ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ വരവോടെ ഇന്ത്യന്‍ മണ്ണില്‍ ഫുട്‌ബോള്‍ വളരുകയാണെന്ന് പുതിയ കണക്കുകള്‍. ഐ.എസ്.എല്‍, ഐ-ലീഗ് മത്സരങ്ങള്‍ കാണാന്‍ സ്റ്റേഡിയത്തിലെ എത്തുന്ന കാണികളുടെ എണ്ണത്തില്‍ വന്‍കുതിപ്പാണ് കൈവരിച്ചിരിക്കുന്നത്.
ഐ.എസ്.എല്ലിനൊപ്പം തന്നെ നടത്തിയിട്ടും ഐ ലീഗിന്റെ കാണികളുടെ എണ്ണത്തില്‍ 200 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഈ വര്‍ഷം ഉണ്ടായിരിക്കുന്നത് എന്നത് ശ്രദ്ധേയമായാണ്. സോഷ്യല്‍ മീഡിയായ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയവയില്‍ ക്ലബുകള്‍ക്കും ടൂര്‍ണമെന്റില്‍ കളിക്കുന്ന താരങ്ങള്‍ക്കും മികച്ച പിന്തുണയാണ് ലഭിച്ചുക്കൊണ്ടിരുന്നത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ കളിക്കാന്‍ വിദേശ താരങ്ങള്‍ കൂടുതല്‍ താല്‍പര്യം പ്രകടിപ്പിക്കുന്നതും ശുഭ സൂചനയാണ്.
ഐ-ലീഗില്‍ കഴിഞ്ഞ വര്‍ഷത്തെ 5233 എന്ന ശരാശരി കാണികളുടെ എണ്ണം ഇത്തവണ 10280 ആയി ഉയര്‍ന്നു. മണിപ്പൂരില്‍ നിന്നുള്ള നെറോക്ക എഫ്.സിയുടെ വരവ് ലീഗില്‍ കാണികളെ ഗ്രൗണ്ടിലെത്തിക്കുന്നതില്‍ വിജയിച്ചു എന്നുതന്നെ വേണം പറയാന്‍. നെറോക്ക എഫ്.സിയുടെ കളികാണാന്‍ സ്റ്റേഡിയത്തില്‍ എത്തുന്ന കാളികളുടെ ശരാശരി 21382പേരാണ്. ഐ.ലീഗിലെ ക്ലബിന്റെ ഏറ്റവും ഉയര്‍ന്ന ശരാശരിയാണ്. 17366 കാണികളുമായി ശരാശരിയില്‍ കരുത്തരായ ഈസ്റ്റ് ബംഗാള്‍ രണ്ടാമതും മോഹന്‍ ബഗാന്റെ മുന്നാമതുമാണ്. ബഗാന്റെ ശരാശരി 15825 ആണ്. കൂടാതെ ഐ-ലീഗിലെ ഗ്ലാമര്‍ പോരാട്ടമായ ഈസ്റ്റ് ബംഗാള്‍- മോഹന്‍ ബഗാന്‍ ഡെര്‍ബി പോരാട്ടം കാണികളുടെ എണ്ണത്തില്‍ റെക്കോര്‍ഡിട്ടു. മോഹന്‍ ബഗാന്റെ ഹോം മത്സരത്തില്‍ 65000ത്തിനടുത്തും ഈസ്റ്റ് ബംഗാളിന്റെ ഹോം മത്സരത്തില്‍ 52000ത്തിലധികം കാണികളുമാണ് സ്‌റ്റേഡിയത്തില്‍ എത്തിയത്.
ഐ ലീഗില്‍ ഇത്തവണ ആദ്യമായി എത്തിയ ഗോകുലം കേരള എഫ് സിയുടെ കാണികളുടെ കാര്യത്തില്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട്. ശരാശരി 8131 കാണികളാണ് ഗോകുലത്തിന്റെ മത്സരം കാണാനെത്തിയത്. ഐ.എസ്.എല്ലില്‍ കേരളത്തില്‍ നിന്ന് കേരളാ ബ്ലാസ്‌റ്റേഴ്‌സ് കളിക്കുമ്പോഴാണ് തുടക്കാരായ ഗോകുലവും സാമന്യം ഭേദപ്പെട്ട ആരാധകവലയുമായി മുന്നേറുന്നത്. എന്നാല്‍ ചാമ്പ്യന്‍മാരായ മിനര്‍വ്വ പഞ്ചാബിന്റെ ആരാധകരുടെ കരുത്ത് ശരാശരി 5736 മാത്രമാണ്. ചെന്നൈ സിറ്റി (8194), ഷില്ലോംഗ് ലാജോംഗ് (5454), ഐസ്വാള്‍ എഫ് സി (4256), ഇന്ത്യന്‍ ആരോസ് (3256), ചര്‍ച്ചില്‍ ബ്രദേഴ്‌സ് (2921) എന്നിങ്ങനെയാണ് ഐ ലീഗിലെ മറ്റ് ടീമുകളുടെ ശരാശരി ആരാധകരുടെ എണ്ണം.
ചെന്നൈയിന്‍ എഫ്.സി-ബെംഗളൂരു ഫൈനലിന് ശേഷമാണ് ഐ.എസ്.എല്‍ ടൂര്‍ണമെന്റിന്റെ കൃത്യമായ കണക്കുകള്‍ പുറത്തു വിടുക. പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം പുതിയ രണ്ടു ടീമുകള്‍ വന്നതിനാല്‍ കാണികളുടെ ശരാശരിയില്‍ വലിയ വര്‍ധനവ് ഐ.എസ്.എല്ലിലും ഉണ്ടായിട്ടുണ്ട്. ഐ.എസ്.എല്ലിനു ശേഷം രണ്ടു ലീഗിലേയും ടീമികള്‍ അണിനിരക്കുന്ന സൂപ്പര്‍ കപ്പ് നടക്കാനിരിക്കുന്നുണ്ട്. ഇതും വന്‍ വിജയമാകുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍. മാര്‍ച്ച് 31ന്‌സൂപ്പര്‍ കപ്പ് ആരംഭിക്കും.