X
    Categories: Newsworld

ശ്രീലങ്കയില്‍ ഭക്ഷ്യ പ്രതിസന്ധി രൂക്ഷം

കൊളംബോ: കടുത്ത ഭക്ഷ്യ പ്രതിസന്ധി നേരിടുന്ന ശ്രീലങ്ക വലിയ ദുരന്തത്തിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. സാമ്പത്തികമായ തകര്‍ന്ന രാജ്യം വലിയ ഭക്ഷ്യക്ഷാമമാണ് നേരിടുന്നതെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി. പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയാണ് കരുതല്‍ വേണമെന്ന് ട്വിറ്ററില്‍ നിര്‍ദ്ദേശം നല്‍കിയത്. ആവശ്യത്തിന് ഭക്ഷ്യ വസ്തുക്കള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ ജനങ്ങള്‍ പൊതുനിരത്തുകളില്‍ അലയുകയാണ്. ആവശ്യമായ ഇന്ധനവും രാജ്യത്ത് ഇല്ലാത്ത സാഹചര്യമാണ്. കടുത്ത ഭക്ഷ്യക്ഷാമം പലരെയും മരണമുഖത്തേക്ക് തള്ളിയിടുകയാണ്.

അതേ സമയം വിളവെടുപ്പ് വര്‍ധിപ്പിക്കുന്നതിനായി അടുത്ത നടീല്‍ സീസണിലേക്ക് ആവശ്യമായ വളം വാങ്ങുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. എല്ലാ രാസവളങ്ങളും നിരോധിക്കാന്‍ തീരുമാനിച്ച ഗോതബയ രാജപക്‌സെയുടെ തീരുമാനം രാജ്യത്ത് വിളവ് ഗണ്യമായി വെട്ടിക്കുറച്ചെന്നാണ് പറയുന്നത്. സാഹചര്യം കണ്ടറിഞ്ഞ് ജനങ്ങള്‍ സഹകരിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെ രാഷ്ട്രീയ പ്രതിസന്ധിയും നേരിട്ട ശ്രീലങ്കയില്‍ സര്‍ക്കാര്‍ വിരുദ്ധ കലാപവും ശക്തമായിരുന്നു. മുന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗയെ തിരിച്ചുവിളിച്ചെങ്കിലും ജനരോഷം പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും എങ്ങനെ കരകയറുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്.

Chandrika Web: