സ്പാനിഷ് ഫുട്ബാൾ താരം ലമീൻ യമാലിന്റെ പിതാവിന് കുത്തേറ്റ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. യാമാലിന്റെ പിതാവായ മുനീർ നസ്രോയിക്കാണ് ബുധനാഴ്ച വടക്ക്-കിഴക്കൻ സ്പാനിഷ് ടൗണായ മറ്റാരോയിൽ വെച്ച് കുത്തേറ്റത്. ലാ വാൻഗാർഡ് എന്ന പ്രാദേശിക പത്രമാണ് ലമീന്റെ പിതാവിന് കുത്തേറ്റ വിവരം ആദ്യം റിപ്പോർട്ട് ചെയ്തത്.
കുത്തേറ്റ നസ്രോയിയെ പിന്നീട് കാൻ റൗറ്റി ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു. കുത്തേറ്റ സമയത്ത് സംഭവ സ്ഥലത്തുണ്ടായിരുന്നവരുടെ മൊഴികൾ അനുസരിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും അന്വേഷണം നടത്തി വരികയാണെന്നും കാറ്റലൻ പൊലീസ് പറഞ്ഞു.
കഴിഞ്ഞ യുറോ കപ്പിൽ മികച്ച പ്രകടനമാണ് ലമീൻ യമാൽ കാഴ്ചവെച്ചത്. സ്പെയിൻ ചാമ്പ്യൻമാരായി ടൂർണമെന്റിൽ ടീമിനായി നിർണായക പ്രകടനം കാഴ്ചവെക്കാനും കൗമാരതാരത്തിന് സാധിച്ചിരുന്നു. ഫ്രാൻസുമായുള്ള സെമി ഫൈനലിൽ ലമീൻ യമാൽ ഗോൾ നേടുകയും ചെയ്തു. ഇംഗ്ലണ്ടിനെതിരായ ഫൈനൽ മത്സരത്തിലും യമാൽ സ്പെയിനിനായി ബൂട്ട് കെട്ടിയിരുന്നു. നിലവിൽ സ്പാനിഷ് ലീഗിൽ ബാഴ്‌സലോണയ്ക്ക് വേണ്ടി പുതിയ സീസണിന് ഒരുങ്ങുകയാണ് യമാൽ.