X

അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ തെരഞ്ഞെടുപ്പ് അസാധു; പ്രഫുല്‍ പട്ടേലിന് കോടതി ആഘാതം

ന്യൂഡല്‍ഹി: ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിച്ച ഫിഫ അണ്ടര്‍ 17 ലോകകപ്പിന് വിജയകരമായി നേതൃത്വം വഹിച്ച അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ തലവന്‍ പ്രഫുല്‍ പട്ടേലിന് കനത്ത ആഘാതമായി ഡല്‍ഹി ഹൈക്കോടതി വിധി. ഒരു വര്‍ഷം മുമ്പ് പട്ടേല്‍ തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ദേശീയ സ്‌പോര്‍ട്‌സ് നയത്തിന്റെ അടിസ്ഥാനത്തിലായിരുന്നില്ല തെരഞ്ഞെടുപ്പെന്നും അതിനാല്‍ പട്ടേലിന്റെ വിജയം അംഗീകരിക്കാനാവില്ലെന്നുമാണ് ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയത്. അഡ്വ. രാഹുല്‍ മെഹ്‌റ നല്‍കിയ പരാതിയിലാണ് കോടതി നടപടി. അടുത്ത അഞ്ച് മാസത്തിനകം ദേശീയ സ്‌പോര്‍ട്‌സ് നയം മാനദണ്ഡമാക്കി പുതിയ തെരഞ്ഞെടുപ്പ് നടത്താനും കോടതി നിര്‍ദ്ദേശിച്ചു.

തുടര്‍ച്ചയായി മൂന്നാം തവണ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ തലവനായി പട്ടേല്‍ തെരഞ്ഞെടുക്കപ്പെട്ടത് കഴിഞ്ഞ ഡിസംബറിലാണ്. നാല് വര്‍ഷത്തേക്കായിരുന്നു തെരഞ്ഞെടുപ്പ്. ജസ്റ്റിസ് എസ്.രവീന്ദ്ര ഭട്ട്, നജ്മി വാസിരി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്.വൈ ഖുറൈഷിയെ കോടതി നിയോഗിക്കുകയും ചെയ്തു. മഹാരാഷ്ട്രക്കാരനായ പട്ടേല്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനെ നയിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. പ്രിയരജ്ഞന്‍ ദാസ് മുന്‍ഷി സ്ഥാനമൊഴിഞ്ഞ ശേഷമാണ് പട്ടേലിനെ തെരഞ്ഞെടുത്തത്. കാര്യമായ എതിര്‍പ്പില്ലാതെയാണ് കഴിഞ്ഞ പത്ത് വര്‍ഷവും അദ്ദേഹം ഭരണം നടത്തിയത്.

വിനയായത് ജനപ്രതിനിധി പദവി

പ്രഫുല്‍ പട്ടേലിന് തിരിച്ചടിയായത് ദേശീയ സ്‌പോര്‍ട്‌സ് നയത്തിലെ വിഖ്യാതമായ നിര്‍ദ്ദേശങ്ങള്‍. മന്ത്രിമാരോ, പാര്‍ലമെന്റ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളോ, ഉന്നത ഉദ്യോഗസ്ഥരോ ഒരു കായിക സംഘനയുടെയും തലപ്പത്ത് വരരുതെന്ന് ദേശീയ സ്‌പോര്‍ട്‌സ് നയത്തിന്റെ കരടില്‍ വ്യക്തമാക്കുന്നുണ്ട്. കായിക താരങ്ങള്‍ക്കും കായിക ഭരണാധികാരികള്‍ക്കും കായിക ഭരണത്തില്‍ വ്യക്തമായ അധികാരം നല്‍കുന്ന തരത്തിലായിരിക്കണം കായിക സംഘടനകളുടെ പ്രവര്‍ത്തനമെന്നും കരടില്‍ നിര്‍ദ്ദേശമുണ്ട്. മഹാരാഷ്ട്രയില്‍ നിന്നുമുള്ള പാര്‍ലമെന്റ് അംഗമാണ് എന്‍.സി.പി നേതാവായ പട്ടേല്‍. പാര്‍ലമെന്റ് അംഗമായ ഒരാള്‍ ഉന്നത ഫുട്‌ബോള്‍ പദവിയില്‍ ഇരിക്കുന്നതിനെതിരെ നല്‍കിയ പരാതിയിലാണ് കോടതി ഇടപ്പെട്ടത്. ഇന്ത്യന്‍ ക്രിക്കറ്റ് ഭരണം സുതാര്യമാക്കാന്‍ സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് ലോധ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങളുടെ പാതയിലാണ് സ്‌പോര്‍ട്‌സ് നയം വരുന്നത്. ലോധ കമ്മിറ്റി ശിപാര്‍ശകളില്‍ പ്രധാനം മന്ത്രിമാര്‍, മറ്റ് ഭരണാധികാരികള്‍ എന്നിവര്‍ക്ക് കായിക ഭരണ നേതൃത്വത്തില്‍ സ്ഥാനമില്ല എന്നതാണ്.

chandrika: