മിലാന്‍: ഒരേ വേദിയില്‍ കളിക്കുന്ന മിലാന്‍ ക്ലബുകള്‍ പരസ്പരം കാണാറ് സിരിയ മൈതാനത്താണ്. വലിയ നഗരത്തിലെ രണ്ട് വന്‍കിടക്കാര്‍ മുഖാമുഖം വരുമ്പോള്‍ അത് വീറിന്റെയും വാശിയുടെയും ഗോളുകളുടെയും മൈതാനമാവാറുണ്ട്. ഇന്ന് ചാമ്പ്യന്‍സ് ലീഗ് വേദിയിലാണ് അയല്‍ക്കാരുടെ മുഖാമുഖം. യൂറോപ്പിലെ അതിഗംഭീര കളിമുറ്റങ്ങളിലൊന്നായ സാന്‍ സീറോയിലാണ് സെമി ഫൈനല്‍ ഇരുപാദങ്ങളും നടക്കാന്‍ പോവുന്നത്. ഏ.സി മിലാന്‍ എന്ന വിഖ്യാതരുടെയും ഇന്റര്‍ മിലാന്‍കാരുടെയും തട്ടകമാണ് സാന്‍ സിറോ അഥവാ ഗിസിപ്പി മേസാ സ്‌റ്റേഡിയം.
മിലാന്‍ സിറ്റി കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള ഇതേ വേദിയില്‍ തന്നെയാണ് ഇന്റര്‍ മിലാന്‍കാരും ദീര്‍ഘകാലമായി പന്ത് തട്ടുന്നത്. ഒരു പക്ഷേ ലോക ഫുട്‌ബോളിലെ രണ്ട് പ്രബലരുടെ ഒരേ ഹോം വേദി. മുക്കാല്‍ ലക്ഷം പേര്‍ക്ക് ഇരിപ്പിടമുള്ള സാന്‍സിറോയിലെ പോരാട്ടത്തില്‍ മുന്‍കൈക്കായി നഗര വൈരികള്‍ രംഗത്തിറങ്ങുമ്പോള്‍ പോരാട്ടം കേമമാവുമെന്നുറപ്പ്.അനുഭവ സമ്പത്താണ് ഏ.സി മിലാന്റെ കരുത്ത്. നാല്‍പ്പത് പിന്നിട്ട സ്ലാട്ടന്‍ ഇബ്രാഹീമോവിച്ച് ഉള്‍പ്പെടെയുള്ളവര്‍ ഗംഭീരമായി കളിക്കുന്നു. ഫ്രഞ്ച് താരം ഒലിവര്‍ ജിറോര്‍ഡ്, ബ്രാഹിം ഡയസ്, ഇസ്മായില്‍ ബെന തുടങ്ങിയവര്‍ക്കൊപ്പം മികച്ച യുവതാരങ്ങളും. ഈ പ്രായത്തിലും അവസരോചിതം പന്ത് വലയിലാക്കുന്ന ഇബ്രയായിരിക്കും ഇന്ററിന്റെ നോട്ടപ്പുള്ളി. രാജ്യാന്തര സോക്കറിലെ പ്രധാന ഗോള്‍ വേട്ടക്കാരായ ലത്തുറോ മാര്‍ട്ടിനസ്, റുമേലു ലുക്കാക്കു തുടങ്ങിയവരാണ് ഇന്റര്‍ മിലാന്‍ സംഘത്തിലെ പ്രബലര്‍. മല്‍സരം രാത്രി 12-30 മുതല്‍. ടെന്‍ ചാനലുകളില്‍ തല്‍സമയം.