മലപ്പുറം: കളിച്ചുകൊണ്ടിരുന്ന പന്ത് പൊട്ടിപ്പോയതിനെ തുടര്‍ന്ന് പുതിയതിനു പിരിവിടാന്‍ വേണ്ടി പറമ്പില്‍ ‘ഉന്നതതല’ യോഗം ചേര്‍ന്ന കുരുന്നുകളുടെ വാര്‍ത്ത കഴിഞ്ഞ ദിവസം ചന്ദ്രികയടക്കം പ്രസിദ്ധീകരിച്ചിരുന്നു. അപാരമായ സംഘാടന വൈഭവത്തോടെ കൊച്ചുകുട്ടികള്‍ നടത്തിയ ആ പിരിവുയോഗം സുശാന്ത് നിലമ്പൂരായിരുന്നു ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. കിട്ടുന്ന നാണയങ്ങള്‍ സ്വരുക്കൂട്ടിവെച്ച് അടുത്ത ആഴ്ച പന്തു വാങ്ങാമെന്ന തീരുമാനത്തിലായിരുന്നു മീറ്റിങ് പിരിഞ്ഞത്. അതുകൊണ്ട് പന്ത് എന്ന വലിയ ലക്ഷ്യം എത്തിപ്പിടിക്കുംവരെ കൂട്ടത്തിലാരും മിഠായി കഴിക്കരുത്, ആ പൈസ ഫുട്‌ബോള്‍ വാങ്ങുന്നതിലേക്കായി വിനിയോഗിക്കണം എന്ന യോഗതീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കുഞ്ഞുങ്ങളെല്ലാവരും വീടുകളിലേക്ക് മടങ്ങി.
യോഗത്തിന്റെ വീഡിയോ കണ്ട് നിരവധി പേര്‍ ആ കുഞ്ഞുങ്ങള്‍ക്ക് സഹായഹസ്തവുമായി വരികയാണിപ്പോള്‍. സ്‌പെയിനില്‍ നിന്നുള്ള ഒരു ഫുട്‌ബോള്‍ കോച്ച് ഒരു പന്തിനു പിരിവിട്ട കുട്ടികള്‍ക്ക് കൊടുത്തത് രണ്ടു പന്ത്. ബാഴ്‌സലോണയിലെ വെയ്ക്അപ് ഫുട്‌ബോള്‍ അക്കാദമിയുടെ ഹെഡ്‌കോച്ചാണ് ഫുട്‌ബോളുകളുമായി കുട്ടികളെ തേടിയെത്തിയത്. അവരില്‍ നിന്ന് മികച്ച കുട്ടികളെ തെരഞ്ഞെടുത്ത് സീതിഹാജി സീതിഹാജി സ്റ്റേഡിയത്തില്‍ വെച്ച് ഫുട്‌ബോള്‍ കോച്ചിങ് ക്യാമ്പ് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ക്ലബ് ഷമീറിയന്‍ എന്ന കൂട്ടായ്മയും ഫുട്‌ബോളുമായി രംഗത്തെത്തി.
സിനിമാതാരം ഉണ്ണി മുകുന്ദനും ഫുട്‌ബോളും ജഴ്‌സിയും നല്‍കി. സിനിമാ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട തിരക്കുകള്‍ക്കിടയില്‍ അദ്ദേഹത്തിന് വരാന്‍ കഴിഞ്ഞില്ലെങ്കിലും തന്റെ സ്‌നേഹമറിയിക്കാന്‍ നടന്‍ തീരുമാനിക്കുകയായിരുന്നു. സുഹൃത്തുക്കള്‍ വഴിയാണ് അദ്ദേഹം സമ്മാനം നല്‍കിയത്. സമ്മാനം നല്‍കിയ താരത്തിന് നന്ദി പറയാനും കുരുന്നുകള്‍ മറന്നില്ല.