സാന്റോസ്: അന്തരിച്ച ലോക ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ സംസ്‌കാരം ഇന്ന് നടക്കും. ഭൗതിക ശരീരം ഇന്നലെ പെലെയുടെ സ്മരണകളിരമ്പുന്ന സാന്റോസ് ഫുട്‌ബോള്‍ ക്ലബ്ബിന്റെ ഹോംഗ്രൗണ്ടില്‍ പൊതുദര്‍ശനത്തിനു വെച്ചപ്പോള്‍ ആയിരങ്ങളാണ് അന്ത്യാജ്ഞലി അര്‍പ്പിക്കാനായി എത്തിയത്. സാവോപോളോയിലൂടെ മൃതദേഹം സാന്റോസിലേക്ക് കൊണ്ടു വരുമ്പോള്‍ പടക്കം പൊട്ടിച്ചും പതാകകള്‍ വീശിയുമാണ് ആരാധകര്‍ മൃതദേഹത്തോടുള്ള ആദരം പ്രകടിപ്പിച്ചത്. ചില ആരാധകര്‍ രാത്രി തന്നെ സാന്റോസിലെത്തിയിരുന്നു.
കനത്ത പൊലീസ് കാവലിലാണ് ഭൗതികദേഹം സാന്റോസിലെത്തിച്ചത്. 16,000 പേരെ ഉള്‍ക്കൊള്ളുന്ന സാന്റോസ് ഗ്രൗണ്ടിന്റെ മധ്യത്തിലാണ് പെലെയുടെ മൃതദേഹം പൊതു ദര്‍ശനത്തിന് വെച്ചത്. സ്‌റ്റേഡിയം പൂക്കളും കൊടികളും ബാനറുകളും കൊണ്ട് നിറച്ചിരുന്നു. നിരവധി പേരാണ് മൃതദേഹത്തെ ഒരു നോക്കു കാണാനായി പെലെ ദി കിംഗ്, പെലെ നിങ്ങള്‍ അനശ്വരനാണ് തുടങ്ങിയ ബാനറുകളുമായി അന്തിമോപചാരം അര്‍പ്പിക്കാനായി എത്തിയത്. ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിയോ സ്‌റ്റേഡിയത്തിലെത്തി പെലെക്ക് അന്തിമോപചാരം അര്‍പ്പിച്ചു. പെലെയുടെ മകന്‍ എഡീഞ്ഞോയും 100 വയസുള്ള മാതാവ് സെലസ്റ്റയും ഉപചാരം അര്‍പ്പിക്കുന്നതിനായി ഗ്രൗണ്ടിലെത്തിയിരുന്നു. പെലെക്ക് അന്തിമോപചാരം അര്‍പ്പിക്കാനായി വിവി.ഐ.പികള്‍ ഉള്‍പ്പെടെ ലോകമൊന്നാകെ ബ്രസീലിലേക്ക് ഒഴുകി എത്തിയിട്ടുണ്ട്.
സ്‌റ്റേഡിയത്തിലെ പല സ്റ്റാന്റുകളിലും പെലെയെ പ്രകീര്‍ത്തിച്ചു കൊണ്ടുള്ള കൂറ്റന്‍ ബാനറുകള്‍ തൂക്കിയിട്ടുണ്ട്. സാന്റോസ് ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടായ വിലാ ബെല്‍മിറോ സ്‌റ്റേഡിയത്തിലാണ് പെലെയുടെ ഭൗതിക ശരീരം പൊതുദര്‍ശനത്തിനു വച്ചത്. പെലെയുടെ ശരീരം സാന്റോസിലെ മെമ്മോറിയല്‍ എക്യുമെനിക്കല്‍ നെക്രോപൊലിസ് ശ്മശാനത്തില്‍ ഔദ്യോഗിക ബഹുമതികളോടെ ഇന്ന് അടക്കം ചെയ്യും. 14 നിലകളിലായി 16,000 ശവക്കല്ലറകളുള്ള ഈ ശ്മശാനം ലോകത്തിലെ ഏറ്റവും ഉയരമുള്ള ശ്മശാനം എന്ന പേരില്‍ ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയിട്ടുണ്ട്. ഇതിന്റെ ഒമ്പതാം നിലയിലാണ് പെലെക്ക് കല്ലറ ഒരുക്കിയിരിക്കുന്നത്. ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം തിങ്കളാഴ്ച പ്രാദേശികസമയം രാവിലെ 10 മണിയോടെയാണ് സാന്റോസിന്റെ സ്‌റ്റേഡിയത്തിലേക്ക് കൊണ്ടുവന്നത്. ഇന്ന് രാവിലെ 10 മണിവരെയാണ് ഇവിടെ പൊതുദര്‍ശനം. സാന്റോസ് ക്ലബ്ബിലാണ് പെലെ തന്റെ കളിജീവിതത്തിന്റെ ഭൂരിഭാഗവും ചെലവിട്ടത്. 18 വര്‍ഷം താരം സാന്റോസിലുണ്ടായിരുന്നു. പൊതുദര്‍ശനത്തിനു ശേഷം സാന്റോസിലെ വീഥികളിലൂടെ വിലാപയാത്രയായാണ് സംസ്‌കാരത്തിനായി കൊണ്ടുപോവുക.
ലക്ഷക്കണക്കിന് ആളുകള്‍ ഒപ്പംചേരും. ഒടുവില്‍ സാന്റോസിലെ മെമ്മോറിയല്‍ സെമിത്തേരിയില്‍ അന്ത്യവിശ്രമം. സംസ്‌കാരച്ചടങ്ങുകളില്‍ ബന്ധുക്കള്‍ മാത്രമേ പങ്കെടുക്കൂ. 100 വയസുള്ള പെലെയുടെ മാതാവായിരിക്കും അവസാനമായി അന്ത്യാജ്ഞലി അര്‍പ്പിക്കുക. പെലെയുടെ ആദര സൂചകമായി ദേശീയദുഃഖാചരണം ബ്രസീല്‍ സര്‍ക്കാര്‍ ഏഴു ദിവസമാക്കിയിട്ടുണ്ട്. നേരത്തെ മൂന്നുദിവസമാണ് പ്രഖ്യാപിച്ചത്. ലോകഫുട്‌ബോളിലെ മഹാരഥനായ പെലെ ഡിസംബര്‍ 29നാണ് അന്തരിച്ചത്. മൂന്നു ലോകകപ്പുകള്‍ നേടിയ ഏകതാരമാണ് പെലെ.