X

ഫോള്‍ഡ് വാടക ഗര്‍ഭപാത്രം തുണച്ചു ഇരട്ടി മധുരം വിരുന്നു വന്നു

കഥാകൃത്ത് വി.എസ് അനില്‍കുമാറും ഭാര്യ രത്‌നമ്മയും കുഞ്ഞുങ്ങളോടൊപ്പം

 

കണ്ണൂര്‍: കടിഞ്ഞൂല്‍ പ്രസവത്തില്‍ ഇരട്ടി മധുരവുമായി മലയാളത്തിന്റെ പ്രിയപ്പെട്ട കഥാ കൃത്ത് വി.എസ് അനില്‍കുമാര്‍ പിതാവായി. മൂന്നു പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിലാണ് സ്വപ്നങ്ങള്‍ പൂവണിഞ്ഞത്. കഴിഞ്ഞ ദിവസമാണ് വാടക ഗര്‍ഭ പാത്രത്തിലൂടെ വി.എസ് അനില്‍കുമാറിനും ഭാര്യ രത്‌നമ്മയ്ക്കും ഇരട്ടകുഞ്ഞുങ്ങള്‍ പിറന്നത്. കൊച്ചി ചേരനെല്ലുര്‍ സെമണ്‍ ഫെര്‍ട്ടിലിറ്റി ക്ലിനിക്കിലാണ് പ്രസവം.
1986ലാണ് ദമ്പതികള്‍ വിവാഹിതരായത്. കുട്ടികളില്ലാത്തതിനെ തുടര്‍ന്ന് കേരളത്തില്‍ പ്രധാന ആസ്പത്രികളിലെല്ലാം ചികിത്സതേടി. അലോപതിക്കു പുറമെ ഹോമിയോപ്പതിയും ആയുര്‍വേദവും മാറി മാറി പരീക്ഷിച്ചിട്ടും ഫലമില്ലാതായപ്പോള്‍ ടെസ്റ്റ്യൂബ് ശിശുവിനുള്ള ശ്രമം തുടങ്ങി. അതിലും ഫലം കാണാതായപ്പോഴാണ് വാടക ഗര്‍ഭപാത്രം തുണയായത്. നോയിഡയിലുള്ള ഏജന്‍സി വഴി മുംബൈയില്‍ നിന്നുള്ള യുവതിയാണ് ഇതിനായി തയ്യാറായത്. ഡോ: പരശുറാം ഗോപിനാഥന്റെ കീഴിലായിരുന്നു ചികിത്സ. ഒരു പെണ്‍കുഞ്ഞും ആണ്‍കുഞ്ഞുമാണ്
കടിഞ്ഞൂല്‍ പ്രസവത്തില്‍ പിറന്നത്.
31 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇരട്ടക്കുട്ടികളുടെ പിതാവായ സന്തോഷം മറച്ചുവെക്കുന്നില്ല അനില്‍കുമാര്‍. രണ്ടാഴ്ച്ചത്തെ ചികിത്സയ്ക്കു ശേഷം ചെറുകുന്നിലെ വീട്ടിലേക്കു തിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ സ്റ്റുഡന്റ് ഡീനായിരുന്ന അനില്‍കുമാര്‍ പ്രൊഫ.എം.എന്‍ വിജയന്റെ മകനാണ്. തളിപ്പറമ്പ് സര്‍സയ്യിദ് കോളജ് മലയാള വിഭാഗം മേധാവിയായിരുന്നു ഭാര്യ രത്‌നമ്മ.

chandrika: