സര്‍ക്കാര്‍ പറയുന്ന നിയമങ്ങള്‍ പാലിക്കുന്നില്ലെങ്കില്‍ ആളുകള്‍ മുഹറത്തിന് വീട്ടിലിരിക്കണമെന്ന പ്രസ്താവനയുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുഹറത്തിന്റെ സമയത്ത് ഉത്തര്‍പ്രേദശില്‍ കര്‍ശനമായ നിയമങ്ങള്‍ നടപ്പാക്കിയിട്ടുണ്ടെന്നും അത് പാലിക്കാന്‍ കഴിയാത്തവര്‍ വീട്ടിലിരിക്കണമെന്നുമായിരുന്നു യോഗിയുടെ പ്രസ്താവന. ജൂലൈ 14 ഞായറാഴ്ച നടന്ന സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തിലാണ് യോഗിയുടെ പരാമര്‍ശം.
‘ഓര്‍ക്കുക, മുമ്പ് മുഹറം കാലത്ത് റോഡുകള്‍ ശൂന്യമായിരുന്നു. എന്നാല്‍ ഇന്ന് ആളുകള്‍ ഒരു കാര്യത്തെയും ഗൗരവമായി കാണുന്നില്ല. മുഹറം പ്രമാണിച്ചുള്ള താസിയ ചടങ്ങിന്റെ പേരില്‍ വീടുകള്‍ പൊളിച്ചു, പീപ്പിള്‍ മരങ്ങള്‍ മുറിച്ചു, റോഡിലെ കമ്പികള്‍ നീക്കം ചെയ്തു. എന്നാല്‍ ഇനി അങ്ങനെ ഒന്നും ഉണ്ടാകാന്‍ സര്‍ക്കാര്‍ അനുവദിക്കില്ല.
ഇന്ന് ഒരു പാവപ്പെട്ടവന്റെയും കുടില്‍ പൊളിക്കില്ല എന്ന് കൂടി പറയുന്നു. ഉത്സവം ആഘോഷിക്കണമെങ്കില്‍ സര്‍ക്കാര്‍ ചട്ടങ്ങള്‍ ഉണ്ടാക്കും. നിയമങ്ങള്‍ക്കനുസൃതമായി ആഘോഷിക്കൂ, അല്ലാത്തപക്ഷം വീട്ടില്‍ ഇരിക്കൂ,’ എന്നായിരുന്നു യോഗിയുടെ പ്രസ്താവന. പൊതു സുരക്ഷ ഉറപ്പാക്കാന്‍ ഉത്സവങ്ങള്‍ക്ക് ചട്ടങ്ങള്‍ രൂപീകരിക്കുന്നതിലാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിങ്ങള്‍ക്ക് ഉത്സവം ആഘോഷിക്കണമെങ്കില്‍ നിയമം പാലിക്കണമെന്നും പാലിക്കാന്‍ സാധിക്കാത്തവര്‍ വീട്ടില്‍ തന്നെ ഇരിക്കുന്നതാണ് നല്ലതെന്നും യോഗി സൂചിപ്പിച്ചു.
യു.പിയില്‍ സര്‍ക്കാര്‍ നടത്തുന്ന ഭരണങ്ങളില്‍ ജനങ്ങള്‍ സുരക്ഷിതരാണെന്നും അവര്‍ക്ക് ബി.ജെ.പിയുടെ ഭരണത്തില്‍ വിശ്വാസമുണ്ടെന്നും യോഗി പറഞ്ഞു. കഴിഞ്ഞ ദിവസം യു.പിയില്‍ മുഹറം ഘോഷയാത്രക്കിടെ ഫലസ്തീന്‍ പതാക വീശിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭദോഹി ജില്ലയില്‍ നടന്ന ഘോഷയാത്രക്കിടെയാണ് യുവാവ് ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. തുടര്‍ന്ന് ഇയാളെ ഭദോഹി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.