X

ഫുട്‌ബോളിനെ മറന്ന് കാലിക്കറ്റ് സര്‍വകലാശാല

തേഞ്ഞിപ്പലം: സര്‍വകലാശാലാ ക്യാമ്പസില്‍ ദേശീയ ഫുട്‌ബോള്‍ അക്കാദമി സ്ഥാപിക്കുന്നതിനും സായി പരിശീലന കേന്ദ്രം ക്യാമ്പസിലേക്ക് മാറ്റുന്നതിനുമുള്ള നിര്‍ദ്ദേശം സിന്‍ഡിക്കേറ്റ് തള്ളി. ചെയറുകള്‍ക്ക് കെട്ടിടം നിര്‍മിക്കുന്നതിന് മാനദണ്ഡങ്ങള്‍ രൂപീകരിക്കാന്‍ കെ.വിശ്വനാഥ് കണ്‍വീനറായി സമിതി രൂപീകരിച്ചു.

സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം സനാതന ധര്‍മപീഠത്തിന് സമര്‍പ്പിച്ച പ്ലാനും എസ്റ്റിമേറ്റും പരിഗണിക്കാനും വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
മറ്റു തീരുമാനങ്ങള്‍: യൂണിവേഴ്‌സിറ്റി എംപ്ലോയീസ് ഫോറം നടത്തിയ അനധികൃത നിര്‍മാണത്തെക്കുറിച്ച് സംഘടനാ പ്രസിഡന്റിനും സെക്രട്ടറിക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. ഇത് സംബന്ധിച്ച് സ്റ്റാഫ് സ്ഥിരം സമിതി നടപടിയെടുക്കും. കൈതപ്പൊയില്‍ ലിസ കോളജിന് അഡീഷണല്‍ ഭാഷയായി ഫ്രഞ്ച് അനുവദിച്ചു. വിദൂര വിദ്യാഭ്യാസം യു.ജി പരീക്ഷകളുടെ സൂപ്പര്‍വിഷന് അഡീഷണല്‍ ചീഫ് സൂപ്രണ്ടുമാരെ നിയമിക്കുന്ന കാര്യം പരീക്ഷാ സ്ഥിരം സമിതി പരിഗണിക്കും.
സര്‍വകലാശാലാ സ്ഥലത്തെ കൈയ്യേറ്റം ഒഴിപ്പിക്കുന്നത് സംബന്ധിച്ച ഡോ.ടി.പി.അഹമ്മദ് കമ്മറ്റിയുടെ റിപ്പോര്‍ട്ട് അംഗീകരിച്ചു. ഇക്കാര്യത്തില്‍ മാസ്റ്റര്‍ പ്ലാനുണ്ടാക്കാന്‍ കെ.കെ.ഹനീഫ കണ്‍വീനറായി സമിതി രൂപീകരിച്ചു. 2016 ജനുവരി 31 ന് പ്രസിദ്ധീകരിച്ച അസി. റാങ്ക് ലിസ്റ്റിന്റെ കാലാവധി സംബന്ധിച്ച് സര്‍ക്കാരിന്റെ അഭിപ്രായം തേടും.

പി.എസ്.സിയുടെ അഡൈ്വസ് ലിസ്റ്റില്‍ ഉള്‍പ്പെട്ട 20 പേര്‍ക്ക് അസിസ്റ്റന്റുമാരായി നിയമനം നല്‍കും. എന്‍.സി.എ സീറ്റുകള്‍ ഒഴിച്ചിടും. ഈ വേക്കന്‍സികളില്‍ നിയമനത്തിനായി പ്രത്യേക വിജ്ഞാപനം നടത്തണമെന്ന് പി.എസ്.സിയോട് ആവശ്യപ്പെടും.
സര്‍വകലാശാലക്ക് പുതിയ ബസ് വാങ്ങാനും തീരുമാനമായി. കോടഞ്ചേരി ഗവ. കോളേജില്‍ ബി.എസ്.സി ഫിസിക്‌സിന്റെ കോംപ്ലിമെന്ററി കോഴ്‌സ് കമ്പ്യൂട്ടര്‍ സയന്‍സിന് പകരം സര്‍ക്കാര്‍ അനുമതിക്ക് വിധേയമായി അടുത്ത വര്‍ഷം മുതല്‍ കെമിസ്ട്രിയായി മാറ്റും.

സര്‍വകലാശാലാ പെന്‍ഷന്‍/കുടുംബ പെന്‍ഷന്‍കാര്‍ക്ക് ശമ്പള പരിഷ്‌കരണ കുടിശിക നല്‍കും. ദിവസ വേതനക്കാര്‍ക്കും കരാര്‍ ജീവനക്കാര്‍ക്കും വേതന വര്‍ധനവ് നല്‍കും. ഹോസ്റ്റല്‍ വികസന സമിതിയുണ്ടാക്കുന്നതിന് വൈസ് ചാന്‍സലറെ ചുമതലപ്പെടുത്തി.

30 സ്വീപ്പര്‍ തസ്തികകള്‍, 60 പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികകളായി മാറ്റിയതിനെക്കുറിച്ച് ഓഡിറ്റ് വിഭാഗം ഉന്നയിച്ച തടസ്സം സ്റ്റാഫ് സ്ഥിരം സമിതി പരിശോധിക്കും.
ഷംന തച്ചപറമ്പന്‍ (ഇക്കണോമിക്‌സ്), കെ കൃഷ്ണ പ്രഭ (ഇംഗ്ലീഷ്), എ.എം സുമ (ഹിന്ദി), വൈദേഹി ശരണ്‍ പാലിയ (ആസ്‌ട്രോ ഫിസിക്‌സ്), എന്‍.പി പ്രിയ (കെമിസ്ട്രി), പി.എല്‍ ബിജു (മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്), കെ.വിജയകുമാരി (ബോട്ടണി), സി ഹബീബ, വി.എം അബ്ദുല്‍ അസീസ്, ടി മുലൈക്കത് (അറബിക്), കെ.എന്‍ ശ്രീജ (സംസ്‌കൃതം), കെ റുഖ്‌സാന, അഭിലാഷ് പീറ്റര്‍, ധന്യ ബാലന്‍ (സുവോളജി), കെ പ്രജിഷ (കൊമേഴ്‌സ്), പി.ആര്‍ ഷിതോര്‍ (ഹിസ്റ്ററി), ടി മുഹമ്മദ് നസീമുദ്ദീന്‍ (എഡ്യുക്കേഷന്‍) എന്നിവര്‍ക്ക് പി.എച്ച്.ഡി അനുവദിച്ചു.

chandrika: