ഫാസ്റ്റ് ഫുഡ് സംസ്‌കാരം തഴച്ചുവളരുന്നതോടൊപ്പം കേരളത്തിലെ ഭക്ഷ്യമേഖല ഒട്ടും സുരക്ഷിതമല്ലാതായിരിക്കുകയാണ്. കാസര്‍കോട് ഷവര്‍മ കഴിച്ച് വിദ്യാര്‍ഥി മരിക്കുകയും ഒട്ടേറെപ്പേര്‍ക്ക് അസുഖം ബാധിക്കുകയും ചെയ്ത സംഭവം പൊതുസമൂഹത്തില്‍ ഏറെ ഞെട്ടലുളവാക്കിയിട്ടുണ്ട്. തട്ടുകടകള്‍ മുതല്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ വരെ, വിശക്കുന്നവനു മുന്നിലേക്ക് വിളമ്പിവെക്കുന്നത് വിഷാംശമടങ്ങിയ ആഹാര സാധനങ്ങളാണെന്നാണ് സമീപ കാല അനുഭവങ്ങള്‍ തെളിയിക്കുന്നത്. കോഴിക്കോട് ബീച്ചില്‍ ഉപ്പിലിട്ടത് കഴിക്കവെ വിദ്യാര്‍ഥികള്‍ക്ക് വായ പൊള്ളിയ വാര്‍ത്തക്ക് അധികം പഴക്കമില്ല. അതിന്റെ ചൂടാറും മുമ്പാണ് കാസര്‍കോട് ഭക്ഷ്യവിഷബാധയേറ്റ് ദേവനന്ദയെന്ന പെണ്‍കുട്ടി മരണമടഞ്ഞത്. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഹൈക്കോടതി സ്വമേധയാ കേസെടുത്തിരിക്കുകയും ചെയ്തിരിക്കുന്നു. അതോടൊപ്പം കോടതി ഉന്നയിച്ച ചോദ്യങ്ങളും സംശയങ്ങളും സാധാരണക്കാരനായ മലയാളിയുടെ മനസ്സില്‍ പലവട്ടം മുളപൊട്ടിയതാണ്. അത്തരം ആശങ്കകള്‍ക്ക് അധികാരികള്‍ കണ്ണും കാതും കൊടുക്കാറില്ല. ഇതൊക്കെ ആരോട് പറയാനെന്ന പതിവ് മട്ടില്‍ ജനം നിരാശയിലേക്ക് ഉള്‍വലിയുകയാണ് പതിവ്.
നിത്യോപയോഗ പച്ചക്കറികളും പഴങ്ങളും മത്സ്യവും മാംസവുമെല്ലാം വിഷത്തില്‍ കുത്തിയാണ് മലയാളിയുടെ തീന്‍മേശയില്‍ എത്തുന്നത്. ഭക്ഷ്യവസ്തുക്കളുടെ സംസ്‌കരണത്തിലും പാചകത്തിലും സൂക്ഷ്മത ഒട്ടും പാലിക്കപ്പെടുന്നില്ലെന്നത് അംഗീകൃത സത്യമാണ്. സമീപ കാലത്ത് നടന്ന ഹോട്ടല്‍ പരിശോധനകളില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വസ്തുതകളാണ്. അനാരോഗ്യകരമായ പാചക രീതികള്‍ മാത്രമല്ല, ആഴ്ചകളും മാസങ്ങളും പഴക്കമുള്ള ഭക്ഷ്യവസ്തുക്കളാണ് ഫ്രിഡ്ജില്‍ സൂക്ഷിച്ച് ആവശ്യക്കാര്‍ക്ക് നല്‍കുന്നത്. സംസ്ഥാനത്ത് ചെറിയ തോതിലെങ്കിലും ഭക്ഷ്യവിഷബാധ ഏല്‍ക്കാത്തവര്‍ ഉണ്ടാകില്ല. അസുഖം മൂലമോ മറ്റേതെങ്കിലും കാരണം കൊണ്ടോ ചത്ത കോഴിയുടെ ‘സുനാമി ഇറച്ചി’ പിടികൂടിയ സംഭവങ്ങള്‍ നിരവധിയുണ്ട്. ഇങ്ങനെ പൂട്ടിച്ച ഭക്ഷ്യശാലകള്‍ ദിവസങ്ങള്‍ക്കുശേഷം തുറന്നു പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. മായം കലര്‍ന്ന മീനിന്റെ വരവ് തടയാന്‍ തുടങ്ങിയ ‘ഓപറേഷന്‍ മത്സ്യ’യുടെ ഭാഗമായി പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ ആയിരക്കണക്കിന് കിലോ മത്സ്യമാണ് പിടിച്ചെടുത്തത്. മത്സ്യത്തിന്റെ ലഭ്യത കുറയുകയും ആവശ്യക്കാര്‍ കൂടുകയും ചെയ്തതോടെ രാസവസ്തുക്കള്‍ ചേര്‍ത്ത് കേടുവരാതെ സൂക്ഷിക്കുന്ന പ്രവണത വര്‍ധിച്ചിട്ടുണ്ട്. ഇതൊന്നും തടയാന്‍ ഒറ്റപ്പെട്ട പരിശോധനകളും ബഹളങ്ങളും ഫലം ചെയ്യില്ല. അന്താരാഷ്ട്ര നിലവാരത്തിലേക്ക് സുരക്ഷാനടപടികള്‍ ഉയരേണ്ടതുണ്ട്.
പൊതുജനങ്ങളുടെ ആരോഗ്യവും ജീവനും അപകടപ്പെടുത്തുന്നവിധം ഭക്ഷ്യമേഖല ഇത്രമാത്രം വിഷമയമായതിന്റെ പൂര്‍ണ ഉത്തരവാദിത്തം സര്‍ക്കാരിന് മാത്രമാണ്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ ഇന്ത്യയില്‍ നിയമങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കും കുറവൊന്നുമില്ല. അവ നടപ്പാക്കുന്നിടത്താണ് പാളിച്ചകള്‍ സംഭവിക്കുന്നത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കെടുകാര്യസ്ഥതയുടെ ദുരന്തഫലമാണ് കേരളം ഇപ്പോള്‍ അനുഭവിക്കുന്നത്. പരിശോധനകള്‍ നടക്കാറുള്ളത് അപകടങ്ങള്‍ വാര്‍ത്തയാകുമ്പോള്‍ മാത്രമാണ്. ചില വന്‍കിട ഹോട്ടലുകള്‍ ചെറുകിടക്കാരോട് പ്രതികാരം തീര്‍ക്കാനുള്ള അവസരങ്ങളായും ഇത്തരം പരിശോധനകളെ ദുരുപയോഗം ചെയ്യാറുണ്ട്. ആര്‍ക്കും എപ്പോഴും എവിടെയും തട്ടിക്കൂട്ടാവുന്ന സ്ഥിതിയിലേക്ക് ഭക്ഷ്യമേഖല അധ:പതിച്ചിരിക്കുകയാണ്. ശാസ്ത്രീയവും നിയമങ്ങള്‍ പാലിച്ചും പ്രവര്‍ത്തിക്കുന്ന അനേകം പേരുണ്ടെന്ന വസ്തുത വിസ്മരിക്കുന്നില്ല. എന്നാല്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തുന്നവര്‍ക്ക് പറ്റിയ സാഹചര്യമാണ് കേരളത്തിലുള്ളത്. ഭക്ഷ്യപരിശോധനകള്‍ ഹോട്ടലുകളിലും മത്സ്യമാര്‍ക്കറ്റുകളിലും മാത്രമായി ചുരുക്കാതെ കൂടുതല്‍ വിപുലമാക്കേണ്ടതുണ്ട്. ഷവര്‍മ ദുരന്തത്തിന്റെ ഭാഗമായി നടത്തിയ പരിശോധനക്കിടയില്‍ കണ്ടെത്തിയ കുബ്ബൂസിന്റെ പാക്കറ്റുകളില്‍ കാലാവധി സൂചിപ്പിക്കുന്ന തിയതിയോ ലേബലോ ഉണ്ടായിരുന്നില്ല. ഉപഭോക്താവിന് ഏത് വിഷവും ഉരുട്ടിക്കൊടുക്കാന്‍ ബിസിനസ് മേഖലയിലുള്ളവര്‍ ധൈര്യപ്പെടുന്നത് അധികൃതരുടെ ജാഗ്രതക്കുറവ് കൊണ്ടാണ്. ബിസിനസ് ലാഭകരമാക്കുന്നതിന്റെ ഭാഗമായി അന്യസംസ്ഥാന തൊഴിലാളികളെ കുറഞ്ഞ കൂലിക്ക് ജോലിക്ക് വെക്കുകയും പാചകത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് ചിന്തിക്കാതിരിക്കുകയും ചെയ്യുന്നത് പ്രത്യാഘാതങ്ങളുണ്ടാക്കും. പഴയ ഭക്ഷ്യ സംസ്‌കാരത്തിലേക്ക് മലയാളി മടങ്ങുക കൂടി ചെയ്യണമെന്ന ഓരോ ദുരന്ത വാര്‍ത്തകളും നമ്മെ ഓര്‍മിപ്പിക്കുന്നത്. പാശ്ചാത്യ മാതൃകയില്‍ ഫാസ്റ്റ് ഫുഡിന്റെ പിന്നാലെ ഓടുന്നത് ചൂഷണ സാധ്യകളും അപകടങ്ങളും വര്‍ധിപ്പിക്കുമെന്ന തിരിച്ചറിവ് നല്ലതാണ്.