X

ആറ് മാസമായി റേഷന്‍ വാങ്ങാത്ത മഞ്ഞ കാര്‍ഡ് ഉടമകളുടെ വീടുകളില്‍ പരിശോധന നടത്താന്‍ ഭക്ഷ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ആറ് മാസമായി റേഷന്‍ വിഹിതം വാങ്ങാത്ത മഞ്ഞ കാര്‍ഡ് ഉടമകളുടെ വീടുകളില്‍ പരിശോധന നടത്താന്‍ ഭക്ഷ്യപൊതുവിതരണ വകുപ്പ് തീരുമാനം. റേഷന്‍ വിഹിതം വാങ്ങാത്ത 11,590 മഞ്ഞ കാര്‍ഡ് ഉടമകളുടെ വീടുകളിലാണ് പരിശോധന. താലൂക്ക് റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരാണ് പരിശോധന നടത്തുക. അനര്‍ഹമായാണോ മഞ്ഞ കാര്‍ഡ് കൈവശം വച്ചിരിക്കുന്നതെന്ന് കണ്ടെത്താനാണ് പരിശോധന നടത്തുന്നതെന്ന് ഭഷ്യ മന്ത്രി ജി അനില്‍ പറഞ്ഞു.

അന്ത്യോദയ അന്നയോജന കാര്‍ഡുകള്‍ക്ക് മാസം 30 കിലോ അരി, മൂന്ന് കിലോ ഗോതമ്പ് എന്നിവ സൗജന്യമായും 2 കിലോ ആട്ട സൗജന്യ നിരക്കിലും ലഭിക്കുന്നുണ്ട്. 21 രൂപയ്ക്ക് ഒരു കിലോ പഞ്ചസാരയും ഈ കാര്‍ഡിന് ലഭിക്കും. എന്നാല്‍ ഒരു അംഗം മാത്രമുള്ള 7790 മഞ്ഞ കാര്‍ഡ് ഉടമകളുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നതെന്നും ഇവര്‍ നാല് മാസമായി റേഷന്‍ വിഹിതം വാങ്ങുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഇത്ര വിലക്കുറവിലും സൗജന്യമായും സാധനങ്ങള്‍ ലഭിക്കുമെന്നിരിന്നിട്ടും അവ വാങ്ങാത്തതാണ് സംശയത്തിന് കാരണം. മൂന്നു മാസം തുടര്‍ച്ചയായി റേഷന്‍ വാങ്ങാതിരുന്ന മഞ്ഞ, പിങ്ക് കാര്‍ഡ് ഉടമകളെ കഴിഞ്ഞ ജൂലൈയില്‍ സര്‍ക്കാര്‍ ലിസ്റ്റില്‍ നിന്ന് നീക്കിയിരുന്നു. 59,035 കാര്‍ഡുകളാണ് നീക്കിയത്. നീല കാര്‍ഡുകാരെ വെള്ള കാര്‍ഡിലേക്കും മാറ്റിയിരുന്നു. 4265 പേരെയാണ് ഇത്തരത്തില്‍ മാറ്റിയത്.

 

 

webdesk14: