ ബാഴ്‌സ രണ്ടാം ഗോളും നേടി. 28-ാം മിനിറ്റില്‍ സൂപ്പര്‍ താരം മെസ്സി ടീമിന്റെ മൂന്നാം ഗോളും കരസ്ഥമാക്കി. ആദ്യ പകുതിയില്‍ മൂന്നു ഗോളിന് മുന്നിട്ടു നിന്ന ബാഴ്‌സ രണ്ടാം പകുതിയില്‍ ഗോള്‍ സമ്പാദ്യം വീണ്ടും ഉയര്‍ത്തി. 55-ാം മിനിറ്റില്‍ ലൂയിസ് സുവാരസായിരുന്നു നാലാം ഗോളിന്റെ ഉടമ.
74-ാം മിനിറ്റില്‍ ഡെനിസ് സുവാരസ് പട്ടിക പൂര്‍ത്തിയാക്കി. വിമാന ദുരന്തം തുടച്ചു നീക്കിയ ടീമിന് പിന്തുണ നല്‍കുന്നതിനായാണ് ബാഴ്‌സ നൗകാമ്പിലേക്ക് ടീമിനെ ക്ഷണിച്ചത്. കോപ സുഡാമേരിക്കാന ട്രോഫി ഫൈനല്‍ മത്സരത്തിനായി പുറപ്പെട്ട ചെപ്‌കോയന്‍സ് ടീമംഗങ്ങളില്‍ 19 പേരടക്കം 71 പേര്‍ കൊളംബിയയിലുണ്ടായ വിമാന ദുരന്തത്തില്‍ കൊല്ലപ്പെട്ടിരുന്നു. അപകടത്തില്‍ രക്ഷപ്പെട്ട അലന്‍ റൂഷല്‍, ജാക്‌സന്‍ ഫോള്‍മാന്‍, നെറ്റോ എന്നിവര്‍ പ്രത്യേക ക്ഷണിതാക്കളായാണ് ടീമിനൊപ്പമെത്തിയത്. ഗോള്‍കീപ്പറായ നെറ്റോയുടെ കാല്‍ വിമാനാപകടത്തെ തുടര്‍ന്ന് മുറിച്ചു മാറ്റിയിരുന്നു. റൂഷല്‍ മാത്രമാണ് കളത്തിലിറങ്ങിയത്.

chandrika: