ഭക്ഷ്യവിഷബാധയേറ്റ് പൊതുജനം പിടഞ്ഞു വീഴുമ്പോഴും സര്‍ക്കാര്‍ സംവിധാനങ്ങള്‍ നോക്കു കുത്തി. മൂന്നര കോടി ജനങ്ങള്‍ വസിക്കുന്ന കേരളത്തില്‍ വെറും മൂന്നു റീജണല്‍ ലാബുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ചീഞ്ഞളിഞ്ഞ മത്സ്യവും മാംസവും അതിര്‍ത്തി കടന്നെത്തുമ്പോള്‍ അവയുടെ പരിശോധനക്കും കാര്യമായ ഒരു സംവിധാനവുമില്ലെന്നതാണ് വസ്തുത.
മതിയായ സുരക്ഷാ സംവിധാനങ്ങളൊരുക്കുന്ന കാര്യത്തിലും ജില്ലകളില്‍ ജീവനക്കാരെ നിയമിക്കുന്ന കാര്യത്തിലുമുള്ള സര്‍ക്കാരിന്റെ പിടിപ്പുകേടിനെതിരെ പ്രതിഷേധം ശക്തമാണ്. ഒരു കോടി ജനത്തിന് ഒരു ലാബെന്ന വസ്തുത ഞെട്ടിപ്പിക്കുന്നതാണ്. ഭക്ഷ്യ ഉല്‍പന്നങ്ങള്‍, പഴം, പച്ചക്കറി തുടങ്ങിയ സാമ്പിളുകള്‍ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്‌സ് ആക്ട് 2006 അനുസരിച്ച് പരിശോധിക്കുന്നതിന് സംസ്ഥനത്ത് കാര്യമായ സംവിധാനങ്ങളില്ലെന്ന് ഇതോടെ വ്യക്തമാകും. 1955ല്‍ നിലവില്‍ വന്ന മായം ചേര്‍ക്കല്‍ നിരോധന നിയമം -1954 അനുസരിച്ച് സംസ്ഥാനത്ത് 3 ലാബുകളാണ് പ്രവര്‍ത്തിക്കുന്നതെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. 1957ല്‍ തിരുവനന്തപുരത്ത് ആരംഭിച്ച ഗവ. അനലിസ്റ്റ് ലാബ്, 1975 ല്‍ എറണാകുളത്തും കോഴിക്കോടും ആരംഭിച്ച റീജണല്‍ അനലിറ്റിക്കല്‍ ലാബ് എന്നിവ മാത്രമാണ് നിലവിലുള്ളത്. പത്തനംതിട്ടയില്‍ ഒരു ജില്ലാ ഭക്ഷ്യ സുരക്ഷാ ലാബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ശബരിമല വഴിപാട് സാധനങ്ങള്‍ മാത്രമാണ് ഇവിടെ പരിശോധിക്കുന്നത്.
അന്യസംസ്ഥാനങ്ങളില്‍ നിന്നും ഏറ്റവും കൂടുതല്‍ ഭക്ഷ്യ വസ്തുക്കളെത്തുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. പഴം, പച്ചക്കറി, മാംസം, മത്സ്യം തുടങ്ങിയ ഉല്‍പന്നങ്ങളാണ് ഇതില്‍ പ്രധാനം. 19 ചെക്ക് പോസ്റ്റുകള്‍ നിലവില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുന്നുണ്ട്. എന്നാല്‍ ഇവക്കെല്ലാമായി മൂന്നു മൊബൈല്‍ പരിശോധന ലാബുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഈ ലാബുകളിലൊന്നും ഉല്‍പന്നങ്ങളില്‍ കീടനാശിനികളുടെ അംശം കണ്ടെത്തുന്നതിന് സംവിധാനവുമില്ല. ഭക്ഷ്യവിഷബാധയേറ്റ് ആളുകള്‍ മരിക്കുന്ന സമയത്ത് മാത്രമാണ് കേരളത്തില്‍ ഭക്ഷ്യ സുരക്ഷ സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നത്.
കഴിഞ്ഞ ദിവസം ശവര്‍മ കഴിച്ച് വിദ്യാര്‍ഥിനി മരിച്ചതിനെ തുടര്‍ന്നാണ് നിലവില്‍ പരിശോധന ശക്തമാക്കിയത്. 2012ല്‍ സമാനമായ സംഭവം തിരുവനന്തപുരത്ത് നടന്നപ്പോഴും പരിശോധന മാത്രമാണ് നടന്നിരുന്നത്. സര്‍ക്കാര്‍ സംവിധാനം ഒരുക്കുന്ന കാര്യത്തില്‍ പിറകോട്ടു പോയി. സംസ്ഥാനത്താകെ 39 സര്‍ക്കിളുകളില്‍ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരുടെ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. ഭക്ഷണത്തിനു പോലും സുരക്ഷയില്ലാതെ ജനം വലയുമ്പോള്‍ സര്‍ക്കാര്‍ നോക്കു കുത്തിയായി തുടരുകയാണ്.