റായ്പൂര്‍: ജലസംഭരണിയില്‍ വീണ ഫുഡ് ഇന്‍സ്‌പെക്ടറുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ അടിച്ചൊഴിവാക്കിയത് 41000 ഘനമീറ്റര്‍ വെള്ളം. ഛത്തിസ്ഗഢിലെ കാങ്കര്‍ ജില്ലയിലാണ് സംഭവം. കോലിബേഡ ബ്ലോക്കിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജേഷ് ബിശ്വാസിന്റെ 96000 രൂപ വിലയുള്ള സാംസങ് ഗാലക്‌സി എസ് 23 മൊബൈല്‍ ഫോണാണ് 15 അടി വെള്ളമുള്ള ജലസംഭരണിയില്‍ വീണത്. ഒഴിവ് ദിവസം ആസ്വദിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. ഗ്രാമവാസികളും മുങ്ങല്‍ വിദഗ്ധരും ശ്രമിച്ചെങ്കിലും വീണ്ടെടുക്കാനായില്ല. ഇതോടെ ജലസേചന വകുപ്പിനെ അറിയിച്ചു. അതിപ്രധാനമായ പല രേഖകളും ഉള്ളതിനാല്‍ എന്ത് വില കൊലകൊടുത്തും ഫോണ്‍ വീണ്ടെടുക്കണമെന്നായിരുന്നു ബിശ്വാസിന്റെ ആവശ്യം.
പിന്നീട് അഞ്ചടി വെള്ളം ഒഴിവാക്കാന്‍ അധികൃതര്‍ അനുമതി നല്‍കി. ആദ്യ ദിവസം 21 ലക്ഷം ലിറ്റര്‍ വെള്ളമാണ് പമ്പ് സെറ്റ് ഉപയോഗിച്ച് ഒഴിവാക്കിയത്. 3 ദിവസത്തെ പരിശ്രത്തിനൊടുവില്‍ ഫോണ്‍ വീണ്ടെടുത്തെങ്കിലും പ്രവര്‍ത്തനരഹിതമായിരുന്നു. 8000 രൂപയോളമാണ് വെള്ളം അടിച്ചൊഴിവാക്കാന്‍ ചെലവിട്ടത്.
സംഭവം വിവാദമായതോടെ ജലസേചന ആവശ്യത്തിന് ഉപയോഗിക്കാന്‍ പറ്റാത്ത മലിനജലമാണ് ഒഴിവാക്കിയതെന്ന വിശദീകരണവുമായി ഇയാള്‍ രംഗത്തെത്തി. ജലസേചന വകുപ്പിന്റെ അനുമതി തേടിയെന്നും കര്‍ഷകരെ ഒരു തരത്തിലും ബാധിക്കില്ലെന്നും ബിശ്വാസ് പറഞ്ഞു.
അതേസമയം, അഞ്ചടി വെള്ളം ഒഴിവാക്കാനാണ് വാക്കാല്‍ അനുമതി നല്‍കിയതെന്നും എന്നാല്‍ പത്തടിയിലധികം അടിച്ചൊഴിവാക്കിയെന്നും ജലസേചന വകുപ്പ് ഡെപ്യൂട്ടി ഓഫിസര്‍ രാംലാല്‍ ദിവാര്‍ പ്രതികരിച്ചു. സംഭവം പുറത്തുവന്നതോടെ വിശ്വാസിനെ ജോലിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യാന്‍ ജില്ല കലക്ടര്‍ ഉത്തരവിട്ടു.