X

ഫുട്‌ബോള്‍ ആവേശം കൊടിയിറങ്ങി; തെരുവ് വിടാതെ കട്ടൗട്ടുകള്‍

ഇതര സംസ്ഥാനങ്ങളിലോ രാജ്യങ്ങളിലോ കാണാത്ത വിധം ലോകകപ്പ് ആവേശത്തില്‍ തെരുവുകള്‍ കീഴടക്കിയ കട്ടൗട്ടുകള്‍ക്കും ബാനറുകള്‍ക്കും പൊതുനിരത്തുകള്‍ വിട്ടുപോകാന്‍ പ്രയാസം. കൊടി തോരണങ്ങളുള്‍പെടെയുള്ളവ ചിലയിടങ്ങളില്‍ മാറ്റാന്‍ തുടങ്ങിയെങ്കിലും തദ്ദേശ മന്ത്രിയുടെ നിര്‍ദ്ദേശം പുച്ഛിച്ചു തള്ളി മിക്ക സ്ഥലത്തും റോഡുകളില്‍ തോറ്റതും ജയിച്ചതുമായ ടീമുകളുടെ ആവേശം തുടരുകയാണ്. മെസ്സിയും നെയ്മാറും റൊണാള്‍ഡോയും എംബപെയുമെല്ലാം വഴിയോരങ്ങള്‍ കീഴടക്കിയ ഒരു കാലത്തിന് സമാപനമായെങ്കിലും അവ മാറ്റുന്നത് ഇനിയും സമയമെടുക്കുമെന്ന സ്ഥിതിയാണ്.

ചാത്തമംഗലം പുള്ളാവൂരിലെ ചെറുപുഴയില്‍ സ്ഥാപിക്കുകയും ഫിഫയുള്‍പെടെ പ്രശംസിച്ച് പ്രശസ്തമാവുകയും വിവാദമാകുകയും ചെയ്ത കൂറ്റന്‍ കട്ടൗട്ടുകളും കരകയറിത്തുടങ്ങി. മിഠായിത്തെരുവില്‍ കച്ചവടക്കാരുടെ കൂട്ടായ്മയായ സെന്‍ട്രല്‍ കമ്മിറ്റി സ്ഥാപിച്ചിരുന്ന കൊടിതോരണങ്ങള്‍ മാറ്റി. പല പ്രദേശങ്ങളിലും വയലേലകളിലും ഉള്‍പ്രദേശങ്ങളിലേക്കുള്ള വഴിത്താരകളിലും വമ്പന്‍ ബാനറുകളാണ് സ്ഥാനം പിടിച്ചിരുന്നത്. ആളുകള്‍ പിരിവെടുത്തും ക്ലബുകള്‍ വഴി ഫണ്ട് കണ്ടെത്തിയും ഉയര്‍ന്ന കട്ടൗട്ടുകള്‍ക്ക് പലതിനും ആദ്യ റൗണ്ടില്‍ തന്നെ പ്രസക്തി നഷ്ടപ്പെട്ടിരുന്നു. അവസാനം വരെ പിടിച്ചുനിന്ന അര്‍ജ്ജന്റീന വാമോസ് വിളിക്കാരുടെ മാനം കാത്തു.

ഫ്‌ളക്‌സുകള്‍ക്കു നിരോധനം ഉള്ളതിനാല്‍ തുണിയില്‍ തയാറാക്കിയ കൂറ്റന്‍ ബാനറുകളാണ് മിക്കതും. ഇവ ഒഴിവാക്കുമ്പോള്‍ വേണ്ടത്ര ആവശ്യക്കാരില്ലാത്തത് അവ സ്ഥാപിച്ചവര്‍ക്കു പ്രയാസം സൃഷ്ടിക്കുന്നുണ്ട്. മുന്‍പു വലിയ ഫളക്‌സുകള്‍ ടാര്‍പോളിനു പകരമായി പലരും ഉപയോഗിച്ചിരുന്നു. തുണി ബാനറുകള്‍ ഉപയോഗം കഴിഞ്ഞാല്‍ പലരും വീടുപണി നടക്കുമ്പോള്‍ നിലത്തു വിരിക്കാനും മറ്റുമാണ് എടുക്കുന്നത്. ലോകകപ്പിന്റെ ആവേശം മൂത്ത് മത്സരബുദ്ധിയോടെ സ്ഥാപിച്ച കട്ടൗട്ടുകള്‍ക്കും ബാനറുകള്‍ക്കുമെല്ലാം ഇനി അധിക നാള്‍ ആയുസ്സില്ല. ഇവ മാറ്റാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കെല്ലാം നിര്‍ദേശം നല്‍കിയിട്ടുണ്ട്്. കട്ടൗട്ടുകളും മറ്റും സ്ഥാപിച്ചവര്‍ തന്നെ നീക്കം ചെയ്യണമെന്നാണ് നിയമം. അല്ലെങ്കില്‍ തദ്ദേശ സ്ഥാപന അധികൃതര്‍ നീക്കം ചെയ്ത് അതിനുള്ള ചെലവ് അവ സ്ഥാപിച്ചവരില്‍ നിന്ന് ഈടാക്കുമെന്നും അറിയിച്ചിട്ടുണ്ട്.

Test User: