X

കോടതിയില്‍ നാടകീയ രംഗങ്ങള്‍: കാലിത്തീറ്റ കുംഭകോണ കേസില്‍ ലാലുപ്രസാദ് യാദവിന്റെ ശിക്ഷ നാളത്തേക്ക് മാറ്റി

റാഞ്ചി: കാലിത്തീറ്റ കുംഭകോണ കേസില്‍ ലാലു പ്രസാദ് യാദവിന്റെ ശിക്ഷയുമായി ബന്ധപ്പെട്ട് കോടതിയില്‍ നാടകീയ രംഗങ്ങള്‍. കേസില്‍ ശിക്ഷ വിധിക്കുന്നത് സി.ബി.ഐ കോടതി നാളത്തേക്ക് മാറ്റി. കേസുമായി ബന്ധപ്പെട്ട അഭിഭാഷകര്‍ മാത്രമേ കോടതിമുറിക്കുള്ളില്‍ പ്രവേശിക്കാവൂയെന്ന് ജഡ്ജി ആവശ്യപ്പെട്ടു. എന്നാല്‍ ഈ നിര്‍ദേശം അംഗീകരിക്കാനാകില്ലെന്ന് അഭിഭാഷകര്‍ അറിയിക്കുകയായിരുന്നു. ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് അടക്കമുള്ളവരുടെ ശിക്ഷ റാഞ്ചിയിലെ സി.ബി.ഐ കോടതിയാണ് വിധിക്കുന്നത്.

കേസില്‍ ഇന്നലെ ശിക്ഷ വിധിക്കാനിരുന്നെങ്കിലും കോടതിയിലെ നാടകീയരംഗങ്ങള്‍ക്കൊടുവില്‍ മാറ്റിവെക്കുകയായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് ശിക്ഷയിലെ വാദം നടത്താന്‍ തീരുമാനിച്ചെങ്കിലും അഭിഭാഷകര്‍ ഹാജരാകാന്‍ വിസമ്മതിച്ചു. മരിച്ച അഭിഭാഷകന്റെ അനുശോചനയോഗം നടക്കുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു അഭിഭാഷകരുടെ നടപടി.

ലാലുവടക്കമുള്ളവര്‍ കുറ്റക്കാരാണെന്ന് കഴിഞ്ഞ 23-നാണ് കോടതി കണ്ടെത്തിയത്. 900 കോടിയിലേറെ രൂപയുടെ കാലിത്തീറ്റ കുംഭകോണ കേസില്‍ ലാലു കുറ്റക്കാരനാണെന്ന് കണ്ടെത്തിയ രണ്ടാമത്തെ കേസിലാണ് ഇന്ന് ശിക്ഷ വിധിക്കാനിരുന്നത്. ദിയോഹര്‍ ട്രഷറിയില്‍ നിന്ന് വ്യാജചെക്കുകളുപയോഗിച്ച് 85 ലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്ന കേസിലാണ് ഇന്ന് ശിക്ഷവിധിക്കുന്നത്. അഴിമതി നിരോധന നിയമം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ലാലുവിനും കൂട്ടര്‍ക്കുമെതിരെ ചുമത്തിയിട്ടുള്ളത്. 3 വര്‍ഷം മുതല്‍ 7 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവ.

chandrika: