തിരുവനന്തപുരം:സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് പ്രധാനാധ്യാപകൻ്റെ പേരിൽ ഭക്ഷ്യസുരക്ഷാ ലൈസൻസ് എടുക്കണമെന്ന ഫുഡ് ആൻഡ് സേഫ്റ്റി വകുപ്പിന്റെ നിർദ്ദേശം അപ്രായോഗികമാണെന്ന് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ.
ഈ ലൈസൻസ് എടുക്കുന്നതിൽ വീഴ്ച വരുത്തിയാൽ പ്രധാനാധ്യാപകർ,
പാചക ത്തൊഴിലാളികൾ തുടങ്ങിയവർക്ക് പിഴ ഉൾപ്പെടെയുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ വിവിധ ജില്ലകളിലെ സ്കൂളുകളിൽ എത്തി നോട്ടീസ് നൽകുന്നത് പതിവായി.
സംസ്ഥാനത്തെ പന്ത്രണ്ടായിരത്തിൽ പരം വിദ്യാലയങ്ങളിൽ നടക്കുന്ന പദ്ധതി കച്ചവട സംവിധാനത്തിന്റെ സ്വഭാവത്തിൽ അല്ല നടത്തപ്പെടുന്നത്. അതിനാൽ ഹോട്ടൽ ആൻ്റ് റസ്റ്റോറൻറ് ആക്ട്/ റൂൾസിന്റെ പരിധിയിൽ ഉൾപ്പെടുത്തേണ്ടതില്ല. മാവേലിസ്റ്റോർ വഴി കേന്ദ്രസർക്കാർ നൽകുന്ന അരിയും ഇതര സർക്കാർ ഏജൻസികളിൽ നിന്നും ലഭിക്കുന്ന പച്ചക്കറികളും പലവ്യഞ്ജനങ്ങളും പാചക വാതകവും ആണ് ഉപയോഗിക്കുന്നത്. സ്കൂളുകളിൽ എത്തിച്ചേരുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം പ്രധാനാധ്യാപകന്റെ മാത്രം ബാധ്യതയായി കാണരുത്.
പദ്ധതി നടത്താൻ നിലവിൽ ലഭ്യമായതുക മതിയാകാത്ത സാഹചര്യത്തിൽ പ്രധാനാധ്യാപകർക്ക് കൂടുതൽ മാനസിക സമ്മർദ്ദവും ചെലവും ഉണ്ടാക്കുന്ന ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ നടപടികൾ ഈ പദ്ധതി തടസ്സപ്പെടുത്തുന്നതിന് മാത്രമേ ഉതകുകയുള്ളൂ. വിവിധ ജില്ലകളിലെ കളക്ടർമാർ നിർബന്ധമായും ഭക്ഷ്യ സുരക്ഷാ ലൈസൻസ് എടുക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.
താനൂർ സബ് ജില്ലയിലെ ഒരു സ്കൂളിൽ ഭക്ഷ്യ സുരക്ഷാ ലൈസൻസ് ഇല്ലാത്തതിനാൽ അഞ്ച്ലക്ഷം രൂപ പിഴ ചുമത്തി പാചക ത്തൊഴിലാളിക്ക് നോട്ടീസ് നൽകി.
കെ.പി.പി.എച്ച്.എ. മുമ്പ് നൽകിയ നിവേദനത്തിന് മറുപടിയായി ഇതു സംബന്ധിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുത്തിട്ടില്ല എന്നും വകുപ്പുതല നിർദ്ദേശമോ ഉത്തരവോ ഉണ്ടാകുന്നതുവരെ ലൈസൻസ് എടുക്കേണ്ടതില്ല എന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിന് പ്രധാനാധ്യാപകൻ്റെ പേരിൽ ലൈസൻസ് വേണമെന്നതടക്കമുള്ള അപ്രായോഗിക നിർദ്ദേശങ്ങൾ പിൻവലിക്കണമെന്ന് കെ.പി.പി.എച്ച്.എ. സംസ്ഥാന ജനറൽ സെക്രട്ടറി ജി.സുനിൽകുമാർ, പ്രസിഡൻ്റ് പി. കൃഷ്ണപ്രസാദ് എന്നിവർ ആവശ്യപ്പെട്ടു.