X

ജയിച്ചേ മതിയാകൂ; ബ്ലാസ്റ്റേഴ്സ് ഇന്ന് നോര്‍ത്ത് ഈസ്റ്റിനെതിരേ

ഗുവാഹത്തി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് അവസാന സ്ഥാനക്കാര്‍ തമ്മിലുള്ള പോരാട്ടം. തുടര്‍ച്ചയായ തോല്‍വികളില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന കേരള ബ്ലാസ്‌റ്റേഴ്‌സിന് എതിരാളികള്‍ കഴിഞ്ഞ നാലുമത്സരങ്ങളും തോറ്റ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി. ഗുവാഹത്തി ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30നാണ് കിക്കോഫ്.

നാലുകളിയില്‍ മൂന്ന് പോയിന്റുമായി പത്താം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്. വടക്കുകിഴക്കന്‍ ടീം 11ാം സ്ഥാനത്തും. ആദ്യമത്സരം ജയിച്ച ബ്ലാസ്‌റ്റേഴ്‌സ് തുടര്‍ന്നുള്ള മൂന്ന് മത്സരങ്ങളും തോറ്റു. ഇതില്‍ രണ്ടെണ്ണം ഹോം ഗ്രൗണ്ടിലായിരുന്നു. കഴിഞ്ഞ സീസണിന് സമാനമായ തുടക്കമാണ് ഇത്തവണയും ടീമിന്റേത്. അതിനാല്‍ ഒരു വന്‍ തിരിച്ചുവരവ് ഇനിയും ആരാധകര്‍ ടീമില്‍ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്.

പരിക്ക് കാരണം രണ്ടു മത്സരങ്ങള്‍ നഷ്ടമായ വിദേശ സ്‌െ്രെടക്കര്‍ ജിയാനു അപോസ്‌തൊലിസ് ഇന്ന് കളിച്ചേക്കും. താരത്തിന്റെ പരിക്ക് പൂര്‍ണമായി ഭേദമായിട്ടുണ്ട്. ഇക്കാര്യം കോച്ചും സ്ഥിരീകരിച്ചു. മുന്‍ സീണുകളെ പോലെ തോല്‍വിയോടെയാണ് നോര്‍ത്ത് ഈസ്റ്റ് ഈ സീസണും തുടങ്ങിയത്. കളത്തില്‍ മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും വിജയം കണ്ടെത്താവുന്നില്ല. അവസാന മത്സരത്തില്‍ ഒരു ഗോളിനാണ് അവര്‍ ജംഷഡ്പൂരിനോട് തോല്‍വി വഴങ്ങിയത്. കളത്തിലും പുറത്തും ടീമിനെ പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ട്.

അവസാന സ്ഥാനക്കാരാണെങ്കിലും നോര്‍ത്ത് ഈസ്റ്റിനെ ദുര്‍ബലരായി കാണുന്നില്ലെന്ന് ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് പറയുന്നു. അതേസമയം കഴിഞ്ഞ മത്സരത്തിനിടെ ചുവപ്പുകാര്‍ഡ് കണ്ട നോര്‍ത്ത് ഈസ്റ്റ് പരിശീലകന്‍ മാര്‍ക്കോ ബാല്‍ബുലിന് ഇന്ന് ഗ്രൗണ്ടിലിറങ്ങാനാവില്ല.

Test User: