X

തിരുവനന്തപുരത്ത് ഭക്ഷ്യവിഷബാധ; 91വിദ്യാര്‍ഥികള്‍ ആസ്പത്രിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം തോന്നയ്ക്കല്‍ എല്‍.പി. സ്‌കൂളിലെ 91 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. വിദ്യാര്‍ഥികളെ മെഡിക്കല്‍ കോളജ് എസ്.എ.ടി. ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വ്യാഴാഴ്ച കടുത്ത പനിയും വയറിളക്കവും തലകറക്കവും അനുഭവപ്പെട്ടതോടെയാണ് കുട്ടികളെ ആസ്പത്രിയില്‍ എത്തിച്ചത്. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ആസ്പത്രിയില്‍ പ്രത്യേക വാര്‍ഡും തുറന്നിട്ടുണ്ട്. ആരുടേയും നില ഗുരുതരമല്ലെന്ന് ആസ്പത്രി അധികൃതര്‍ അറിയിച്ചു.

തലേന്നാള്‍ കഴിച്ച ഭക്ഷണത്തില്‍ നിന്നോ അല്ലെങ്കില്‍ ഉച്ചഭക്ഷണത്തില്‍ നിന്നോ ഭക്ഷ്യവിഷബാധയേറ്റിരിക്കാമെന്നാണ് പൊലീസ് നിഗമനം. കുട്ടികളെല്ലാവരും വീട്ടില്‍ പോയതിനുശേഷമാണ് പനിയും ഛര്‍ദ്ദിയും വയറിളക്കവും ഉണ്ടാകുന്നത്. അസ്വസ്ഥത അനുഭവപ്പെട്ട കുട്ടികളെ ഉടന്‍ തന്നെ ആസ്പത്രിയിലെത്തിക്കുകയായിരുന്നു. കുട്ടികള്‍ക്കെല്ലാവര്‍ക്കും ഒരുമിച്ച് ശാരീരിക അസ്വസ്ഥകള്‍ ഉടലെടുത്തത് രക്ഷിതാക്കളെ ആശങ്കപ്പെടുത്തി. കുട്ടികളുടെ ആരോഗ്യസ്ഥിതിയില്‍ പേടിക്കാനില്ലെന്ന് ആസ്പത്രി സന്ദര്‍ശിച്ച വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു. സൂപ്രണ്ടുമായി സംസാരിച്ചുവെന്നും അടിയന്തര സാഹചര്യത്തില്‍ ചെയ്യാനുള്ളതെല്ലാം സജ്ജീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ എല്ലാ ചികിത്സയും ലഭ്യമാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ഡെപ്യൂട്ടി സ്പീക്കറും സ്ഥലം എം.എല്‍എയുമായ വി. ശശിയും ആസ്പത്രി സന്ദര്‍ശിച്ചു.

chandrika: