ബ്യൂണസ് അയേഴ്‌സ്: അര്‍ജന്റീനയിലെ ഫസ്റ്റ് ഡിവിഷന്‍ ഫുട്‌ബോള്‍ ക്ലബ്ബായ ഡിഫെന്‍സ വൈ ജസ്റ്റീഷ്യയില്‍ വന്‍ കവര്‍ച്ച. രാവിലെ കളിക്കാര്‍ പരിശീലനത്തിന് ഒരുങ്ങുന്നതിനിടെയാണ് നാല് അക്രമികള്‍ തോക്കുചൂണ്ടി കൊള്ള നടത്തിയത്. തോക്കിന്‍ മുനയില്‍ കളിക്കാരുടെ സെല്‍ഫോണുകളും വാലറ്റകളും സ്വര്‍ണ ചെയിനുകളും അടക്കമുള്ള വിലപ്പെട്ട സാമഗ്രികളെല്ലാം കവര്‍ന്ന ശേഷം മോഷ്ടാക്കള്‍ രക്ഷപ്പെട്ടു.
കളിക്കാര്‍ക്ക് പരിക്കില്ലെന്ന് ക്ലബ്ബ് പ്രസിഡണ്ട് ജോസ് ലെമ്മി പറഞ്ഞു. ക്ലബ്ബിന്റെ ഉടമസ്ഥതയിലുള്ള വിലപിടിപ്പുള്ള ചില സാധനങ്ങളും കൊള്ളയടിക്കപ്പെട്ടിട്ടുണ്ട്.
30 ടീമുകള്‍ മത്സരിക്കുന്ന അര്‍ജന്റീനയിലെ പ്രിമേറ ഡിവിഷനില്‍ 19-ാം സ്ഥാനത്താണ് ഡിഫെന്‍സ. ശമ്പളം ലഭിക്കുന്നില്ലെന്നാരോപിച്ച് കളിക്കാര്‍ ലീഗ് ബഹിഷ്‌കരിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് കൂനിന്മേല്‍ കുരു പോലെ കൊള്ള നടന്നിരിക്കുന്നത്. ടെലിവിഷന്‍ കരാറോ മുഖ്യ സ്‌പോണ്‍സറോ ഇല്ലാത്തതിനാല്‍ നഷ്ടത്തിലാണ് ലീഗ് നടക്കുന്നത്. മിക്ക ക്ലബ്ബുകളും കടക്കെണിയിലുമാണ്.
കൊള്ളയടിച്ചവരുടെ ദൃശ്യങ്ങള്‍ പരിശീലന സ്ഥലത്തെ സി.സി.ടി.വി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ടെന്നും പൊലീസ് അന്വേഷണം നടത്തി വരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി.