കേരളത്തില്‍ ഭക്ഷ്യവിഷബാധയും തുടര്‍ന്നുള്ള മരണങ്ങളും ചൂടാറാത്ത വാര്‍ത്തകളാവുകയാണ്. പട്ടിണി മരണങ്ങളെക്കാള്‍ വയറു നിറച്ചതിന്റെ പേരിലുള്ള മരണങ്ങളാണ്. ആറ് ദിവസത്തിനിടെ ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രണ്ടു മരണങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ട്. ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷം മാത്രമേ മരണകാരണം അന്തിമമായി സ്ഥിരീകരിക്കാനാകൂ എങ്കിലും ഭക്ഷ്യ വിഷബാധയെന്ന യാഥാര്‍ത്ഥ്യത്തെ നിഷേധിക്കാനാവില്ല. അവശനിലയില്‍ അനേകം പേര്‍ ആശുപത്രിയില്‍ എത്തിക്കൊണ്ടിരിക്കുന്നു. പത്തനംതിട്ടയിലെ ഒരു സ്‌കൂളില്‍ ചിക്കന്‍ ബിരിയാണി കഴിച്ച് കുട്ടികളും അധ്യാപകരും അവശരായത് ദുരന്ത പരമ്പരയില്‍ അവസാനത്തേതാണ്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം പരിശോധന നടക്കുന്നുവെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോള്‍ തന്നെയാണ് ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നതും. ഭക്ഷണം ഔഷധത്തിന് പകരം വിഷമാണെന്ന് തിരിത്തുവായിക്കാന്‍ കേരളീയര്‍ നിര്‍ബന്ധിതരാവുകയാണ്.
ഭക്ഷ്യദുരന്തങ്ങള്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. വീടുകളില്‍ ഭക്ഷണം പാകം ചെയ്യുന്നത് നിര്‍ത്തി ഫാസ്റ്റ്ഫുഡിനോടൊപ്പം സഞ്ചരിച്ചു തുടങ്ങിയതു മുതല്‍ ഭക്ഷ്യവിഷബാധ മലയാളിയോടൊപ്പമുണ്ട്. കാസര്‍കോട് ഷവര്‍മ കഴിച്ച് വിദ്യാര്‍ത്ഥി മരിച്ചതും കോഴിക്കോട് ഉപ്പിലിട്ടത് കഴിച്ച കുട്ടിക്ക് വായ പൊള്ളിയതും സമീപ കാലത്താണ്. കോട്ടയത്ത് ആരോഗ്യവകുപ്പ് ജീവനക്കാരി മരണത്തിന് കീഴടങ്ങി. ഇടുക്കിയില്‍ ഷവര്‍മ കഴിച്ച് ഒരു കുടുംബത്തിലെ മൂന്നുപേര്‍ ആശുപത്രിയിലാണ്. ധൈര്യത്തോടെ വിശ്വസിച്ച് ഒന്നും ഭക്ഷിക്കാന്‍ പറ്റാത്ത അപകട സ്ഥിതിയിലേക്ക് സംസ്ഥാനം മാറിയിരിക്കുന്നു. തട്ടുകടകള്‍ മുതല്‍ ഫൈഫ് സ്റ്റാര്‍ ഹോട്ടലുകള്‍ വരെ ചതിക്കുഴികള്‍ നിറഞ്ഞതാണ്. വിചിത്ര പേരുകള്‍ നല്‍കി, വര്‍ണം പൂശി ഭക്ഷണമെന്ന പേരില്‍ ഉരുട്ടിയുണ്ടാക്കുന്ന സാധനങ്ങള്‍ വന്‍തുക കൊടുത്ത് ആര്‍ത്തിയോടെ വിഴുങ്ങുന്നതിന്റെ തിക്തഫലമാണ് നാമിപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
ഇന്ന് നല്ല ഭക്ഷണത്തിന്റെ മാനദണ്ഡം സ്വാദും മണവും നിറവും മാത്രമാണ്. പണം കൊടുത്ത് വാങ്ങുന്നത് പക്ഷെ, വിഷമാണോ എന്ന് ഒരുവട്ടമെങ്കിലും ആലോചിക്കുന്നവര്‍ ചുരുക്കമായിരിക്കും. കുറച്ചു കാലമായി മലയാളിയുടെ അടുപ്പില്‍ തീ പുകയുന്നത് കുറഞ്ഞിട്ടുണ്ട്. മൂന്നുനേരവും ആഹാരം പുറത്തുനിന്ന് കഴിക്കാനാവുമോ എന്ന് ചിന്തിക്കുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു. കുടുംബാംഗങ്ങളെ കാറില്‍ കൊണ്ടുവന്ന് ഹോട്ടല്‍ മുറിയിലേക്ക് തള്ളുന്നത് ആഢ്യത്വത്തിന്റെ ലക്ഷണമായാണ് പലരും കാണുന്നത്. ആഴ്ചയില്‍ ഒരിക്കലെങ്കിലും ഭക്ഷണം പുറത്തുനിന്നാകണമെന്ന് നിര്‍ബന്ധ ബുദ്ധിയും ആഴത്തില്‍ വേരോടുന്നുണ്ട്.
എല്ലാം ഓണ്‍ലൈനില്‍ കിട്ടുമ്പോള്‍ എന്തിന് വെറുതെ അങ്ങാടിയില്‍ തെണ്ടാന്‍ പോകണമെന്ന ആലോചനയും ശക്തം. മടിയന്മാരെ കാത്ത് ഹോട്ടലുകളും കച്ചവടം ഓണ്‍ലൈനിലേക്ക് മാറ്റിയിട്ടുണ്ട്. അടിമുടി മാറിക്കൊണ്ടിരിക്കുന്ന ഭക്ഷ്യസംസ്‌കാര, ശീലങ്ങള്‍ പണം വാരാനുള്ള ചാകരയാകുമ്പോള്‍ ബിസിനസുകാരും ആ വഴിക്കാണ് ചിന്തിക്കുന്നത്. വിശക്കുന്ന വയറുകളിലേക്ക് ഏത് വിഷം തള്ളിക്കൊടുത്തായാലും പണം വാരണമെന്ന സ്വാര്‍ത്ഥ വിചാരം വിപണിയിലും സജീവമാണ്. ഭരണകൂടങ്ങള്‍ ഉറക്കംനടിക്കുക കൂടി ചെയ്യുമ്പോള്‍ ദുരന്തം പൂര്‍ണമായി. ഇപ്പോള്‍ നടക്കുന്ന പരിശോധനകളും നടപടികളുമൊന്നും ശാശ്വത പരിഹാരമുണ്ടാക്കുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. അവഗണിക്കാനാവാത്ത ചില അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ ആളുകളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രങ്ങള്‍ മാത്രമാണ് ഇവയെല്ലാമെന്ന് നാളിതുവരെയുള്ള അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
കാലങ്ങളായി മനുഷ്യനെ ഇഞ്ചിഞ്ചായി കൊല്ലുന്ന ഭക്ഷണരീതിയാണ് നാം പിന്തുടര്‍ന്നുപോരുന്നത്. പച്ചക്കറികളും പഴങ്ങളും മത്സ്യവും മാംസവുമെല്ലാം വിഷത്തില്‍ മുക്കിയെടുത്താണ് നമുക്ക് മുന്നില്‍ എത്തുന്നതെന്ന യാഥാര്‍ത്ഥ്യത്തിന് കയ്പ്പുണ്ടെങ്കിലും ഉള്‍ക്കൊണ്ടേ തീരൂ. ഓപ്പറേഷന്‍ മത്സ്യയുടെ ഊഭാഗമായി രാസവസ്തുക്കള്‍ അടങ്ങിയതും പഴകിയതുമായ ആയിരക്കണക്കിന് കിലോ മത്സമാണ് സംസ്ഥാനത്ത് പിടികൂടിയത്. അതോടെ പരിശോധനയും നടപടിയുമെല്ലാം അവസാനിച്ചു. തുടര്‍ ദിവസങ്ങളില്‍ എത്തുന്നതും വിഷ പദാര്‍ത്ഥങ്ങള്‍ ചേര്‍ത്ത മത്സ്യങ്ങള്‍ തന്നെയാണ്. പച്ചക്കറിയുടെ സ്ഥിതിയും വ്യത്യസ്തമല്ല. കൃഷിയുടെ ആരംഭം മുതല്‍ സംസ്‌കരണം വരെ രാസപദാര്‍ത്ഥങ്ങളാണ് പഴ, പച്ചക്കറികളെ പിന്തുടരുന്നത്. കാടിളക്കിയുള്ള ഒറ്റപ്പെട്ട പരിശോധനകള്‍ ഫലം ചെയ്യില്ലെന്ന് വ്യക്തം. മനുഷ്യന്റെ ആരോഗ്യത്തിന് മുന്‍തൂക്കം നല്‍കുന്ന രീതിയിലേക്ക് ഭക്ഷ്യമേഖല വളരേണ്ടതുണ്ട്. ഇക്കാര്യത്തില്‍ സമ്പന്ന രാജ്യങ്ങളെ ഇന്ത്യ മാതൃകയാക്കേണ്ടതുണ്ട്. അന്താരാഷ്ട്ര നിലവാരത്തില്‍ പഴുതടച്ച ഭക്ഷ്യസുരക്ഷാ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്യാതെ ഭക്ഷ്യദുരന്തങ്ങള്‍ക്ക് അറുതിയുണ്ടാകില്ല.