കൊച്ചി: തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെയും ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തിന്റെയും ഇടയിലായി രൂപം കൊണ്ട ഫോനി ചുഴലിക്കാറ്റ് കഴിഞ്ഞ ആറു മണിക്കൂറില്‍ കൂടുതല്‍ ശക്തി പ്രാപിച്ചതായും കേരളം ഫോനി ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തില്‍ ഇല്ലെന്നും കാലാവസ്ഥ നിരീക്ഷ കേന്ദ്രം. എന്നാല്‍ കേരളത്തിലെ ചില ജില്ലകളില്‍ ശക്തമായ കാറ്റും മഴയും ഉണ്ടായേക്കമെന്നും കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. തമിഴ്‌നാട്ടിലെ ചെന്നൈയില്‍ നിന്ന് 870 കി.മീറ്ററും ആന്ധ്രപ്രദേശിലെ മച്ചിലിപട്ടണത്തില്‍ നിന്ന് 1040 കി.മീറ്റര്‍ ദൂരത്തിലുമാണ് നിലവില്‍ ഫോനി എത്തിയിരിക്കുന്നത്.
അടുത്ത ആറു മണിക്കൂറില്‍ കൂടുതല്‍ ശക്തി പ്രാപിച്ച് തീവ്ര ചുഴലിക്കാറ്റായും തുടര്‍ന്നുള്ള 24 മണിക്കൂറില്‍ അതിതീവ്ര ചുഴലിക്കാറ്റായും ഫോനി മാറിയേക്കും. മെയ് ഒന്നു വരെ വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കുന്ന ഫോനി അതിന് ശേഷം വടക്ക് കിഴക്ക് ദിശയില്‍ മാറി സഞ്ചരിക്കുമെന്നാണ് നിഗമനം. ഇതേ തുടര്‍ന്ന് നാളെ എറണാകുളം, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഇന്ന് എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലെര്‍ട്ട് മുന്നറിയിപ്പുണ്ട്.