X

അവ്‌നീ ഇനി ചരിത്രത്തിന്റെ ഭാഗം സൂപ്പര്‍ സോണിക് വിമാനം പറത്തുന്ന ആദ്യ ഇന്ത്യന്‍ വനിത

 

ന്യൂഡല്‍ഹി : അവ്‌നീ ചതുര്‍വേദിയെന്ന നാമം ഇനി ചരിത്രത്തിന്റെ ഭാഗം. സൂപ്പര്‍സോണിക് യുദ്ധവിമാനം ഒറ്റക്ക് പറത്തുന്ന ഇന്ത്യയിലെ ആദ്യത്തെ വനിതയെന്ന നേട്ടമാണ് മധ്യപ്രദേശിലെ റേവയിലെ ദേവ്‌ലോണ്ടെന്ന ഗ്രാമത്തിലെ സുന്ദരി സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യന്‍ വ്യോമസേനയില്‍ യുദ്ധവിമാനങ്ങള്‍ പറത്താന്‍ പരിശീലനം കിട്ടിയ ആദ്യത്തെ വനിതാ പൈലറ്റ് സംഘത്തിലംഗമാണ് അവ്‌നീ. ഇന്ത്യന്‍ സേനയില്‍ ഇതുവരെ പുരുഷന്മാര്‍ മാത്രം പറത്തിയ മിഗ്21 വിമാനം തിങ്കളാഴ്ച ഉച്ചയ്ക്ക് ജാംനഗര്‍ വ്യോമതാവളത്തില്‍ നിന്ന് പറത്തിയാണ് പുതുചരിത്രത്തിലേക്ക് പറന്നുയര്‍ന്നത്. അരമണിക്കൂറോളം നേരം വിമാനം പറപ്പിച്ചശേഷം അവ്‌നീ വിജയകരമായി ലാന്‍ഡ് ചെയ്തു.

യുദ്ധവിമാനം വിജയകരമായി പറത്തിയ ശേഷം പ്രതികരിച്ച അവ്‌നീ തന്റെ സ്വപ്‌നങ്ങളില്‍പ്പോലും ഇത്തരമൊരു നേട്ടമുണ്ടായിരുന്നില്ലെന്ന് പറഞ്ഞു. സേനയിലെ ഏറ്റവും മികച്ച യുദ്ധവിമാനം പറത്തുകയാണ് ലക്ഷ്യം. സീനിയേഴ്‌സില്‍നിന്നും അതിനുള്ള പാഠമാണ് ഓരോ ദിവസവും താനുള്‍ക്കൊള്ളുന്നതെന്നും അവ്‌നീ കൂട്ടിച്ചേര്‍ത്തു. യുദ്ധവിമാനങ്ങള്‍ പറത്തുന്ന മിടുക്കിയായ പൈലറ്റ് ആവുകയെന്നതാണ് തന്റെ ലക്ഷ്യമെന്ന് അവ്‌നീ നേരത്തെ വ്യക്തമാക്കിയിരുന്നു.

അവ്‌നീയുടെ നേട്ടത്തില്‍ അത്യധികം ആഹ്ലാദിക്കുന്നതായി വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ്.ധനോവ പറഞ്ഞു. വനിതാ ഓഫീസര്‍മാര്‍ക്കും സേനയില്‍ തുല്യ പങ്കാളിത്തം നല്‍കുന്ന കാര്യത്തില്‍ വ്യോമസേന പ്രതിജ്ഞാബദ്ധമാണെന്നും അതിലേക്കുള്ള വലിയൊരു ചുവടുവെയ്പ്പാണ് അവ്‌നീയിലൂടെ സഫലമായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭാവനാ കാന്ത, മോഹന സിങ് എന്നിവരാണ് അവ്‌നീക്കൊപ്പം പരിശീലനം നേടിയ സംഘത്തിലെ മറ്റുള്ളവര്‍. വരും ദിവസങ്ങളില്‍ ഇവരും അവ്‌നിയെ പോലെ വിമാനം പറത്തുമെന്ന് സേനാ അധികൃതര്‍ വ്യക്തമാക്കി.

ലാന്‍ഡിങ്ങിലും ടേക്കോഫിലും ഏറ്റവും കൂടുതല്‍ വേഗമുള്ള യുദ്ധവിമാനമാണ് മിഗ്21. പഴക്കമേറിയ ഈ സൂപ്പര്‍ സോണിക് വിമാനത്തിന് ലാന്‍ഡിങ്, ടേക്കോഫ് ഘട്ടങ്ങളില്‍ മണിക്കൂറില്‍ 340 കിലോമീറ്റര്‍ വരെ വേഗമാര്‍ജിക്കാനാവും. 2016 ജൂണിലാണ് അവ്‌നീ വ്യോമസേനയില്‍ കമ്മിഷന്‍ഡ് ഓഫീസറായി ചേര്‍ന്നത്. കൂടുതല്‍ പരിശീലനം നല്‍കിയശേഷമാകും യുദ്ധസമാനമായ സാഹചര്യങ്ങളില്‍ വിമാനം പറത്തുന്നതിനായി അവ്‌നീയെയും മറ്റും നിയോഗിക്കുക.

chandrika: