X
    Categories: kerala

അപകടസാധ്യതയേറിയ ഭക്ഷ്യവസ്തുക്കളുടെ വിഭാഗത്തില്‍ ‘കുപ്പിവെള്ളം’ ഉള്‍പ്പെടുത്തി ഭക്ഷ്യസുരക്ഷാ വകുപ്പ്

ന്യൂഡല്‍ഹി: കുപ്പിവെള്ളത്തെ അപകടസാധ്യതയേറിയ ഭക്ഷ്യവസ്തുക്കളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ). ഉപഭോക്താക്കളുടെ സുരക്ഷിതത്വം മുന്‍നിര്‍ത്തിയാണ് നടപടി സ്വീകരിച്ചത്. കുപ്പിവെള്ളത്തിന് ബി.ഐ.എസ് സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധമാണെന്ന വ്യവസ്ഥ ഒക്ടോബറില്‍ കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കിയതിന് പിന്നാലെയാണ് ഹൈ റിസ്‌ക് ഭക്ഷ്യവസ്തുക്കളുടെ വിഭാഗത്തില്‍ കുപ്പിവെള്ളത്തെ ഉള്‍പ്പെടുത്തിയത്.

ഇതിലൂടെ കുപ്പിവെള്ള ഉല്‍പാദന കേന്ദ്രങ്ങളില്‍ ഇനി കൃത്യമായ പരിശോധനകള്‍, ഓഡിറ്റുകള്‍ എന്നിവ ആവശ്യമാകും. ലൈസന്‍സ് ലഭിക്കാന്‍ കര്‍ശന പരിശോധനകളും മാനദണ്ഡങ്ങളുമുണ്ടാകും. ഉയര്‍ന്ന മലിനീകരണതോതിനും മോശമായ രീതിയിലുള്ള സംഭരണത്തിനും പാക്കേജിങ്ങിനും അലക്ഷ്യമായി കൈകാര്യം ചെയ്യാനും സാധ്യതയുള്ള ഉല്‍പന്നങ്ങളെയാണ് ഹൈ റിസ്‌ക് ഭക്ഷണ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുക.

കുപ്പിവെള്ളത്തിന് പുറമെ പച്ച മാംസം, മത്സ്യം, പാല്‍ ഉത്പ്പന്നങ്ങള്‍, കട്ട് ചെയ്ത് വെച്ച പഴങ്ങളും പച്ചക്കറികളും, റെഡി-ടു-ഈറ്റ് ഫുഡ്‌സ്, സലാഡുകള്‍, പാകം ചെയ്തുവെച്ച ഭക്ഷണങ്ങള്‍, മധുരപലഹാരങ്ങള്‍ ജ്യൂസുകള്‍, ശീതളപാനീയങ്ങള്‍ എന്നിങ്ങനെ നിരവധി ഭക്ഷണപദാര്‍ഥങ്ങളും ഹൈ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും മിനറല്‍ വാട്ടറുകളുടെ ഗുണനിലവാരം നിലനിര്‍ത്തുന്നതിനുമാണ് പുതിയ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചതെന്ന് എഫ്.എസ്.എസ്.എ.ഐ പറയുന്നു. കര്‍ശനമായ നിയന്ത്രണങ്ങളും വാര്‍ഷിക പരിശോധനകളും നിര്‍ബന്ധമാക്കാനും അതോറിറ്റി തീരുമാനിച്ചിട്ടുണ്ട്.

webdesk17: