X

എല്ലാവര്‍ക്കും ഭക്ഷണം; ജയ് ശ്രീറാം വിളിക്കാത്തതിന് മുസ്‌ലിം സ്ത്രീക്ക് ഭക്ഷണം നിഷേധിച്ച അതേസ്ഥലത്ത് ഭക്ഷണം വിളമ്പി മറുപടി

മുംബൈ: ജയ് ശ്രീറാം വിളിക്കാന്‍ തയാറാകാത്തതിന് മുസ്‌ലിം യുവതിക്ക് ആശുപത്രിക്ക് മുന്നിലെ സൗജന്യ ഭക്ഷണം നിഷേധിച്ചതിന് മാസ്സ് മറുപടി. കഴിഞ്ഞദിവസം മുംബൈയിലെ പ്രശസ്തമായ ടാറ്റ ആശുപത്രിക്കു മുന്നില്‍വച്ചാണ് ഹിജാബ് ധരിച്ച സ്ത്രീക്ക് ജയ് ശ്രീറാം വിളിക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ഭക്ഷണം നിഷേധിച്ചത്. എന്നാല്‍ ഇതേ ആശുപത്രിക്ക് മുന്നില്‍വച്ച് മുംബൈ ബ്രദര്‍ഹുഡ് ഫൗണ്ടേഷന്‍ എന്ന ബാനറിലാണ് എല്ലാവര്‍ക്കും ഭക്ഷണം കൊടുത്തത്.

ഇവിടെനിന്ന് ഭക്ഷണം കിട്ടാന്‍ അല്ലാഹു അക്ബര്‍ എന്നോ മറ്റോ ഒരു മതപരമായ മുദ്രാവാക്യവും വിളിക്കേണ്ടെന്നും ഭക്ഷണംചോദിച്ചെത്തുന്ന ആര്‍ക്കും അതുലഭിക്കുമെന്നും സംഘാടകര്‍ പറഞ്ഞു. യാതൊരു വിവേചനവും നേരിടാതെ നിരവധി പേര്‍ ഭക്ഷണം വാങ്ങി സന്തോഷത്തോടെ പോകുന്നതിന്റെ വിഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

കഴിഞ്ഞദിവസമാണ് ഭക്ഷണം തേടിയെത്തിയ മുസ്ലിം സ്ത്രീയോട് മതപരമായ മുദ്രാവാക്യം വിളിക്കാന്‍ സംഘാടകര്‍ ആവശ്യപ്പെട്ടത്. ഭക്ഷണത്തിനായി ആളുകള്‍ക്കിടയില്‍ വരിനില്‍ക്കുന്ന ഹിജാബ് ധരിച്ച് നില്‍ക്കുന്ന യുവതിയോട് ഭക്ഷണം വിതരണം ചെയ്യുന്ന പ്രായമായൊരാള്‍ മാറി നില്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഭക്ഷണം വേണമെങ്കില്‍ ജയ് ശ്രീറാം വിളിക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. യുവതി അതിന് തയാറാവാതിരുന്നതോടെ, ജയ് ശ്രീറാം വിളിച്ചില്ലെങ്കില്‍ ഭക്ഷണവും തരില്ലെന്ന് ഇയാള്‍ പറയുകയായിരുന്നു. രാമന്‍ എന്ന് വിളിക്കാത്തവര്‍ ഭക്ഷണത്തിനായി വരി നില്‍ക്കരുതെന്ന് പറഞ്ഞ ഇയാള്‍, യുവതിയോട് സ്ഥലംവിടാനും ഇല്ലെങ്കില്‍ ചവിട്ടുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയുംചെയ്തു. സംഭവം വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.

സംഭവത്തില്‍ പൊലിസിന് പരാതി ലഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെ വിതരണക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ തയാറായിട്ടില്ല.

webdesk14: