കോവിഡിനുശേഷം സംസ്ഥാനം വലിയൊരു മഹാമാരിയിലേക്ക് കൂടി പോകുന്നുവെന്ന ഭീതിയിലാണിപ്പോള്‍. ഭക്ഷണത്തിലെ മായങ്ങളും ചീഞ്ഞ ഭക്ഷണവുമാണ് ഇതിന് കാരണം. ഭക്ഷണത്തില്‍ അമിതമായി പെരുകുന്ന ബാക്ടീരിയകള്‍ ഷിഗല്ല പോലെ വയറിളക്ക രോഗങ്ങളിലേക്ക് മനുഷ്യശരീരത്തെ വലിച്ചുകൊണ്ടുപോകുകയും മരണംവരെ എത്തിക്കുന്നുവെന്നുമാണ് മനസ്സിലാകുന്നത്. കാസര്‍കോട് പതിനാറുകാരി കടയിലെ ഷവര്‍മ എന്ന വെട്ടിറച്ചി കഴിച്ച് മരണപ്പെട്ടതാണ് ഇതില്‍ ഞെട്ടിപ്പിക്കുന്ന ഘടകം. മുപ്പതോളംപേര്‍ ആശുപത്രിയിലുമായി. ഇതേതുടര്‍ന്ന് വൈകിയാണെങ്കിലും സംസ്ഥാനത്തെ ഹോട്ടലുകളിലും ഇതര ഭക്ഷണ-പഴച്ചാറ് വില്‍പന കേന്ദ്രങ്ങളിലും കര്‍ശനപരിശോധന നടന്നുവരികയാണ്. എന്നാല്‍ ഇതിനിടയില്‍ വ്യാപകമായി ഉയര്‍ന്നുവരുന്ന പരാതി ഈ പരിശോധനകളും മിന്നല്‍ റെയ്ഡുകളുമെല്ലാം പ്രഹസനമാണോ എന്നതാണ്. നേരത്തെക്കൂട്ടി അറിയിച്ച് നടത്തുന്ന ഇത്തരം റെയ്ഡുകള്‍കൊണ്ട് തല്‍കാലത്തേക്കുള്ള പരിഹാരമേ ആകുന്നുള്ളൂവെന്ന ആവലാതിക്കും ആശങ്കക്കും അടിസ്ഥാനമുണ്ടുതാനും. സംസ്ഥാനത്ത് അര ലക്ഷത്തിലധികം പേരാണ് കോവിഡ് മഹാമാരിമൂലം കഴിഞ്ഞ മൂന്നു കൊല്ലത്തിനിടെ മരണപ്പെട്ടത്. ഇതുതന്നെ പലതും പിന്നീട് കൂട്ടിച്ചേര്‍ത്ത മരണങ്ങളായിരുന്നു. രാജ്യത്ത് അരക്കോടിയോളം (47.7 ലക്ഷം) കോവിഡ് അനുബന്ധ മരണങ്ങളുണ്ടായതായാണ് ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ലോകാരോഗ്യസംഘടന വ്യക്തമാക്കിയിട്ടുള്ളത്. സര്‍ക്കാര്‍ കണക്കാകട്ടെ ഇതിന്റെ നാലിലൊന്നുമാത്രവും. സര്‍ക്കാരുകള്‍ അത് കേരളമായാലും യു.പിയായാലും കേന്ദ്രത്തിന്റേതായാലും പൗരന്മാരുടെ ജീവന് എത്ര വിലനല്‍കുന്നുവെന്നതിന് മികച്ച തെളിവാണിത്. ഇതിനെതിരെ പൗരാവകാശ പ്രവര്‍ത്തകര്‍ വലിയതോതില്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയപ്പോള്‍ ലോകാരോഗ്യ സംഘടനയെതന്നെയും വിമര്‍ശിക്കുകയും തെറ്റായ കണക്കുകള്‍ അവതരിപ്പിക്കുന്ന തിരക്കിലുമാണ് കേന്ദ്രത്തിലെ മോദി സര്‍ക്കാര്‍. അവര്‍ക്ക് കോവിഡ് മൂലം മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സുപ്രീംകോടതി നിര്‍ദേശിച്ച നഷ്ടപരിഹാര തുക പോലും ഇതുവരെയും കൊടുത്തുതീര്‍ക്കാനായിട്ടില്ല. അതിനിടയിലാണ് പുതിയ രോഗങ്ങള്‍ രാജ്യത്ത് പടര്‍ന്നുകൊണ്ടിരിക്കുന്നത്.
ഷിഗല്ല ബാക്ടീരിയ ബാധിച്ചാല്‍ എത്രയും പെട്ടെന്നാണ്മരണം സംഭവിക്കുകയെന്നാണ് ശാസ്ത്രലോകം പറയുന്നത്. കാസര്‍കോട്ടെ പെണ്‍കുട്ടിയുടെ കാര്യത്തില്‍ ആശുപത്രിയില്‍ ഭക്ഷ്യവിഷബാധയേറ്റ് കിടന്നെങ്കിലും 24 മണിക്കൂറിനുള്ളിലാണ് ഷിഗല്ല കണ്ടെത്തിയതും മരണത്തിലെത്തിയതും. ഷിഗല്ലോസിസ് ബാക്ടീരിയ എത്രകണ്ട് ഭീകരമാണ് കോവിഡിനേക്കാള്‍ എന്നിത് തെളിയിക്കുന്നു. എന്തിനേറെ നിപ്പ പോലുള്ള ഗുരുതര രോഗത്തിന് തുല്യമായ 25 ശതമാനമാണ് ഷിഗല്ലയുടെയും മരണതോത്. ഇത് വ്യക്തമാക്കുന്നത് രാജ്യത്തും സംസ്ഥാനത്തും ഭക്ഷണത്തിന്റെ പരിശുദ്ധി കര്‍ശനമായി പാലിക്കുമെന്ന് ഉറപ്പുവരുത്തേണ്ട ആവശ്യകതയിലേക്കാണ്. സംസ്ഥാനത്തെ ഒരു നഗരവും രാജ്യത്തെ 200 വൃത്തിയുള്ള നഗരങ്ങളുടെ ഗണത്തില്‍പെടുന്നിലെന്നതുതന്നെ നാം കേരളീയരുടെ മിഥ്യാബോധത്തെ വെളിപ്പെടുത്തുന്നു. കഴിഞ്ഞ ദിവസം ആരംഭിച്ച ഹോട്ടലുകളിലെയും മറ്റും പരിശോധന എത്രദിവസത്തേക്കാണെന്ന് വ്യക്തമല്ല. മതിയായ ഭക്ഷ്യസുരക്ഷാഉദ്യോസ്ഥരുടെ അഭാവമാണ് ഇത്തരമൊരവസ്ഥയിലേക്ക് നാടിനെ കൊണ്ടെത്തിച്ചത്. വീടുകളില്‍ അവരവരുടെ പറമ്പുകളില്‍ വിളയിക്കുന്ന പച്ചക്കറികള്‍ ഉപയോഗിച്ച് ഭക്ഷണം ഉണ്ടാക്കിക്കഴിച്ചിരുന്ന മലയാളിയുടെ കുടുംബങ്ങള്‍ ഇന്ന് അറേബ്യന്‍ ഭക്ഷണങ്ങളുടെ പിന്നാലെ പരക്കംപായുകയാണ്. അവിടുത്തെ ഭക്ഷണരീതിയും പാചകവും അതത് കാലാവസ്ഥക്ക് അനുയോജ്യവും കര്‍ശന പരിശോധനകള്‍ക്കും സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ക്കും വിധേയവുമായിരിക്കെ മാര്‍ക്കറ്റില്‍ ലഭ്യമായ വില കുറഞ്ഞതും മായം കലര്‍ന്നതുമായ ഭക്ഷ്യ എണ്ണയും മറ്റ് അസംസ്‌കൃത വസ്തുക്കളും ഉപയോഗിച്ചുണ്ടാക്കുന്ന കേരളത്തിലെ ഭക്ഷണ പദാര്‍ഥങ്ങള്‍ക്ക് ഗുണനിലവാരം ഉണ്ടാകാതെ പോയതില്‍ അത്ഭുതത്തിന് ഇടമില്ല. ഇതിനകം 200 ഓളം ഭക്ഷ്യകടകളില്‍ പരിശോധന നടത്തിയതായും 200 കിലോയോളം ഇറച്ചിയും 6000 കിലോയിലധികം മല്‍സ്യവിഭവങ്ങള്‍ നശിപ്പിച്ചതായുമാണ് സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം. കാസര്‍കോട്ടെ ദാരുണ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ആരംഭിച്ച റെയ്ഡുകള്‍ ഇവിടംകൊണ്ട് നിന്നുകൂടാ എന്ന് സൂചിപ്പിക്കുന്നതാണ് ഇപ്പോഴും പിടിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കേടായ ഭക്ഷണങ്ങള്‍. സാമ്പിളുകള്‍ പിടിച്ചാലെടുത്താല്‍ അവ പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്താനാവശ്യമായ സംവിധാനങ്ങളുടെ അപര്യാപ്തതയും പ്രശ്‌നം വഷളാക്കുന്നുണ്ട്. വടക്കന്‍ ജില്ലകള്‍ക്ക് മാത്രമായി ആകെയുള്ളത് കോഴിക്കോട്ടെ ഏകപരിശോധനാലാബ് മാത്രമാണെന്നതും അവിടെയാകെയുള്ളത് ഒരേയൊരു ഉദ്യോഗസ്ഥ മാത്രമാണെന്നതും നമ്മുടെ ആരോഗ്യ സംവിധാനങ്ങളുടെ നിലവാരം വ്യക്തമാക്കുന്നു. വരാനിരിക്കുന്നത് മഴക്കാലമാണെന്നും അതിനകം നാടും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും ഉപദേശിക്കേണ്ട ചുമതല തദ്ദേശ സ്ഥാപനങ്ങളും പൊതുപ്രവര്‍ത്തകരും സര്‍ക്കാരും ഉടന്‍ ഏറ്റെടുക്കണം. വണ്ടി പോയിട്ട് കൈകാട്ടിയിട്ട് കാര്യമില്ലല്ലോ.